ലക്ഷ്യം മുഖ്യമന്ത്രി; പ്രതിരോധിച്ച് സി.പി.എം. - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 19, 2020

ലക്ഷ്യം മുഖ്യമന്ത്രി; പ്രതിരോധിച്ച് സി.പി.എം.

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ, പ്രത്യേകിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണം മുഖ്യമന്ത്രിയിലേക്കു നീങ്ങുന്നെന്ന അപകടമാണ് സി.പി.എം. തിരിച്ചറിയുന്നത്. അന്വേഷണത്തിന്റെ ‘രാഷ്ട്രീയം’ ആദ്യം പാർട്ടിയും പിന്നീട് സർക്കാരും വെളിപ്പെടുത്തുകയും മുന്നണിയാകെ സമരത്തിനിറങ്ങുകയും ചെയ്തപ്പോഴും മുഖ്യമന്ത്രിയാണ് ലക്ഷ്യം എന്നൊരു ആരോപണത്തിലേക്ക് സി.പി.എം. എത്തിയിരുന്നില്ല. സർക്കാരിനെ അട്ടിമറിക്കാനും വികസനപദ്ധതികൾ മരവിപ്പിക്കാനുമുള്ള നീക്കമാണ് അന്വേഷണ ഏജൻസികൾ നടത്തുന്നതെന്ന വിമർശനമായിരുന്നു നേരത്തേ സി.പി.എം. ഉയർത്തിയത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യംചെയ്യാൻ ഇ.ഡി. ഒരുങ്ങിയതോടെ അന്വേഷണത്തിന്റെ കുന്തമുന മുഖ്യമന്ത്രിയിലേക്കാണെന്ന സംശയത്തിലേക്ക് സി.പി.എം. എത്തിയിരുന്നു. ഇപ്പോൾ സ്വപ്നയുടേതായി വന്ന ശബ്ദസന്ദേശവും ശിവശങ്കറിന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങളും ഇ.ഡി.യുടെ ലക്ഷ്യം മുഖ്യമന്ത്രിയാണെന്ന വാദം ഉറപ്പിക്കുന്നതാണ്. സ്വപ്നയുടെയും ശിവശങ്കറിന്റെയും വെളിപ്പെടുത്തൽ ആയുധമാക്കിത്തന്നെ ഇതിനെതിരേ രാഷ്ട്രീയപ്രതിരോധം തീർക്കാനാണ് സി.പി.എം. തീരുമാനം. അന്വേഷണത്തിന്റെ വിശ്വാസ്യത തകർക്കുകയും അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയം സ്ഥാപിക്കുകയുമാണ് അവർ ലക്ഷ്യമിടുന്നത്. സർക്കാരിന്റെ പ്രധാന പദ്ധതികളിൽ കരാറും ഉപകരാറും നൽകിയതിൽ കൂട്ടുകച്ചവടം നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. ആരോപിക്കുന്നത്. നാലു പദ്ധതികളുടെ വിവരങ്ങൾ തേടിയത് അതുകൊണ്ടാണ്. കരാർ ഏറ്റെടുത്ത കമ്പനികളുമായി സ്വർണക്കടത്ത് കേസിലെ പ്രതികൾക്കടക്കം ബന്ധമുണ്ടായിരുന്നെന്നാണ് ഇ.ഡി.യുടെ സംശയം. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു ‘ടീം’ ഇതിനുപിന്നിൽ പ്രവർത്തിച്ചെന്ന് ഇ.ഡി. കോടതിക്കു നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുകയും ചെയ്തു. രവീന്ദ്രനിൽനിന്ന് ഈ രഹസ്യം ചോർത്തുകയെന്നതാണ് ചോദ്യംചെയ്യലിന്റെ ലക്ഷ്യം. രവീന്ദ്രനുമായും സർക്കാരുമായും അടുപ്പമുള്ള ചിലർ കമ്പനി രൂപവത്കരിച്ചും അല്ലാതെയും കോടികളുടെ കരാർ ഏറ്റെടുത്തിട്ടുണ്ട്. ടെൻഡർപോലുമില്ലാതെ ചില കമ്പനികൾക്ക് ആവർത്തിച്ച് കരാർ ലഭിക്കുന്നതിലും ഇ.ഡി. ദുരൂഹത കാണുന്നുണ്ട്. ഇ.ഡി.യുടെ അന്വേഷണരീതി മുഖ്യമന്ത്രിയെ എങ്ങനെയെങ്കിലും കേസിന്റെ ഭാഗമാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടിയാണെന്നാണ് സി.പി.എം. കണക്കുകൂട്ടുന്നത്. വരുന്നതിനെ നേരിടുക എന്നതിനപ്പുറം വരാനിരിക്കുന്നതിനെ കടന്നാക്രമിക്കുക എന്ന രീതിയിലേക്ക് സി.പി.എം. മാറി. കിഫ്ബിക്കെതിരായ സി.എ.ജി. നീക്കം പ്രതിരോധിച്ചത് ഇങ്ങനെയാണ്. അന്വേഷണ ഏജൻസികളുടെ ലക്ഷ്യം മുൻകൂട്ടി തിരിച്ചറിഞ്ഞ് അതിനു കവചമൊരുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പരസ്പരവിരുദ്ധമെന്നു കോടതിതന്നെ നിരീക്ഷിച്ച ഇ.ഡി. റിപ്പോർട്ട്, മുഖ്യമന്ത്രിയെയും സർക്കാരിനെയും ലക്ഷ്യംവെച്ചുള്ള തിരക്കഥക്കയ്ക്കനുസരിച്ച് നടത്തുന്ന അന്വേഷണപ്രഹസനമാണെന്ന് സി.പി.എം. ആരോപിക്കുന്നത് ഇതുകൊണ്ടാണ്.


from mathrubhumi.latestnews.rssfeed https://ift.tt/35Mq6Qb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages