കൊല്ലം: നാലരവർഷത്തെ ഭരണത്തിനിടയിൽ ഒന്നും അസാധ്യമല്ലെന്നു തെളിയിക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടെ ഒന്നും നടക്കില്ലെന്ന പഴയ ചിന്ത മാറി. പ്രകടനപത്രികയിൽ പരാമർശിച്ച കാര്യങ്ങൾ നടപ്പാക്കി. കോവിഡ് മഹാമാരികാരണമാണ് ചിലത് നടക്കാതെപോയത്. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് തുടക്കമിട്ടുകൊണ്ട് കൊല്ലത്ത് പൗരപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികനീതിയിൽ അധിഷ്ഠിതമായ, സർവതലസ്പർശിയായ വികസനമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മാലിന്യമുക്തകേരളം പദ്ധതിയിൽ ഇനിയും പലതും ചെയ്യാനുണ്ട്. പട്ടണങ്ങളിലെ മാലിന്യം കൈകാര്യംചെയ്യാൻ കേന്ദ്രീകൃതപ്ലാന്റുകൾ സ്ഥാപിക്കാനുള്ള നടപടി തുടങ്ങും. 4500 കോടിയുടെ ജീവനോപാധിപദ്ധതികൾ നടപ്പാക്കി. പൊതുവിദ്യാഭ്യാസരംഗം അഭിവൃദ്ധിപ്പെടുത്തിയതുപോലെ ഉന്നതവിദ്യാഭ്യാസരംഗത്തും പുരോഗതി കൈവരിക്കേണ്ടതുണ്ട്. കസ്തൂരിരംഗൻ റിപ്പോർട്ടുപ്രകാരമുള്ള നിയന്ത്രണങ്ങളിൽനിന്ന് ജനവാസമേഖലയെ ഒഴിവാക്കണമെന്നാണ് സർക്കാർനിലപാട്. പൊതുകക്കൂസുകൾ നിർമിക്കുന്നതിന് പന്ത്രണ്ടിനപരിപാടിയിൽ പ്രാധാന്യം നൽകും. ലൈഫ് പദ്ധതിയുടെ ഭാഗമായി രണ്ടരലക്ഷം വീടുകൾ നിർമിച്ചുനൽകിയതും ഗെയ്‌ൽ പൈപ്പ് ലൈൻ പൂർത്തിയായതും ഉൾപ്പെടെയുള്ള നേട്ടങ്ങളും മുഖ്യമന്ത്രി പരാമർശിച്ചു. ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം പ്രഭാതഭക്ഷണത്തോടെയാണ് പരിപാടി തുടങ്ങിയത്. തുടർന്നായിരുന്നു ജില്ലയിലെ സാംസ്കാരിക-സാമൂഹിക-വ്യാപാര രംഗത്തെ പ്രമുഖരുമായുള്ള കൂടിക്കാഴ്ച. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു, മറ്റു ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു. തുടർന്ന് പത്തനംതിട്ടയിലും മുഖ്യമന്ത്രി പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി.
from mathrubhumi.latestnews.rssfeed https://ift.tt/34F3Er8
via
IFTTT
No comments:
Post a Comment