'പാന്റിട്ടോടിയാൽ കിട്ടുന്ന കള്ളനെ പിടിച്ചാൽ മതി പോലീസ്’ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 22, 2020

'പാന്റിട്ടോടിയാൽ കിട്ടുന്ന കള്ളനെ പിടിച്ചാൽ മതി പോലീസ്’

എൺപതുകളിലെ പോലീസ് യൂണിഫോം പരിഷ്കരണം. എസ്.ഐ. വരെയുള്ളവർക്ക് അന്ന് ട്രൗസറായിരുന്നു വേഷം. പൊങ്ങിനിൽക്കുന്ന അരോചകരൂപം. ട്രൗസർ മാറ്റി പാന്റാക്കണമെന്ന നിർദേശം വന്നപ്പോൾ ഉന്നത പോലീസുദ്യോഗസ്ഥനിൽനിന്നുതന്നെ എതിർപ്പുണ്ടായി. കള്ളനെ പിടിക്കാൻ ഓടുമ്പോഴും ലാത്തിച്ചാർജ് നടക്കുമ്പോഴും പാന്റിട്ടാൽ ഓടാൻ പ്രയാസമാണെന്നായിരുന്നു വാദം. അപ്പോൾ അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു- '' പാന്റിട്ടോടിയാൽ കിട്ടുന്ന കള്ളനെ പിടിച്ചാൽ മതി, പോലീസ്''. പരുക്കൻ കാക്കി യൂണിഫോമായിരുന്നു അന്ന് പോലീസിന് സൗജന്യമായി നൽകിയിരുന്നത്. നല്ല ടെറി കോട്ടൺ വേണമെന്ന ആവശ്യമുയർന്നപ്പോൾ അത്തരം വസ്ത്രങ്ങൾ കൈയിൽനിന്ന് കാശെടുത്തുവാങ്ങി ധരിക്കാം എന്ന് അദ്ദേഹം ഉത്തരവിറക്കി. മിക്ക പോലീസുദ്യോഗസ്ഥരും ടെറി കോട്ടൺ വസ്ത്രം ധരിച്ചുതുടങ്ങി. ഇന്നത്തെ ജയിൽ ഡി.ജി.പി. ഋഷിരാജ്സിങ് മാത്രം പഴയരീതിയിൽ പരുക്കൻ വസ്ത്രങ്ങൾ ധരിക്കുന്നത് തുടർന്നു; അച്ഛന്റെ കാലത്തുതന്നെ ടെറികോട്ടൺ വസ്ത്രം സൗജന്യമായി നൽകുന്നതുവരെ! ഭരണകർത്താവെന്നനിലയിൽ 'പറ്റില്ല' എന്നൊരു വാചകം അദ്ദേഹത്തിനില്ല. ഏതുവിഷയവും ഏതു കാര്യവും എങ്ങനെയാണ് ചെയ്യാൻ കഴിയുക എന്നായിരുന്നു അദ്ദേഹം ആലോചിക്കുക. കോൺഗ്രസിലും സർക്കാരിലും രൂക്ഷമായ അഭിപ്രായവ്യത്യാസമുള്ള കാലത്തായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളമൊക്കെ നടപ്പാക്കിയത്. ഗോശ്രീപദ്ധതി, അന്താരാഷ്ട്രസ്റ്റേഡിയം, രാജീവ് ഗാന്ധി മിനിസ്റ്റേഡിയം തുടങ്ങി ഒട്ടേറെ പദ്ധതികൾ വേറെയും... ഒരേയൊരു ലീഡർ; കെ. കരുണാകരന്റെ ഓർമകൾക്ക് ഇന്ന് 10 വയസ്സ് കലയെ സ്നേഹിച്ച ഹൃദയം ചിത്രകാരൻകൂടിയായ അച്ഛന് കലയോടും കലാകാരന്മാരോടും പ്രത്യേക മമതതന്നെയുണ്ടായിരുന്നു. വെറുതേയിരിക്കുമ്പോൾ ചിത്രങ്ങൾ വരയ്ക്കുന്ന ശീലം എപ്പോഴും അദ്ദേഹം തുടർന്നിരുന്നു. മലയാളസിനിമകളുടെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും മദ്രാസിൽ നടക്കുന്ന സമയം. കേരളത്തിൽ പൂർണമായും ഷൂട്ട് ചെയ്യുന്ന സിനിമയ്ക്ക് 50,000 രൂപ പ്രതിഫലം മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം 1975-ൽ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നിർദേശത്തെ സ്വാഗതംചെയ്ത നിർമാതാക്കൾ ഒരു പ്രശ്നം മുന്നോട്ടുവെച്ചു. ഷൂട്ട്ചെയ്യുന്നതിനും അനുബന്ധ ജോലികൾക്കും കേരളത്തിൽ നല്ലൊരു സ്റ്റുഡിയോ ഇല്ല. ഫിലിം കോർപ്പറേഷന്റെ കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ ആയ ചിത്രാഞ്ജലിയുടെ പിറവി അങ്ങനെയാണ്. മലയാളസിനിമ മദ്രാസിൽനിന്ന് കേരളത്തിലേക്ക് പറിച്ചുനടപ്പെട്ടത് അനുബന്ധചരിത്രം. ഫിലിം കോർപ്പറേഷന്റെ ആദ്യ എം.ഡി. ജി. വിവേകാനന്ദനും ചെയർമാൻ പി.ആർ.എസ്.പിള്ളയുമായിരുന്നു. ഒരിക്കൽ വിവേകാനന്ദൻ പറഞ്ഞു- ''തിരുവല്ലത്ത് ഒരു സ്ഥലം സ്റ്റുഡിയോക്കായി കണ്ടിട്ടുണ്ട്, നോക്കിവരാം''. മാർ ഇവാനിയോസിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണത്. തിരുവല്ലത്തെ സ്ഥലം കണ്ടപ്പോൾ മൊട്ടക്കുന്നായ ഈ സ്ഥലത്ത് അത്രയും വലിയൊരു സ്റ്റുഡിയോ ഒക്കെ വരുമോ എന്നായിരുന്നു എനിക്കുതോന്നിയത്. പക്ഷേ, വിവേകാനന്ദൻ അച്ഛനോട് വിവരംപറഞ്ഞപ്പോൾ സ്ഥലം നോക്കാൻ അദ്ദേഹം പോയി. സ്റ്റുഡിയോ നിർമാണത്തിന് പൂർണ അനുമതിയും നൽകി. അങ്ങനെയാണ് ചിത്രാഞ്ജലിയുടെ ജനനം. അവശകലാകാരന്മാരുടെ പെൻഷൻ കോഴിക്കോട്ട് ഫിലിം അവാർഡ് നൈറ്റ്. രണ്ടുദിവസംമുമ്പ് അച്ഛൻ മുതുകുളത്ത് പരിപാടിക്കുപോയി. സിനിമാതാരമായ മുതുകുളം രാഘവൻപിള്ള അവിടെയുണ്ടായിരുന്നു. മറ്റന്നാൾ അവാർഡ് നൈറ്റിന് വരില്ലേ എന്ന് അച്ഛൻ മുതുകുളത്തോട് കുശലാന്വേഷണം നടത്തി. 'ഷൂട്ടിങ്ങുള്ളതിനാൽ വരാനാവില്ല' എന്നായിരുന്നു മറുപടി. യോഗം കഴിഞ്ഞ് അച്ഛൻ കാറിലേക്ക് കയറുമ്പോൾ മുതുകുളം അടുത്തെത്തി മെല്ലെ പറഞ്ഞു. ഉണ്ടായിരുന്ന നല്ലൊരു ഷർട്ടും മുണ്ടും ഇന്ന് ധരിച്ചു. ഇനി മറ്റന്നാൾ പോകാൻ മറ്റൊന്നില്ല, അതാണ് ഷൂട്ടിങ്ങുണ്ടെന്നുപറഞ്ഞ് ഒഴിഞ്ഞത്. ഒന്നും പറയാതെ മടങ്ങിയ അച്ഛൻ 48 മണിക്കൂർ കഴിയുംമുമ്പ് കോഴിക്കോട്ടെ ഫിലിം അവാർഡ് നൈറ്റിൽ പ്രഖ്യാപിച്ചു: 'അവശകലാകാരന്മാർക്ക് സർക്കാർ പെൻഷൻ നൽകും'. മക്കൾക്ക് കോടിയെടുക്കുന്ന അച്ഛൻ മരിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ഓണവും വിഷുവുംവരെ കുടുംബാംഗങ്ങൾക്ക് നേരിട്ടുപോയി വസ്ത്രമെടുക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അദ്ദേഹംതന്നെ എൺപതുകളിൽ ഉദ്ഘാടനംചെയ്ത തിരുവനന്തപുരത്തെ ഖാദി ഷോറൂമിൽ നേരിട്ടുപോയാണിത്. മുഖ്യമന്ത്രിയായാലും പ്രതിപക്ഷനേതാവായാലും ഈ ചര്യക്ക് മാറ്റമുണ്ടായിരുന്നില്ല. പേരക്കുട്ടികൾക്കുള്ളതുവരെ അദ്ദേഹംതന്നെ തിരഞ്ഞെടുക്കും. അഭയ കേസ് ആത്മഹത്യ എന്നുപറഞ്ഞ്് പോലീസ് എഴുതിത്തള്ളിയ അഭയ കേസ് സി.ബി.ഐ.ക്കുവിട്ടത് അച്ഛനാണ്. വീട്ടുകാരുടെയും കർമസമിതിയുടെയും പരാതിപ്രകാരമായിരുന്നു അത്. അന്ന് പോലീസിന്റെ അന്വേഷണം തൃപ്തികരമല്ല എന്നുപറഞ്ഞപ്പോൾ അദ്ദേഹമത് ദുരഭിമാനമായി കരുതിയില്ല. ഇന്ന് കൊലക്കേസ് പ്രതികളെപ്പോലും രക്ഷിക്കാൻ, സി.ബി.ഐ. അന്വേഷണം നടക്കാതിരിക്കാൻ, ഡൽഹിയിൽനിന്നുവരെ അഭിഭാഷകരെ കൊണ്ടുവരികയാണ് സർക്കാർ. ശബരിമലപ്രസാദംതൊട്ടുള്ള മരണം എല്ലാ മലയാളമാസവും ഒന്നാംതീയതി ഗുരുവായൂരിൽ ദർശനം നടത്തുന്ന അച്ഛന്റെ സ്വഭാവം പ്രസിദ്ധമാണ്. മറ്റൊരു ശീലമായിരുന്നു വർഷാവർഷമുള്ള ശബരിമലദർശനം. 1992-ൽ അപകടമുണ്ടാവുന്നതുവരെ ഇതുതുടർന്നു. പിന്നീടും ഒന്നുരണ്ടു തവണ പോയെങ്കിലും പകുതിക്കുവെച്ച് ഡോളിയിൽ കയറേണ്ടിവന്നു. മറ്റുള്ളവരെക്കൊണ്ട് ചുമപ്പിച്ച്ശബരിമലദർശനം നടത്തുന്നത് ഇഷ്ടമല്ലാത്തതിനാൽ നിർത്തി. പിന്നീട് അദ്ദേഹത്തിന്റെ ഇരുമുടിക്കെട്ടുമായി ശബരിമലദർശനം നടത്താൻ നിയോഗം എനിക്കായിരുന്നു. വൃശ്ചികം കഴിഞ്ഞ് ധനുവന്നാൽ വെള്ളിയാഴ്ച മലയ്ക്കുപോയി ദീപാരാധനതൊഴുന്നതും സന്നിധാനത്ത് താമസിച്ച് പിറ്റേന്ന് ശനിയാഴ്ച കാലത്ത് അഭിഷേകംകഴിഞ്ഞ് മടങ്ങുന്നതുമായിരുന്നു(മുപ്പട്ടുവെള്ളിയും ശനിയും) ശീലം. 2010-ൽ മരിക്കുന്ന സമയത്ത് ഞാൻ ഇതിനായി ശബരിമലയ്ക്കുപോകാൻ പോകുമ്പോൾ ഡോക്ടർമാർ വിലക്കി. വെന്റിലേറ്ററിലാണ്, ഏതുസമയവും എന്തും സംഭവിക്കാം. പക്ഷേ, അന്ന് വെന്റിലേറ്ററിൽനിന്ന് മാറ്റി. വെള്ളിയാഴ്ചതന്നെ ഞാൻ ശബരിമല ദർശനം നടത്തി, ശനിയാഴ്ച അഭിഷേകംകഴിഞ്ഞ് മടങ്ങി. ആ പ്രസാദം നെറ്റിയിൽ തൊടീച്ചശേഷമായിരുന്നു അച്ഛന്റെ മരണം. Content Highlight: K muraleedharan - Remembering Leader K. Karunakaran


from mathrubhumi.latestnews.rssfeed https://ift.tt/2KMNXqU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages