ഇന്ത്യയും ചൈനയും പൊരുത്തക്കേടുകളുടെ ദശകങ്ങൾ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 24, 2021

ഇന്ത്യയും ചൈനയും പൊരുത്തക്കേടുകളുടെ ദശകങ്ങൾ

ഇന്ത്യ - ചൈന ബന്ധത്തിൽ വന്നിട്ടുള്ള പരിവർത്തനങ്ങളിൽ ഊന്നിക്കൊണ്ട്, ഏഴുപതിറ്റാണ്ട് പിന്നിട്ടിട്ടും ഇരുരാജ്യങ്ങളും എന്തുകൊണ്ട് പരസ്പരം ശത്രുക്കളായി തുടരുന്നു എന്നന്വേഷിക്കുന്ന പുസ്തകമാണ് കാന്തി ബാജ്പേയിയുടെ ഇന്ത്യ വേഴ്സസ് ചൈന. സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ ലീ ക്വാൻ യൂ സ്കൂൾ ഓഫ് പൊളിറ്റിക്കൽ സയൻസിലെ ഏഷ്യൻ സ്റ്റഡീസ് പ്രൊഫസറായ ബാജ്പേയ് തന്റെ പുസ്തകത്തിൽ നടത്തിയ പ്രധാനപ്പെട്ട നിരീക്ഷണങ്ങളിലൂടെ അതിർത്തിയിൽ സൈന്യത്തെ സമാധാനപരമായ പരിതഃസ്ഥിതിയിലേക്ക് പുനർവിന്യസിക്കുന്നതു സംബന്ധിച്ചുള്ള തർക്കം പരിഹരിക്കാൻ ഇന്ത്യയുടെയും ചൈനയുടെയും സൈനിക കമാൻഡർമാർ തമ്മിൽ നടത്തിയ 13-ാം വട്ട ചർച്ച പരാജയപ്പെട്ടിരിക്കുന്നു. അതിനാൽ ഈ വരുന്ന മഞ്ഞുകാലത്തും ഇന്ത്യ-ചൈന അതിർത്തിയിലെ യഥാർഥ രേഖയ്ക്കിരുവശവും (എൽ.എ.സി.) ഇരുഭാഗത്തെയും ആയിരക്കണക്കിന് സൈനികർക്ക് നിലകൊള്ളേണ്ടിവരും എന്ന് വ്യക്തമായിരിക്കുകയാണ്. 2020 മേയിൽ ഉടലെടുത്ത സംഘർഷം ആ വർഷം ലഡാക്കിലെ ഗാൽവനിലുണ്ടായ സംഘട്ടനത്തോടെ മൂർധന്യത്തിലെത്തിയിരുന്നു. 1967-നു ശേഷം ആദ്യമായുണ്ടായ രക്തച്ചൊരിച്ചിൽ സർവരെയും ഞെട്ടിച്ചു. ഗാൽവനിൽ ഇന്ത്യയുടെ 20 സൈനികർ മരിച്ചു. അവരുടെ നാല് സൈനികർ മരിച്ചതായി ചൈന പറയുന്നു. 13-ാം വട്ട ചർച്ച പരാജയപ്പെട്ടതിന് ഉത്തരവാദി ചൈനയുടെ കടുംപിടിത്തമാണെന്ന് ഇന്ത്യ ആരോപിക്കുന്നു. ഇന്ത്യയുടെ നിലപാടാണ് പരാജയത്തിന് കാരണമെന്ന് പ്രതീക്ഷിച്ചതുപോലെ ചൈന പറയുന്നുവെങ്കിലും ചൈനീസ് സേനയുടെ ടിബറ്റൻ ഭാഗത്തുള്ള വെസ്റ്റേൺ തിയറ്റർ കമാൻഡ് ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവന കൂടുതൽ കടുപ്പമേറിയതാണെന്നും ഇത് നേരിയതെങ്കിലും നയവ്യതിയാനമാണെന്നുമുള്ള വ്യാഖ്യാനം ചൈനയുടെ ഔദ്യോഗികനിലപാടുകൾ വെളിപ്പെടുത്തുന്ന അവരുടെ മാധ്യമം ഗ്ലോബൽ ടൈംസ് നൽകുകയുണ്ടായി (ചൈന ഇഷ്യൂസ് ഹാർഷ് സ്റ്റേറ്റ്മെന്റ്, ബ്ലെയിംസ് ഫെയിൽഡ് ടോക്സ് ഓൺ ഇന്ത്യാസ് അൺറീസണബിൾ ഡിമാൻഡ്സ്, 11-10-2021 .https:/https://ift.tt/3BfZX8J ). 2020 ഏപ്രിലിന് മുമ്പത്തെ സ്ഥാനങ്ങളിലേക്ക് പിൻവാങ്ങണമെന്ന നിലപാട് ചൈനയ്ക്ക് അസ്വീകാര്യമാണെന്ന് ഫുഡാൻ യൂണിവേഴ്സിറ്റിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ പ്രൊഫസറായ ലിൻ മിൻ വാങ്ങിനെ ഉദ്ധരിച്ചുകൊണ്ട് പത്രം പറയുന്നു. മാത്രമല്ല ഭൂമി സംരക്ഷിക്കാൻ ചൈന പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യ തെറ്റായ കണക്കുകൂട്ടലിലേക്ക് വഴുതി വീഴരുതെന്ന മുന്നറിയിപ്പും പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ഒരു നയവ്യതിയാനമായി വ്യാഖ്യാനിക്കാൻ മാത്രം ശക്തമായ നിലപാടാണോ എന്നുപറയാൻ വിഷമമാണെങ്കിലും അങ്ങനെ പറയുന്നത് ഇന്ത്യക്കുള്ള സന്ദേശമാണെന്ന് വ്യക്തം. അമേരിക്കയും ചൈനയും തർക്കത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വേളയിൽ കാറ്റ് ഇന്ത്യക്ക് അനുകൂലമായി വീശുകയാണെന്ന വിചാരമാണ് ഇന്ത്യയെ ചൈനയ്ക്ക് അസ്വീകാര്യമായ നീക്കങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നതെന്നും പ്രൊഫ. ലിൻ വ്യാഖ്യാനം ചമയ്ക്കുന്നു. തയ്വാനെ എന്തുവന്നാലും ചൈനയോട് ചേർക്കുമെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുമായി ഒരു സംഘർഷത്തിന് സാധ്യതയായേക്കാവുന്ന ഒരു നിലപാടാണിത്. ലഡാക്കിൽ മാത്രമല്ല, കിഴക്ക് അരുണാചൽ പ്രദേശിലെ തവാങ്ങിൽ ചൈന അടുത്തിടെ നടത്തിയ ഒരു കടന്നുകയറ്റത്തെ സംബന്ധിച്ചും ഗ്ലോബൽ ടൈംസ് മറ്റൊരു വ്യാഖ്യാനം നൽകുന്നുണ്ട്. മാർച്ച് 28-നായിരുന്നു ഈ സംഭവം. കടന്നുകയറിയ ഏതാനും ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തടഞ്ഞുവെന്നായിരുന്നു റിപ്പോർട്ട്. ഇതിന് നേർ വിപരീതമായ ഒരു ചിത്രം ഗ്ലോബൽ ടൈംസ് ലേഖകർ നൽകുന്നു. ഏഴുപതിറ്റാണ്ട്, ഇന്നും ശത്രുക്കൾ അതിർത്തിയിൽ ചൈന നടത്തുന്ന നീക്കങ്ങളുടെയും ആഗോളതലത്തിൽ പൊതുവേ അവരുടെ നിലപാടുകളുടെയും അർഥമെന്ത് എന്നത് വായിച്ചെടുക്കാനുള്ള ശ്രമങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാൽ, ചൈനീസ് ഭാഗത്തു നിന്നുള്ള സ്രോതസ്സുകളുടെ ശുഷ്കത പഠിതാക്കളുടെ ഈ ശ്രമത്തിന് മിക്കപ്പോഴും തടസ്സം നിൽക്കാറുണ്ട്. എങ്കിലും ചൈനയുടെ ഉയർച്ച ലോകത്തുണ്ടാക്കിയിട്ടുള്ളതും ഇനി ഉണ്ടാക്കാവുന്നതുമായ മാറ്റങ്ങളെക്കുറിച്ച് ധാരാളം അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അതിലേക്ക് സംഭാവന നൽകിയ ഒരാൾ കാന്തി ബാജ്പേയ് ആണ്. ചൈനാകാര്യങ്ങളെക്കുറിച്ച് വളരെ പഠിച്ചിട്ടുള്ള ബാജ്പേയ് ഇന്ത്യ വേഴ്സസ് ചൈന എന്ന തന്റെ പുസ്തകത്തിൽ ഇന്ത്യ - ചൈന ബന്ധത്തിൽ വന്നിട്ടുള്ള പരിവർത്തനങ്ങളിൽ ഊന്നിക്കൊണ്ട്, ഏഴു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇരുരാജ്യങ്ങളും എന്തു കൊണ്ട് പരസ്പരം ശത്രുക്കളായി കാണുന്നു, എന്താണ് ഇതിനടിസ്ഥാനം എന്ന കാര്യമാണ് അന്വേഷിക്കുന്നത്. സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ ലീ ക്വാൻ യൂ സ്കൂൾ ഓഫ് പൊളിറ്റിക്കൽ സയൻസിലെ ഏഷ്യൻ സ്റ്റഡീസ് പ്രൊഫസറാണ് ബാജ്പേയ് (കാന്തി ബാജ്പേയ്, ഇന്ത്യ വേഴ്സസ് ചൈന: വൈ ദെയാർ നോട്് ഫ്രണ്ട്സ്, ന്യൂഡൽഹി ജഗ്ഗർനോട്, 2021). സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബാജ്പേയിയുടെ നിരീക്ഷണങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അത് നൽകുന്ന ഉൾക്കാഴ്ച സംഘർഷത്തെ വിലയിരുത്തുന്നതിന് പൗരന്മാരെയും പൊതു വായനക്കാരെയും സഹായിക്കും. ബാജ്പേയുടെ നിഗമനം അഥവാ തിസീസ് എന്തെന്ന് പരിശോധിക്കുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. ഇന്ത്യയും ചൈനയും തമ്മിൽ, സാമ്പത്തികവും സൈനികവും ലോക രാഷ്ട്രീയത്തിലെ സ്വാധീനവും ഉൾപ്പെടെ നാനാമേഖലകളിലുമുള്ള അന്തരം അത്രയും വർധിച്ച സ്ഥിതിക്ക് ഇന്ത്യയെ തങ്ങൾ തുല്യനിലയ്ക്ക് കാണേണ്ടതില്ലെന്നും അതിനാൽ ഇന്ത്യയുമായി അതിർത്തിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ട ഒരു കാര്യവുമില്ലെന്നും ചൈന കരുതുന്നു എന്നതാണ് ബാജ്പേയിയുടെ നിരീക്ഷണത്തിന്റെ കാതൽ. ചൈനയുടെ മേധാവിത്വം അംഗീകരിക്കുക എന്നതാണ് ഇന്ത്യയുടെ മുന്നിലുള്ള വഴി എന്നും ആ രാജ്യം കരുതുന്നു. മേധാവിത്വത്തിന്റെ കാര്യത്തിൽ അമേരിക്കയുമായി സമത്വം മാത്രമല്ല ചൈന ഉന്നം വെക്കുന്നത്, ലോകക്രമത്തിൽ അനിഷേധ്യമായ പ്രഥമസ്ഥാനം തന്നെയാണ്. ഈ നിലപാടും ലക്ഷ്യവും ഇന്ത്യയുമായുള്ള ബന്ധത്തിലും പ്രതിഫലിക്കുന്നു. അന്യരിൽ ആശങ്കയുണ്ടാക്കാതെ നിശ്ശബ്ദമായി ഉയർച്ച കൈവരിക്കുക എന്നതായിരുന്നു, ചൈനയുടെ സാമ്പത്തിക പരിവർത്തനത്തിന് ചുക്കാൻ പിടിച്ച ഡെങ് സിയാവോപിങ്ങിന്റെ ഉപദേശം. ആ ഘട്ടം പിന്നിട്ടിരിക്കുന്നു, ഇനി മറ്റുള്ളവർക്ക് അലോസരമുണ്ടാവുമോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലാത്ത വിധം ശക്തിയാർജിച്ചിട്ടുണ്ടെന്നും ഇനി മറവ് വേണ്ടെന്നുമുള്ള ഒരു ഘട്ടത്തിലേക്ക് ചൈന പ്രവേശിച്ചിരിക്കുന്നു എന്നു വേണം അനുമാനിക്കാൻ. ബാജ്പേയിയുടെ നിരീക്ഷണം ഇതാണ് വ്യക്തമാക്കുന്നത്. ചൈനയുടെ ഉദ്ദേശ്യങ്ങളുടെ അനാച്ഛാദനമായും ഇതിനെ കാണണം. താത്പര്യങ്ങളിലെ അന്തരം ലോക ചരിത്രഗതിയിൽ ഇരു രാജ്യങ്ങളും ഒരേ താത്പര്യങ്ങളുടെ പിന്നിൽ അണിനിരന്നിട്ടുള്ള ഒരു കാലം നന്നേകുറഞ്ഞതായിരുന്നു എന്നത് സൗഹൃദത്തിന്റെ ചരട് ദുർബലമായിപ്പോയതിന് പ്രധാന കാരണമാണ്. രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് ഇന്ത്യയോടൊപ്പം ചൈനയിലെ കൂമിന്താങ് ഭരണകൂടവും പാശ്ചാത്യ ചേരിയിലായിരുന്നുവല്ലോ. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിന് ഏതാണ്ട് ഒപ്പമാണ് 1949-ൽ ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതും പീപ്പിൾസ് റിപ്പബ്ലിക് സ്ഥാപിതമായതും. പുതുയുഗത്തിന്റെ ആദ്യ നാളുകളിൽ ഇരു രാജ്യങ്ങളും സാമ്രാജ്യത്വ വിരോധത്തിന്റെ താത്പര്യം പങ്കുവെച്ചിരുന്നു. ചൈനയിൽ സാമ്രാജ്യത്വത്തെ വെല്ലുവിളിക്കാനുള്ള ത്വര പ്രകടമായിരുന്നു എന്ന വ്യത്യാസമുണ്ട്. ഏഷ്യ, മുമ്പത്തെപ്പോലെ സാമ്രാജ്യത്വത്തിന്റെ ചവിട്ടടിയിൽ, മറ്റൊരു വിധത്തിൽ പെടുമോ എന്ന കടുത്ത ആശങ്ക ഇന്ത്യക്കുണ്ടായിരുന്നു. അതേതായാലും താത്പര്യങ്ങളുടെ ഈ പൊരുത്തം അധികകാലമുണ്ടായിട്ടില്ല. അതിനാൽ അനുഭവങ്ങൾ ദീർഘകാലം പങ്കിട്ടതിൽനിന്ന് ജനിക്കുന്ന ഊഷ്മളത ബന്ധത്തെ വിളക്കിയെടുക്കുകയുണ്ടായില്ല. വാസ്തവത്തിൽ ടിബറ്റുമായാണ് ചരിത്രപരവും സാംസ്കാരികവും വാണിജ്യപരവുമായ ദീർഘകാല ബന്ധം ഇന്ത്യക്കുണ്ടായിട്ടുള്ളത്. ടിബറ്റ് ചൈനയുടെ ഭാഗമായതോടെ ചരിത്രത്തിൽ ആദ്യമായി ചൈന ഇന്ത്യയുടെ അയൽപ്പക്കമാവുകയായി. പുതുയുഗത്തിന്റെ ആദ്യ നാളുകളിൽ ഒരുപക്ഷേ, അതിർത്തിത്തർക്കം പരിഹരിക്കപ്പെടുമായിരുന്നു എന്നു കരുതുന്നവരുണ്ട്. ലഡാക്ക്ഭാഗത്ത്, അതായത് പടിഞ്ഞാറൻ മേഖലയിൽ ഇന്ത്യ സ്ഥലം വിട്ടുനൽകുന്നതിനു പകരമായി കിഴക്കൻ മേഖലയിൽ, അതായത് ഇപ്പോഴത്തെ അരുണാചൽപ്രദേശിന് മേൽ തങ്ങൾക്കുണ്ടെന്ന് ചൈന പറയുന്ന അവകാശം അവർ വിട്ടു നൽകുന്നു. ഈ വെച്ചുമാറൽ നിർദേശം ഇന്ത്യ അംഗീകരിക്കുകയുണ്ടായില്ല. 1959-ൽ അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ചൗ എൻലായ് ഇന്ത്യയിൽ വന്ന് നടത്തിയ ചർച്ചക്കിടെ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചിരുന്നതായി കരുതുന്നു. നെഹ്രുവിന് പുറമേ മറ്റ് ഇന്ത്യൻ നേതാക്കളുമായും ചൗ ചർച്ച നടത്തിയിരുന്നു. വെച്ചു മാറൽ മറ്റു പല ആനുകൂല്യങ്ങൾ നൽകുന്നതിന്റെയും മുന്നോടിയാവുമെന്ന് ഇന്ത്യ ആശങ്കിച്ചിരുന്നു. അതിനാൽ ആ ശ്രമം അന്ന് അധികം മുന്നോട്ടുപോയില്ല. അരുണാചലും ദലൈലാമയും 1962-ൽ മുറിഞ്ഞുപോയ നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെടുന്നത് 1976-ലാണ്. 1980-ൽ ഒരിന്ത്യൻ പത്രലേഖകനുമായി നടത്തിയ അഭിമുഖത്തിൽ ഡെങ് സിയാവോപിങ് വെച്ചുമാറൽ നിർദേശം മുന്നോട്ടുവെക്കുന്നു. 1982-ലും 83-ലും ഇതേ നിർദേശങ്ങൾ ഉയർന്നുവരുകയുണ്ടായി, എന്നാൽ, ഈ നീക്കങ്ങളും എവിടെയുമെത്തുകയുണ്ടായില്ല. കാലം പോകെ അരുണാചലിനെ സംബന്ധിച്ച നിലപാടിലും ചൈന മാറ്റംവരുത്തിയിട്ടുണ്ട്. ലഡാക്ക് മേഖലയിലെ തർക്കമാണ് തങ്ങൾക്ക് പ്രധാനം എന്ന നിലവിട്ട്, അതിനെക്കാൾ കൂടുതൽ കിഴക്കൻ അതിർത്തിപ്രദേശമാണെന്ന നിലയിലേക്ക് അവർ മാറിയിരിക്കുന്നു. ഇന്ത്യയിൽ കഴിയുന്ന ടിബറ്റൻ പ്രവാസി സമൂഹത്തോടുള്ള ബന്ധം ഇന്ത്യ അല്പംകൂടി ഉയർത്തിയതുകൊണ്ടാവാമിത് എന്നാണ് ബാജ്പേയിയുടെ അനുമാനം. ഇന്ത്യയിൽ കഴിയുന്ന ഇപ്പോഴത്തെ ദലൈലാമയുടെ കാലശേഷം എന്തുസംഭവിക്കും എന്നതായിരിക്കും ഇരു രാജ്യങ്ങളും തമ്മിൽ ഉയരാനിടയുള്ള തർക്കവിഷയം. പുതിയ ദലൈലാമ ഉണ്ടാവുമോ ആരാണ് അദ്ദേഹത്തെ കണ്ടെത്തുക എന്നതൊക്കെ തർക്കത്തിലേക്ക് നയിച്ചേക്കാം. ശക്തിയിലും സ്വാധീനത്തിലുമുള്ള വമ്പിച്ച തുല്യതയില്ലായ്മയാണ് (asymmetry) ഇരുരാജ്യങ്ങൾക്കുമിടക്കുള്ള പ്രശ്നത്തിന്റെ കാതൽ എന്ന ബാജ്പേയിയുടെ നിരീക്ഷണം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. പൊരുത്തം(symmetry) പ്രശ്നം തീർക്കുന്നതിലേക്ക് നയിക്കുമെങ്കിൽ ആദ്യകാലത്തുതന്നെ അത് സംഭവിക്കേണ്ടതായിരുന്നു. ഒരുപക്ഷേ, മാറിയ ലോക സ്ഥിതിയിൽ ശക്തനും അത്ര ശക്തിയില്ലാത്തവനും തമ്മിലുള്ള പൊരുത്തക്കേട് പ്രശ്നമാവുന്നു എന്നുവരാം. അസമത്വം നീങ്ങുമോ സമ്പത്തിലും സൈനികശക്തിയിലും മാത്രമല്ല, മറ്റു രാജ്യങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കാനും തങ്ങളിലേക്ക് മറ്റുള്ളവരെ ആകർഷിക്കാനും സാധിക്കുന്ന മൃദു ശക്തിയിലും (soft power) ചൈന മുന്നിലാണ്. ഇന്ത്യയെ സംബന്ധിച്ച് അനുകൂലമായിട്ടുള്ളത് എന്ന് ഇന്ത്യക്കാർ പൊതുവേ കരുതുന്ന ഒരുകാര്യം ഇവിടത്തെ ജനാധിപത്യവ്യവസ്ഥിതിയാണ്. അതിന്റെ നിലപോലും പരുങ്ങലിലാണ് എന്ന അഭിപ്രായമാണ് ബാജ്പേയിക്കുള്ളത്. ഇന്ത്യ പ്രവർത്തിക്കുന്ന അരാജകത്വമാണെന്ന (fuctioning anarchy) മുൻ അമേരിക്കൻ അംബാസഡർ ജോൺ കെന്നത്ത് ഗാൽബ്രെയ്ത്തിന്റെ പ്രശസ്തമായ നിരീക്ഷണം അനുസ്മരിച്ചുകൊണ്ട്, ബാജ്പേയി പറയുന്നത് തെക്ക് കിഴക്കനേഷ്യൻ-വടക്കുകിഴക്കൻ രാജ്യങ്ങളിലെങ്കിലും ഇന്ത്യയുടെ വ്യവസ്ഥയെ അവ്യവസ്ഥയായിട്ടാണ് കാണുന്നതെന്നാണ്. ഒരു മികവ് എന്നതിനെക്കാൾ പുരോഗതിക്ക് തടസ്സം നിൽക്കുന്ന പരാധീനതയായി അവർ ഇതിനെ എണ്ണുന്നു. പാശ്ചാത്യരുടെ കണ്ണുകളിലാകട്ടെ, 2014-ൽ ബി.ജെ.പി. അധികാരത്തിൽ വന്നതിനുശേഷം ജനാധിപത്യം കുറയുകയും അധികാരം കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഒരവസ്ഥയിൽ ജനാധിപത്യവ്യവസ്ഥയാണ് എന്ന് ഊറ്റംകൊള്ളാൻ ഇന്ത്യക്കുണ്ടായിരുന്ന മികവും പ്രശസ്തിയും ശോഷിച്ചുവരുകയുമാണ്. കമ്യൂണിസ്റ്റ് പാർട്ടി തങ്ങൾക്കുള്ള അധികാരം ചൈനയിൽ ശക്തിപ്പെടുത്തിയതിന് ഒരു കാരണം അവർ ഭാവിയിൽ വലിയ വെല്ലുവിളികൾ മുന്നിൽ കാണുന്നു എന്നതാണ്. വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ചിലർ പുറംരാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്. ഉന്നതർക്കുള്ള പാർട്ടിസ്കൂളിൽ അധ്യാപികയായിരുന്ന കായ് ഷിയ (രമശ ഃശമ) ഒരുദാഹരണം. ചൈനയുടെ അടുത്ത ഘട്ടത്തിലേക്കുള്ള വികാസം ജനാധിപത്യത്തിലേക്കായിരിക്കണമെന്ന് ഫോറിൻ അഫയേഴ്സ് മാസികയിൽ ദി പാർട്ടി ദാറ്റ് ഫെയിൽഡ് എന്ന ലേഖനത്തിൽ അവർ പറയുകയുണ്ടായി. പ്രതിഷേധങ്ങൾ അവിടെയും അരങ്ങേറുന്നുണ്ട്. എന്നാൽ, ഇത് അധികവും തൊഴിൽ, ഭൂമി, പാർപ്പിടം എന്നിവ സംബന്ധിച്ച അവകാശങ്ങളെച്ചൊല്ലിയാണ്. വ്യവസ്ഥയ്ക്കെതിരായിട്ടുള്ളതല്ല എന്ന് ബാജ്പേയ് വ്യക്തമാക്കുന്നുണ്ട് ഇന്ത്യ ചൈനയോട് തുല്യത കൈവരിക്കുകയോ കൈവരിക്കാതിരിക്കുകയോ ചെയ്യട്ടെ, ഒരു കാര്യത്തിൽ ബാജ്പേയിയുടെ അഭിപ്രായത്തോട് ആർക്കും തന്നെ വിയോജിപ്പുണ്ടാകാനിടയില്ല. ഗണനീയമായ ശക്തിയായി ഇന്ത്യക്ക് സ്വയം വിശേഷിപ്പിക്കേണ്ടതുണ്ടെങ്കിൽ സമ്പദ്സ്ഥിതിയിലും സാമൂഹികമായും പൗരസഞ്ചയത്തിൽ നിലനിൽക്കുന്ന വമ്പിച്ച അസമത്വങ്ങൾ നീക്കുകയാണ് അതിലേക്കുള്ള ആദ്യ പടി. മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററാണ് ലേഖകൻ Content Highlights:India Versus China - Kanti Bajpais books


from mathrubhumi.latestnews.rssfeed https://ift.tt/3pGTkds
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages