പാലക്കാട്: തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന സമയത്ത് പാലക്കാട് നഗരസഭാകെട്ടിടത്തിന് മുകളിൽ ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനർ വിരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ഐ.പി.സി. 153-ാം വകുപ്പനുസരിച്ച് വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്ന രീതിയിൽ പെരുമാറിയതിനാണ് കേസ്. പാലക്കാട് നഗരസഭാസെക്രട്ടറിയുടെ പരാതിയെത്തുടർന്നാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്തത്. നഗരസഭാമന്ദിരത്തിൽ നടന്ന സംഭവം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെയാണ് സെക്രട്ടറിയുടെ പരാതി. 16-ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. പാലക്കാട് നഗരസഭാ ഓഫീസിന്റെ മേൽത്തട്ടിൽ കയറിയ ഏതാനും പ്രവർത്തകർ പ്രകോപനപരമായി മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും ജയ് ശ്രീറാം എന്നെഴുതിയ ഫ്ലക്സ് ബോർഡും മറുഭാഗത്ത് നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ചിത്രങ്ങളടങ്ങിയ ഫ്ലക്സും ചുവരിൽ വിരിച്ചെന്നുമായിരുന്നു പരാതി. സംഭവം കണ്ട് പോലീസുകാർ ഓടിയെത്തി നഗരസഭാമന്ദിരത്തിലെ ഫ്ലക്സ് നീക്കാൻ നിർദേശം നൽകിയിരുന്നു. ഉടൻ തന്നെ പ്രവർത്തകർ ഇത് വലിച്ചെടുത്ത് മാറ്റുകയും ചെയ്തു. സംഭവം നടക്കുന്ന സമയം ഏതാനും സ്ഥാനാർഥികളും അവരുടെ കൗണ്ടിങ് ഏജന്റുമാരും മാത്രമായിരുന്നു നഗരസഭാമന്ദിരത്തിന്റെ മുകൾനിലയിലുണ്ടായിരുന്നത്. കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. സംഭവം വിവാദമായതോടെ നടപടിയാവശ്യപ്പെട്ട് കോൺഗ്രസും സി.പി.എമ്മും ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അതേസമയം, പാർട്ടിനേതൃത്വത്തിന് സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ബി.ജെ.പി. ജില്ലാപ്രസിഡന്റ് ഇ. കൃഷ്ണദാസ് പ്രതികരിച്ചു. ഈ നടപടി സമുദായസ്പർധ വളർത്തുന്നതാണെന്നാരോപിച്ച്, സർക്കാർ വക കെട്ടിടത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സർക്കാരിന്റെയും ചട്ടങ്ങൾ മറികടന്ന് പ്രവർത്തിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ പരാതി നൽകിയത്. പ്രകോപനവും കലാപവും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്നാരോപിച്ചാണ് സി.പി.എം. പരാതി നൽകിയിട്ടുള്ളത്. കുറ്റക്കാർക്കെതിരെ കർശനനടപടി വേണമെന്ന് മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ടി.കെ. നൗഷാദ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/3gYzXpV
via
IFTTT
No comments:
Post a Comment