ന്യൂഡൽഹി : രാജ്യത്തൊട്ടാകെ കോവിഡ്-19 വാക്സിൻ വിതരണം തുടങ്ങാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി നാലു സംസ്ഥാനങ്ങളിൽ ഇന്ന് ഡ്രൈ റൺ നടത്തും. ഭൂമിശാസ്ത്രപരമായ പ്രത്യേകത പരിഗണിച്ച് ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടത്തുക. ഓരോ സംസ്ഥാനത്തും രണ്ടുവീതം ജില്ലകളിൽ, ജില്ലാ ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രം / പ്രാഥമികാരോഗ്യ കേന്ദ്രം, നഗരമേഖല, ഗ്രാമീണമേഖല, സ്വകാര്യ ആരോഗ്യ സംവിധാനം എന്നിങ്ങനെ അഞ്ചുമേഖലതിരിച്ച് ഇതിനായി ക്രമീകരണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. ഇന്നും നാളെയുമായിട്ടാണ്ഡ്രൈ റൺ. വാക്സിൻ വിതരണസമയത്തു നടക്കുന്ന പ്രവർത്തനങ്ങളെല്ലാം രണ്ടു ദിവസങ്ങളിലായി നടത്തും. വാക്സിൻ വിതരണപ്രക്രിയയിൽ ഉണ്ടാകാവുന്ന തടസ്സങ്ങളും വിതരണകേന്ദ്രങ്ങളിൽ ഉണ്ടാകാനിടയുള്ള പാളിച്ചകളും മനസ്സിലാക്കാനും ആസൂത്രണം, നടപ്പാക്കൽ, വിശകലനം എന്നീ സംവിധാനങ്ങൾ തമ്മിലുള്ള ബന്ധം പരിശോധിക്കാനും ഇതു സഹായിക്കുമെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. വാക്സിൻ വിതരണപ്രക്രിയയിൽ പലപ്പോഴും സംഭവിക്കാറുള്ളത് മരുന്നുവിതരണ ശൃംഖലയിലെ ശീതികരണസംവിധാനങ്ങൾ പ്രവർത്തനരഹിതമാവുന്നതാണ്. വിദൂരപ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുന്നതും ആരോഗ്യപ്രവർത്തകരിൽ വിവരശേഖരണം മുതൽ ഡാറ്റ എൻട്രി വരെയുള്ള പ്രവർത്തനങ്ങളിൽ തെറ്റുസംഭവിക്കുന്നതും പതിവാണ്. ഇതൊക്കെ പരിഹരിക്കുന്നതിനാണ് ഡ്രൈ റൺ. ശീതീകരണ സംവിധാനങ്ങളുടെ പരിശോധന, വിതരണ കേന്ദ്രങ്ങളിലെത്തുന്നവരെ നിയന്ത്രിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയിലടക്കം ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കണം. രോഗപ്രതിരോധ കുത്തിവെപ്പിനിടെ ഉണ്ടാകാവുന്ന പ്രതികൂല സാഹചര്യങ്ങളെയെല്ലാം കൈകാര്യം ചെയ്യാൻ പ്രാപ്തരാവുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡ്രൈ റൺ കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് നൽകുന്നതിനുള്ള പ്രവർത്തനങ്ങളെല്ലാം വാക്സിനില്ലാതെ നടത്തുന്ന മോക്ക് ഡ്രില്ലാണ് ഡ്രൈ റൺ. വാക്സിൻ വിവിധ പ്രദേശങ്ങളിൽ എത്തിക്കുന്നതുമുതൽ ശീതികരണവും വിതരണവും വിവരങ്ങളുടെ കൈമാറ്റവും ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കും. കോവാക്സിന്റെ വിതരണത്തിനുള്ള ശൃംഖലയായ കോവിന്നിലെ വിവരശേഖരണം മുതൽ വാക്സിൻ രശീതു നൽകൽ, ആരോഗ്യപ്രവർത്തകരുടെ വിന്യാസം, വിതരണകേന്ദ്രങ്ങളിലെ മോക്ക് ഡ്രിൽ, മരുന്നുവേണ്ടവരുടെ റിപ്പോർട്ടിങ്, ആരോഗ്യപ്രവർത്തകരുടെ വൈകുന്നേരത്തെ വിലയിരുത്തൽ യോഗം വരെയുള്ളതെല്ലാം ഡ്രൈ റണ്ണിന്റെ ഭാഗമായി ഉണ്ടാകും. ഇതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 21,131 പേർക്ക് കൂടി രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 279 പേർ മരിച്ചു. രാജ്യത്ത് ഇതുവരെയായി 1.02 കോടി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2.77 ലക്ഷം പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. 97.82 ലക്ഷം പേർ രോഗമുക്തി നേടി. 1,47,901 പേർ ഇതിനോടകം കോവിഡ് ബാധിതരായി മരിച്ചു. content highlights:Two-Day Coronavirus Vaccine Dry Run Starts In Four States Today
from mathrubhumi.latestnews.rssfeed https://ift.tt/3mZTdFe
via
IFTTT
No comments:
Post a Comment