കൊച്ചി: ''ഞങ്ങൾ തപാലിൽ അയച്ചതാണ്''- കസ്റ്റംസ്. ''എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല''- വിനോദിനി ബാലകൃഷ്ണൻ. അപ്പോൾ ആ നോട്ടീസ് എവിടെപ്പോയി? സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കസ്റ്റംസിനു മുന്നിൽ ചോദ്യംചെയ്യലിനു ഹാജരാകേണ്ട ദിവസമായിരുന്നു ബുധനാഴ്ച. രാവിലെ 11 മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടതെന്ന് കസ്റ്റംസ് പറയുന്നു. കൊച്ചി കസ്റ്റംസ് ഓഫീസിനു മുന്നിൽ കനത്ത പോലീസ് സന്നാഹവും ഒരുക്കിയിരുന്നു. എന്നാൽ, വിനോദിനി എത്തിയില്ല. തപാലിലാണ് നോട്ടീസ് അയച്ചതെന്ന് കസ്റ്റംസ് പറയുന്നു. എന്നാൽ, വിനോദിനിക്ക് അതുകിട്ടിയോ എന്ന് അവർക്കും ഉറപ്പില്ല. കസ്റ്റംസ് നോട്ടീസ് അയച്ചെന്ന വാർത്ത പുറത്തുവന്നതുമുതൽ കോടിയേരി ബാലകൃഷ്ണനും കുടുംബവും അത്തരമൊരു നോട്ടീസ് കിട്ടിയിട്ടില്ലെന്നു വ്യക്തമാക്കിയിരുന്നു. ലൈഫ്മിഷൻ കരാറുമായി ബന്ധപ്പെട്ട് യൂണിടാക് ബിൽഡേഴ്സ് എം.ഡി. സന്തോഷ് ഈപ്പൻ യു.എ.ഇ. കോൺസുലേറ്റിലേക്കു നൽകിയ ഏഴ് ഐ-ഫോണുകളിൽ ഒന്ന് വിനോദിനിയാണ് ഉപയോഗിക്കുന്നതെന്ന ആരോപണമാണ് കസ്റ്റംസ് ഉന്നയിച്ചത്. സ്വർണക്കടത്ത് പ്രതി സ്വപ്നാ സുരേഷ് മുഖാന്തരമാണ് ഐ-ഫോണുകളെല്ലാം നൽകിയതെന്ന സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലും വന്നതോടെ ഫോൺ വിനോദിനിയുടെ കൈയിൽ എങ്ങനെയെത്തിയെന്ന ചോദ്യമുയർന്നു. ഒരിക്കൽക്കൂടി നോട്ടീസ് അയക്കാനാണ് കസ്റ്റംസ് ആലോചിക്കുന്നത്. സാധാരണഗതിയിൽ ഒരാൾക്ക് ചോദ്യംചെയ്യലിനായി മൂന്നുതവണയാണ് നോട്ടീസ് അയക്കാറുള്ളത്. തുടർന്നും ഹാജരായില്ലെങ്കിൽ കോടതിയെ സമീപിക്കൽ അടക്കമുള്ള കടുത്ത നടപടികളിലേക്കു പോകുമെന്നാണു സൂചന. കോടിയേരിയും കുടുംബവും നിയമോപദേശം തേടാനുള്ള സമയമെടുക്കുന്നതിനാലാണ് ഹാജരാവാത്തതെന്നാണ് കസ്റ്റംസ് കരുതുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2OjIwSt
via
IFTTT
No comments:
Post a Comment