തിരുവനന്തപുരം: കോർപ്പറേറ്റ് ഫാമിങ്ങിന് ബദലായി കോ-ഓപ്പറേറ്റീവ് ഫാമിങ് അവതരിപ്പിച്ച് കേരളബജറ്റ് കേന്ദ്രനയത്തിന് രാഷ്ട്രീയ മറുപടിയാകും. കേന്ദ്രസർക്കാരിനുനേരെ നടക്കുന്ന കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഇടതുനിലപാടിലൂന്നിയാകും ഇത്തവണത്തെ ബജറ്റ്. ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തത നേടാനുള്ള സമഗ്രകാർഷികപദ്ധതികൾക്കാണ് സർക്കാർ ഒരുങ്ങുന്നത്. സുഭിക്ഷകേരളം പദ്ധതിയുടെ വിപുലമായ തുടർച്ചയും ജലസേചനപദ്ധതികൾക്ക് സമഗ്രമായ പരിഷ്കാരവുമാണ് ബജറ്റിലുണ്ടാകുക. കാർഷികപദ്ധതികളെല്ലാം സഹകരണസംഘങ്ങൾക്ക് തുറന്നുകൊടുക്കുന്ന പരീക്ഷണമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. മൈക്രോ ഇറിഗേഷന് ആദ്യമായി പ്രത്യേക സ്കീം പ്രഖ്യാപിക്കുന്നതടക്കമുള്ള നിർദേശങ്ങളുണ്ടാകും. തൊഴിലവസരം വർധിപ്പിക്കുക, കാർഷികോത്പാദനം കൂട്ടുക, കാർഷികമേഖലയിൽ സംരംഭങ്ങൾക്ക് വഴിയൊരുക്കുക എന്നതിനായിരിക്കും ബജറ്റിലെ ഊന്നൽ. കർഷകർക്ക് പെൻഷനടക്കമുള്ള ക്ഷേമപദ്ധതികളുമുണ്ടായേക്കും. കൃഷിവകുപ്പിന്റെ പദ്ധതികളിലെല്ലാം പ്രാഥമിക കാർഷികവായ്പാ സഹകരണസംഘങ്ങൾക്കും ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകൾക്കും പങ്കാളിത്തം നൽകും. മാർക്കറ്റിങ് സംഘങ്ങളിലൂടെ കർഷകരിൽനിന്ന് വിപണിയിലേക്ക് ഉത്പന്നങ്ങളെത്തുന്ന സംവിധാനമുറപ്പാക്കും. ഭക്ഷ്യസംസ്കരണമേഖലയിൽ ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകൾ തുടങ്ങുന്നതിന് കൂടുതൽ സഹായം പ്രഖ്യാപിക്കും. ഭക്ഷ്യധാന്യങ്ങൾക്ക് മറുനാടിനെ ആശ്രയിക്കുന്ന രീതിയിൽ മാറ്റം വരേണ്ടതുണ്ടെന്ന് കോവിഡ് വ്യാപന ഘട്ടത്തിൽ കേരളത്തിന് ബോധ്യപ്പെട്ടതാണ്. ഇതിന്റെയടിസ്ഥാനത്തിൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് സുഭിക്ഷകേരളം. കൃഷി, തദ്ദേശസ്വയംഭരണം, സഹകരണം, വ്യവസായം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുടെ സംയുക്തപദ്ധതിയായാണ് സുഭിക്ഷകേരളം അവതരിപ്പിച്ചത്. തരിശുഭൂമി ഇല്ലാതാക്കി കാർഷികോത്പാദനം വർധിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കർഷകക്കൂട്ടായ്മകൾ രൂപവത്കരിച്ച് കൃഷിയിറക്കുക, ഇവർക്ക് സഹകരണസംഘങ്ങൾവഴി പണം ലഭ്യമാക്കുക, വിളവുകൂട്ടാനായി കൃഷിവകുപ്പിന്റെ സഹായം ഉറപ്പാക്കുക ഇതായിരുന്നു പദ്ധതിയുടെ രീതി. വകുപ്പുകളുടെ ഏകോപനം പൂർണമായും സാധ്യമായില്ലെങ്കിലും സഹകരണ സംഘങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നുവെന്നാണ് സുഭിക്ഷകേരളം പദ്ധതി അവലോകനംചെയ്തപ്പോൾ സർക്കാരിന് ബോധ്യപ്പെട്ടത്. 25,000 ഹെക്ടർ തരിശുഭൂമി കൃഷിയിറക്കാൻ ലക്ഷ്യമിട്ടപ്പോൾ 29,000 ഹെക്ടറിൽ വിത്തിടാനായി. അഞ്ചുമാസംകൊണ്ട് 9348 കർഷകർക്ക് കൃഷിക്ക് വായ്പാസഹായം ലഭിച്ചു. സഹകരണസംഘങ്ങൾ വായ്പ ലഭ്യമാക്കുന്നതിനൊപ്പം നേരിട്ടും കൃഷിയിലേക്കിറങ്ങി. സഹകരണപങ്കാളിത്തം ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തത നേടുകയെന്ന ലക്ഷ്യത്തിന് ഏറ്റവും ഗുണകരമാണെന്നാണ് സുഭിക്ഷകേരളം സർക്കാരിന് നൽകിയ പാഠം.
from mathrubhumi.latestnews.rssfeed https://ift.tt/3nGoOwI
via
IFTTT
No comments:
Post a Comment