തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ 6200 ബസുകളിൽ 1200 ഉം ‘ആക്രി’ബസുകൾ. ദിലീപ് ചിത്രമായ പറക്കുംതളികയിലെ ‘താമരാക്ഷൻപിള്ള’ ബസിനെക്കാൾ പരിതാപകരമാണ് മിക്കവയും. സർവീസ് നടത്തണമെങ്കിൽ വൻതുക അറ്റകുറ്റപ്പണിക്കു വേണ്ടിവരും. ഇത്തരം ബസുകൾ ഉപേക്ഷിക്കാനുള്ള നടപടി തുടങ്ങി.മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരും എൻജിനിയറിങ് കോളേജ് അധികൃതരും ഉൾപ്പെട്ട സാങ്കേതിക സമിതി ബസുകൾ പരിശോധിക്കും.ഡിപ്പോ പരിസരത്ത് കിടക്കുന്ന പഴഞ്ചൻ ബസുകൾ തരംതിരിച്ച് കാരവനും പാഴ്‌സൽ വാനും നിർമിക്കും. തീരെ മോശമായ 500 ബസുകൾ കടമുറികളാക്കി മാറ്റും.ഇപ്പോഴത്തെ അവസ്ഥയിൽ 3800 ബസുകളുടെ ആവശ്യമേ കെ.എസ്.ആർ.ടി.സിക്കുള്ളൂ. 450 എണ്ണം റിസർവ് ബസുകളായി തരംതിരിച്ച് ജില്ലാ കേന്ദ്രങ്ങളിൽ സൂക്ഷിക്കും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ഡിപ്പോകൾക്ക് ബസുകൾ നൽകും. എങ്ങനെ നിയന്ത്രിച്ചിട്ടും സ്പെയർപാർട്‌സുകൾക്കായി മാസം അഞ്ചുകോടി രൂപയുടെ ലോക്കൽപർച്ചേസ് വേണ്ടിവരുന്നുണ്ട്. കട്ടപ്പുറത്തുള്ള ഓർഡിനറി ബസുകൾ നിരത്തിലിറക്കാൻ ഇൻഷുറൻസിന് മാത്രം 17 കോടി രൂപ വേണ്ടിവരും. മാർച്ച് 31 നുള്ളിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എടുക്കണം. ഫാസ്റ്റാഗും, ജി.പി.എസും ഘടിപ്പിക്കണം. ടയറുകൾ മാറ്റണം. സ്പെയർപാർട്‌സുകൾ വേണം. ഇതിനാവശ്യമായ പണം കോർപ്പറേഷനില്ല. കടം വാങ്ങി മുതൽ മുടക്കിയാലും ആനുപാതികമായ വരുമാനമില്ല. കഴിഞ്ഞ ദിവസം 3317 ബസുകൾ ഓടിച്ചെങ്കിലും 3.5 കോടി രൂപയാണ് കിട്ടിയത്. ജന്‌റം ബസുകളും ഇപ്പോൾ ഉപയോഗശൂന്യമാണ്. ഇതിൽ 250 എണ്ണം കേബിൾ തകരാർ കാരണം ഉപയോഗിക്കാൻ കഴിയുന്നില്ല. പകരം ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ സംവിധാനത്തിലേക്ക് മാറ്റണമെങ്കിൽ ഒരു ബസിന് ഒമ്പതുലക്ഷം മുടക്കേണ്ടിവരും. ഇതും ലാഭകരമല്ലെന്നാണ് നിഗമനം. ഓട്ടത്തിലുള്ള ബസുകൾ പരമാവധി ഉപയോഗിക്കാനാണ് നീക്കം. ഇതിനായി ഓർഡിനറി ബസുകളുടെ ഒരുദിവസത്തെ ശരാശരി ഉപയോഗം 170-ൽ നിന്ന് 250 കിലോ മീറ്ററായും ഫാസ്റ്റിന്റേത് 300-ൽ നിന്നും 450 കിലോ മീറ്ററായും ഉയർത്തും. സി.എൻ.ജി, എൽ.എൻ.ജി. ഉൾപ്പെടെ 460 പുതിയ ബസുകൾ ഉടനെത്തുന്നുണ്ട്. ഇവയ്ക്ക് ആനുപാതികമായും പഴയ ബസുകൾ പിൻവലിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3veLB6L
via
IFTTT
No comments:
Post a Comment