പത്തനംതിട്ട: മേക്കൊഴൂരിൽ തടിലോറി ഓട്ടോറിക്ഷയ്ക്കുമുകളിലേക്ക് മറിഞ്ഞതിനെത്തുടർന്ന് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനായത് രണ്ടര മണിക്കൂറിനുശേഷം. വീഴ്ചയിൽ ലോറിയുെട കെട്ട് അയഞ്ഞ് തടി ഓട്ടോയുടെ മുകളിലേക്കുവീണതാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണം. ഒാടിക്കൂടിയവർ ടോർച്ചും മറ്റും തെളിച്ചുനോക്കുമ്പോൾ കണ്ടത് സഹായത്തിനായി നിസ്സഹായതയോടെ നോക്കുന്ന രണ്ടുപേരെയാണ്. തടികൾ മാറ്റാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിക്കുമായിരുന്നില്ല. രണ്ടുവശത്തുനിന്ന് രണ്ട് ക്രെയിൻവെച്ച് ലോറി ഉയർത്താൻ അഗ്നിരക്ഷാസേന പലതവണ ശ്രമിച്ചപ്പോഴും ഭാരം കാരണം ഉയർന്നില്ല. തടി കെട്ടഴിഞ്ഞുവീണാലുണ്ടാകുന്ന ദുരന്തം കാരണം ഇൗ ശ്രമവും നടക്കാതെ വന്നു. ലോറി ഉയർത്താൻ ശ്രമിച്ചപ്പോഴൊക്കെ ഇതിനൊപ്പം ഒാട്ടോറിക്ഷയും നിരങ്ങി മാറിയത് ആശങ്കകൂട്ടി. ഇൗ സമയത്തെല്ലാം നാട്ടുകാരും രക്ഷാപ്രവർത്തകരും പരിക്കേറ്റ് നിസ്സഹായാവസ്ഥയിൽ കിടന്നവർക്ക് ധൈര്യമേകി. കൈകളിൽ പിടിച്ച് ആശ്വസിപ്പിച്ചു. പിന്നീട് എട്ടരയോടെ ലോറി ഉയർത്തി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ കട്ടർ ഉപയോഗിച്ച് ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.പ്രദേശത്ത് വെളിച്ചമില്ലാത്തതും കനത്ത മഴപെയ്തതതും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. അഗ്നിരക്ഷാസേനയുടെ അസ്കാ ലൈറ്റ് സ്ഥാപിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രദേശത്തുകൂടിയെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ഏറെ പണിപ്പെട്ടു. പത്തനംതിട്ടയിൽനിന്നുള്ള അഗ്നിരക്ഷാസേനയുടെ യൂണിറ്റ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടം നടന്നതോടെ പത്തനംതിട്ടയിൽനിന്ന് മേക്കൊഴൂരിലേക്കുള്ള ഗതാഗതം പോലീസ് തടഞ്ഞു. ഞെരിഞ്ഞമർന്ന് ഡ്രൈവർ മരിച്ചു പത്തനംതിട്ട:തടികയറ്റിവന്ന ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മേക്കൊഴൂരിൽ ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവർ ഉതിമൂട് മാമ്പാറവീട്ടിൽ ഷൈജു കമലാസനൻ (40) ആണ് മരിച്ചത്. ഉതിമൂട് കോഴിക്കോട്ടിൽ വീട്ടിൽ രാജേഷ്(40), കുമ്പഴ തറയിൽ വീട്ടിൽ ജയൻ(41) എന്നിവർക്കാണ് പരിക്കേറ്റത്. ലോറിക്കടിയിൽപ്പെട്ടവരെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. മേക്കൊഴൂരിൽനിന്ന് തടികയറ്റിവന്ന ലോറി പുതുവേലിപ്പടി ഇറക്കത്തിൽ എതിരേ ഓട്ടോറിക്ഷ വരുന്നതുകണ്ട് ബ്രേക്ക് ചെയ്തെങ്കിലും നിയന്ത്രണംവിട്ടു. തുടർന്ന് ഒാട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ലോറിക്കും സമീപത്തെ മതിലിനും ഇടയിൽ ഓട്ടോറിക്ഷ അമർന്നുപോയി. മുകളിലേക്ക് തടിയും വീണു. ഒാടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരേയും പുറത്തെടുക്കാനാകുമായിരുന്നില്ല. തടിയുടെ കെട്ട് അയഞ്ഞുപോയതിനാൽ അഗ്നിരക്ഷാസേനയെത്തിയിട്ടും തുടർപ്രവർത്തനങ്ങൾ ദുഷ്കരമായി. പത്തനംതിട്ടയിൽനിന്ന് രണ്ട് ക്രെയിനുകൾ എത്തിച്ച് ലോറി ഉയർത്തിനിർത്തി അഗ്നിരക്ഷാസേനയുടെ കട്ടർ ഉപയോഗിച്ച് ഓട്ടോ വെട്ടിപ്പൊളിച്ചാണ് മൂന്നുപേരെയും പുറത്തെടുത്തത്. പിൻസീറ്റിലിരുന്ന രാജേഷിനെയും ജയനെയുമാണ് ആദ്യം രക്ഷിച്ചത്. തടിക്കടിയിൽപ്പെട്ട് ഞെരിഞ്ഞുപോയ ഷൈജു കമലാസനനെ ഒടുവിലാണ് പുറത്തെടുക്കാനായത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വെളിച്ചമില്ലാത്തതും കനത്ത മഴപെയ്തതും രക്ഷാപ്രവർത്തനം വൈകാൻ കാരണമായി.
from mathrubhumi.latestnews.rssfeed https://ift.tt/3b5bIEI
via
IFTTT
No comments:
Post a Comment