കയ്പമംഗലം : മതിലകത്ത് തനിച്ച് താമസിക്കുന്ന വൃദ്ധദമ്പതിമാരെ പാതിരാത്രിയിൽ വിളിച്ചുണർത്തി ആക്രമിച്ചുകൊല്ലാൻ ശ്രമം. തലയിലും കൈയിലും വായിലും ആയുധംകൊണ്ടുള്ള മുറിവേറ്റ വീട്ടമ്മ നിലവിളിച്ചതോടെ അക്രമികൾ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പരിക്കേറ്റ സുബൈദയും (60) ഹമീദും (82) ആശുപത്രിയിൽ സുഖംപ്രാപിച്ചുവരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിലായതായി സൂചന. മതിലകം പോലീസ് സ്റ്റേഷന് അരക്കിലോമീറ്ററോളം തെക്ക് മതിൽമൂലയിൽ, ദേശീയപാതയോരത്തുള്ള സ്രാമ്പിക്കൽ ഹമീദ്-സുബൈദ ദമ്പതിമാരുടെ വീട്ടിലാണ് സംഭവം. ഞായറാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ കോളിങ് ബെൽ അടിക്കുന്നതു കേട്ടാണ് ഉണർന്നത്. കിടപ്പുമുറിയിൽനിന്നു ഹാളിലെത്തിയ ഇവർ സിറ്റൗട്ടിലേയ്ക്കുള്ള വാതിൽ തുറന്നുനോക്കി. ആരെയും കാണാഞ്ഞതിനാൽ വാതിൽ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ സിറ്റൗട്ടിൽ പതുങ്ങിനിന്ന രണ്ടുപേർ അകത്തേയ്ക്ക് തള്ളിക്കയറി ആക്രമിച്ചു. ഇരുമ്പുഗ്രിൽ സുരക്ഷയുള്ള സിറ്റൗട്ടിന്റെ വാതിൽ ചങ്ങലയിട്ട് പൂട്ടിയിട്ടുള്ളതിനാൽ പേടിക്കേണ്ടതില്ല എന്നു കരുതിയാണ് ഇരുവരും വാതിൽ തുറന്നത്. എന്നാൽ, എങ്ങനെയോ സിറ്റൗട്ടിൽ കടന്നുകൂടി പതിയിരുന്ന അക്രമികൾ ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഹമീദിനെ ചവിട്ടിവീഴ്‌ത്തിയിട്ട സംഘം സുബൈദയുടെ കഴുത്തിൽ വയറിട്ട് കുരുക്കുകയും കത്തികൊണ്ട് തലയിലും കൈയിലും മുറിവേൽപ്പിക്കുകയും ചെയ്തു. വായിലും മുറിവേറ്റു. സുബൈദ ഉച്ചത്തിൽ നിലവിളിച്ചതോടെ സംഘം ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അടുക്കളഭാഗത്തെ വാതിൽ തുറന്നാണ് അക്രമിസംഘം രക്ഷപ്പെട്ടത്. വീട്ടിൽനിന്നോ സുബൈദയുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. ഓടിയെത്തിയ തൊട്ടടുത്ത ലക്ഷംവീട് കോളനി നിവാസികളും മറ്റുള്ളവരും ചേർന്നാണ് ദമ്പതിമാരെ ആശുപത്രിയിലെത്തിച്ചത്. ഇവർ മാത്രമാണ് വീട്ടിൽ താമസം. സംഭവമറിഞ്ഞ് റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തി. പോലീസ്‌നായ അടുക്കളവാതിലിലൂടെ വീടിന്റെ പിന്നിേലക്കോടി ദേശീയപാതയിലെത്തി ബസ് കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിൽ നിന്നു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. പി.ആർ. രാജേഷിനാണ് അന്വേഷണച്ചുമതല. വധശ്രമത്തിനാണ് കേസ്. മോഷണശ്രമമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിച്ചാണ് അന്വേഷണം. അക്രമികളിലൊരാൾ റോസ്‌നിറത്തിലുള്ള ടീ ഷർട്ടും പാന്റ്‌സുമാണ് ധരിച്ചിരുന്നതെന്നും 20 വയസ്സ് തോന്നിക്കുമെന്നും ആശുപത്രിയിലുള്ള സുബൈദ പറഞ്ഞു. കൃത്യമായ മുന്നൊരുക്കത്തോടെയാണ് അക്രമികൾ എത്തിയതെന്ന് എസ്.പി. ജി. പൂങ്കുഴലി പറഞ്ഞു. പരിസരത്തുതന്നെ താമസിക്കുന്ന രണ്ട് യുവാക്കളാണ് കസ്റ്റഡിയിലുള്ളത്. നേരത്തേ വിവിധ കേസുകളിൽപ്പെട്ടവരായ ഇവരെ ചോദ്യംചെയ്തുവരുകയാണ്. മോഷണംതന്നെയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3rue6uG
via
IFTTT
No comments:
Post a Comment