പാലക്കാട്: തേങ്കുറിശ്ശിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെതിരേ കുടുംബത്തിന്റെ ആരോപണം. പ്രതികൾ നേരത്തെ ഭീഷണിപ്പെടുത്തിയപ്പോൾ പോലീസിൽ പരാതി നൽകിയിരുന്നതായും എന്നാൽ നടപടിയെടുക്കാതെ പോലീസ് ഒഴിഞ്ഞുമാറിയെന്നും കൊല്ലപ്പെട്ട അനീഷിന്റെ പിതാവ് അറുമുഖൻ ആരോപിച്ചു. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ സുരേഷ് ഡിസംബർ ഏഴാം തീയതി വീട്ടിലെത്തിയിരുന്നു. ഹരിതയെ ഭീഷണിപ്പെടുത്തിയ ഇയാളെ വീട്ടിൽനിന്ന് ഇറക്കിവിടുകയാണ് ചെയ്തത്. എന്നാൽ തന്റെ ഇളയ മകന്റെ ഫോൺ അയാൾ പിടിച്ചുവാങ്ങിക്കൊണ്ടുപോയി. കുട്ടികൾ പഠിക്കാൻ ഉപയോഗിക്കുന്ന ഫോൺ ആണെന്ന് പറഞ്ഞിട്ടും കേട്ടില്ല. പിറ്റേദിവസം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും എടുത്തില്ല. തിരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്ന് പറഞ്ഞ് പോലീസുകാർ ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്നും അറുമുഖൻ പറഞ്ഞു.അനീഷിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്നാണ് കുടുംബത്തിന്റെയും ബന്ധുക്കളുടെയും ആരോപണം. അതേസമയം, സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യയുടെ പ്രതികരണം. അനീഷിന്റേയുംഹരിതയുടേയുംകുടുംബങ്ങൾ തമ്മിൽജാതീയമായും സാമ്പത്തികമായും ഏറെ വ്യത്യാസങ്ങളുണ്ടായിരുന്നു. അനീഷിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണോ എന്നത് പ്രതികളുടെ അറസ്റ്റിന് ശേഷം വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. തേങ്കുറിശ്ശിയിലെ സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പാലക്കാട് എസ്.പി. സുജിത് ദാസും പ്രതികരിച്ചു. പോലീസിന് വീഴ്ച പറ്റിയോ എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇരുവരുടെയും വിവാഹത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഇരുകുടുംബങ്ങളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയെന്നും വ്യവസ്ഥകൾ അംഗീകരിച്ചാണ് ഇവർ പോയതെന്നും പോലീസ് പറയുന്നു. മൂന്ന് മാസം മുമ്പാണ് അനീഷും ഹരിതയും വിവാഹിതരായത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാൽ വിവാഹത്തിന് ശേഷവും ഹരിതയുടെ പിതാവിന്റെയും ബന്ധുക്കളുടെയും ഭീഷണി തുടർന്നു. ഇതിനിടെ, അനീഷിന്റെ വീട്ടിലെത്തി ഹരിതയുടെ ആധാർ കാർഡും മറ്റുരേഖകളും പിതാവ് പ്രഭുകുമാർ എടുത്തുകൊണ്ടുപോവുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് ഹരിതയുടെ പിതാവ് പ്രഭുകുമാറും സുരേഷും ചേർന്ന് അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരൻ അരുണിനൊപ്പം ബൈക്കിൽ പോവുകയായിരുന്നു അനീഷ്. ഇരുവരും ബൈക്ക് നിർത്തി കടയിൽ കയറിയപ്പോൾ മറ്റൊരു ബൈക്കിലെത്തിയ പ്രഭുകുമാറും സുരേഷും ചേർന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു. തടയാൻശ്രമിച്ച അരുണിനെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചു. വെട്ടേറ്റ അനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികളായ പ്രഭുകുമാറിനെയും സുരേഷിനെയും പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിൽനിന്നാണ് പ്രഭുകുമാറിനെ പിടികൂടിയത്. ശനിയാഴ്ച വൈകിട്ടോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസ് നൽകുന്നവിവരം. Content Highlights:palakkad honour killing family allegation against police
from mathrubhumi.latestnews.rssfeed https://ift.tt/37QgxAN
via
IFTTT
No comments:
Post a Comment