തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. എന്ന ആനയുടെ മുകളിൽ ഇരിക്കുന്ന ചെറുപക്ഷിയാണ് സിഫ്റ്റ്. ആനയ്ക്ക് നീങ്ങുന്നതിന് ചില പരിമിതികളുണ്ട്. എന്നാൽ പക്ഷിക്ക് വേഗത്തിൽ നീങ്ങാനാകും. കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ പുതുതായി തുടങ്ങുന്ന സിഫ്റ്റിന് കഴിയുമെന്നാണ് എം.ഡി. ബിജു പ്രഭാകർ പറയുന്നത്. സിഫ്റ്റ് എന്ന കമ്പനി രൂപവത്‌കരിച്ചാൽ മാത്രമേ സർക്കാരിൽ നിന്നുള്ള സഹായധനം ലഭിക്കുകയുള്ളൂ. കെ.എസ്.ആർ.ടി.സിക്കുള്ളിൽ പ്രവർത്തിക്കുന്ന സ്വതന്ത്രകമ്പനിയാണ് സിഫ്റ്റ്. ദീർഘദൂര ബസുകളുടെ നടത്തിപ്പിന് വേണ്ടി മാത്രമാണ് ഈ സംവിധാനം. പത്തുവർഷത്തിനുശേഷം ഇത് കെ.എസ്.ആർ.ടി.സിയിൽ ലയിപ്പിക്കും. നിഷ്‌ക്രിയ ആസ്തികളിൽ നിന്ന് വരുമാനം കണ്ടെത്തുന്നതിനു വേണ്ടിയാണ് ഉപയോഗപ്രദമല്ലാത്ത ഭൂമിയിൽ വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് കെട്ടിടങ്ങളും ഹോട്ടലും നിർമിക്കുന്നത്. ജീവനക്കാരെ ആരെയും പിരിച്ചുവിടില്ല. തസ്തികകൾ കുറയ്ക്കേണ്ടിവരും. സി.എൻ.ജി., എൽ.എൻ.ജി. ഇന്ധനങ്ങളിലേക്ക് മാറുമ്പോൾ ഇന്ധനച്ചെലവ് കുറയും. അടുത്ത ഓഗസ്റ്റിലെങ്കിലും ശമ്പളപരിഷ്‌കരണം നടത്താനാണ് ശ്രമം- ബിജു പ്രഭാകർ പറഞ്ഞു. ജീവനക്കാരിലെ ന്യൂനപക്ഷമാണ് കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത്. ഇവരെ തൊഴിലാളി സംഘടനകൾ പിന്തുണയ്ക്കുന്നില്ല. ഭൂരിഭാഗം ജീവനക്കാരും സ്ഥാപനത്തോട് അർപ്പണബോധമുള്ളവരാണ്. കാര്യക്ഷമതയില്ലാത്ത മേൽത്തട്ടിലെ ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്കിടയിൽ ഇതരവരുമാനം ഉണ്ടാക്കുന്നവരെയും അഴിമതിക്കാരെയുമാണ് പുറത്താക്കേണ്ടതെന്നും ബിജു പ്രഭാകർ പറഞ്ഞു.കെ.എസ്.ആർ.ടി.സി. സിഫ്റ്റ്കിഫ്ബിയിൽനിന്ന് ലഭിക്കുന്ന 359 കോടി രൂപകൊണ്ട് വാങ്ങുന്ന ബസുകൾ ഓടിക്കാൻ വേണ്ടി രൂപവത്‌കരിക്കുന്ന പുതിയ കമ്പനിയാണ് സിഫ്റ്റ്. കെ.എസ്.ആർ.ടി.സിയുടെ കീഴിലെ സ്വതന്ത്ര കമ്പനിയായിരിക്കും. 310 സി.എൻ.ജി ബസുകളും 100 ഡീസൽ ബസുകളും 50 ഇലക്‌ട്രിക് ബസുകളും പുതിയതായി വാങ്ങും. കെ.യു.ആർ.ടി.സിയുടെ 190 ബസുകളും കെ.എസ്.ആർ.ടി.സിയുടെ സ്‌കാനിയ വോൾവോ വാടക ബസുകളും അടക്കം 237 ബസുകൾ കൂടി സിഫ്റ്റിന് നൽകും. ബസ് അപകടത്തിൽപെട്ടാൽ ഡ്രൈവറുടെ കീശ കീറുംസിഫ്റ്റ് കമ്പനിയുടെ ബസ് ഡ്രൈവറുടെ പിഴവുകൊണ്ട് അപകടത്തിൽപെട്ടാൽ നഷ്ടപരിഹാരം ഈടാക്കും. സ്ഥിരമായി അപകടമുണ്ടാക്കുന്നവരെ പുറത്താക്കും. ഒരോ ജീവനക്കാരനും സിഫ്റ്റ് കമ്പനിയുമായി പ്രത്യേക കരാർ ഒപ്പിടേണ്ടിവരും. കെ.എസ്.ആർ.ടി.സിയിലെ സേവന വേതന വ്യവസ്ഥകളായിരിക്കില്ല സിഫ്റ്റിൽ. രണ്ട് ഡ്രൈവർമാരും ഒരു കണ്ടക്ടറുമാകും ദീർഘദൂര ബസിൽ ഉണ്ടാകുക. നിലവിലെ ഡബിൾഡ്യൂട്ടി സംവിധാനം ഉണ്ടാകില്ല. പകരം മാന്യമായ പ്രതിഫലം പ്രതീക്ഷിക്കാം. യാത്രക്കാരോട് മാന്യമായി പെരുമാറണം. കുടിവെള്ളവും ബ്ലാങ്കറ്റും വിതരണംചെയ്യണം. ബസ് വൃത്തിയായി സൂക്ഷിക്കണം. ഡ്യൂട്ടി ക്രമത്തിലെ പാകപ്പിഴയാണ് കെ.എസ്.ആർ.ടി.സിക്ക് സ്വകാര്യമേഖലയുമായി മത്സരിക്കുന്നതിന് തടസ്സമുള്ളത്. ഇതൊഴിവാക്കാനാണ് സിഫ്റ്റ് എന്ന കമ്പനി രൂപവത്‌കരിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ ബസും റൂട്ടും അനുബന്ധ സൗകര്യങ്ങളും സിഫ്റ്റിൽ ഉപയോഗിക്കും. ഇതിന് പ്രതിഫലവും നൽകും.
from mathrubhumi.latestnews.rssfeed https://ift.tt/2LYk7jX
via
IFTTT
No comments:
Post a Comment