കർഷക സമരം; കോടതി ഉത്തരവ് ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും പിടിവള്ളി - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 12, 2021

കർഷക സമരം; കോടതി ഉത്തരവ് ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും പിടിവള്ളി

ന്യൂഡൽഹി: കാർഷികനിയമങ്ങൾ നടപ്പാക്കുന്നത് മരവിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് കേന്ദ്രസർക്കാരിനും ബി.ജെ.പിക്കും പിടിവള്ളിയായി. കർഷകസമരത്തിൽനിന്ന് തത്‌കാലം തടിയൂരുന്നതിനും സാവകാശം നേടുന്നതിനും കോടതിനിലപാട് സഹായിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. വെള്ളിയാഴ്ച നടക്കുന്ന ഒമ്പതാംവട്ട ചർച്ചയിൽ ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരിക്കും സർക്കാർ വാദിക്കുക. കോടതി നിയോഗിക്കുന്ന സമിതിയുമായി സഹകരിക്കില്ലെന്ന് കർഷകസംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, കർഷകസംഘടനകളുടെ നിലപാടാണ് ഇനി നിർണായകം.45 ദിവസമായി തുടരുന്ന കർഷകസമരത്തിന് പരിഹാരം കണ്ടെത്താനാകാതെ കേന്ദ്രസർക്കാർ വിഷമിക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സമരം ബി.ജെ.പിക്കും എൻ.ഡി.എ. മുന്നണിക്കും കടുത്ത രാഷ്ട്രീയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. കാർഷികമേഖലകളേറെയുള്ള സംസ്ഥാനങ്ങളിലാണ് സമരം ശക്തം. പഞ്ചാബിൽ ബി.ജെ.പി. ഒറ്റപ്പെട്ടു. ഹരിയാണയിലെ ബി.ജെ.പി.-ജെ.ജെ.പി. സഖ്യം അനിശ്ചിതത്വത്തിലായി. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഹരിയാണയിൽ സർക്കാർ പ്രതിസന്ധിയിലാകുമെന്ന് ജെ.ജെ.പി. നേതാക്കൾ ബി.ജെ.പി. നേതൃത്വത്തെ കഴിഞ്ഞദിവസവും ധരിപ്പിച്ചു. ജെ.ജെ.പിയിലെ ഒരുവിഭാഗം എം.എൽ.എമാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്.ഇതുവരെ നടത്തിയ എട്ടു ചർച്ചകളും പരാജയമായിരുന്നു. നിയമത്തിലെ വ്യവസ്ഥകൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കാമെന്നും കർഷകരുടെ ആശങ്കകൾ നീക്കാമെന്നുമായിരുന്നു തുടക്കംമുതൽ കേന്ദ്രസർക്കാരിന്റെ വാഗ്ദാനം. ഈ വാഗ്ദാനങ്ങൾ കർഷകസംഘടനകൾ അംഗീകരിച്ചില്ല. നിയമം പിൻവലിക്കണമെന്ന നിലപാടിൽ അവർ ഉറച്ചുനിന്നതോടെ സമവായ നീക്കങ്ങൾ പാളി. അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽനിൽക്കേ ഇത് ബി.ജെ.പിക്ക് കടുത്ത ക്ഷീണമായി.ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി ഉത്തരവ് കേന്ദ്രസർക്കാരിന് ആശ്വാസമാകുന്നത്. കോടതി നിയോഗിച്ച സമിതിയംഗങ്ങളിൽ മൂന്ന് പേരും നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണെന്നാണ് കർഷകസംഘടനകളുടെ ആരോപണം. നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരുമെന്ന് അവർ ആവർത്തിച്ചതോടെ, വെള്ളിയാഴ്ച നടക്കുന്ന ഒമ്പതാം വട്ടം ചർച്ച നിർണായകമായി.


from mathrubhumi.latestnews.rssfeed https://ift.tt/3smnvG3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages