ചെന്നൈ: കർണാടക അതിർത്തിമുതൽ ആറ്ജില്ലകളിൽ ഒരുക്കുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങി വി.കെ. ശശികല തിങ്കളാഴ്ച ചെന്നൈയിൽ തിരിച്ചെത്തും. നാലുവർഷത്തെ ജയിൽവാസം പൂർത്തിയാക്കി വി.കെ. ശശികല തമിഴ്നാട്ടിൽ തിരിച്ചെത്തുന്നതോടെ വരും ആഴ്ചകളിൽ തമിഴ്നാട് രാഷ്ട്രീയം സംഭവബഹുലമാകും. ശശികലയുടെ വരവിനോട് അനുബന്ധിച്ച് നിരവധി നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. പാർട്ടി കൊടി ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. വൻപോലീസ് സന്നാഹമാണ് കർണാടക-തമിഴ്നാട് അതിർത്തിയിലുള്ളത്. ശശികലയുടെ വരവ് തമിഴ്നാട്ടിൽ വലിയ ക്രമസമാധാന പ്രശ്നം സംസ്ഥാനത്ത് സൃഷ്ടിക്കുമെന്ന് അണ്ണാ ഡി.എം.കെ. ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ, അണ്ണാ ഡി.എം.കെയുടെ കൊടി കെട്ടിയ കാറിലായിരുന്നു ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽനിന്ന് ശശികല പുറത്തേക്കു വന്നത്. എന്നാൽ ഈ കൊടി ഉപയോഗിച്ച് തമിഴ്നാട്ടിലേക്ക് കടക്കരുതെന്ന നിർദേശം കൃഷ്ണഗിരി പോലീസ് ശശികലയ്ക്ക് നൽകിയിട്ടുണ്ട്. കർണാടകയിൽനിന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന സുസുവാടി എന്ന സ്ഥലത്തേക്ക് ശശികല എത്തുമ്പോൾ പടക്കം പൊട്ടിക്കുകയോ ബാൻഡ് മേളം സംഘടിപ്പിക്കുകയോ അരുതെന്നും പോലീസ് നിർദേശമുണ്ട്. ശശികലയെ ആരും അനുഗമിക്കരുതെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്. 35 വാഹനങ്ങളുടെ അകമ്പടിയിൽ തമിഴ്നാട്ടിലേക്ക് പോകാനായിരുന്നു ശശികല തീരുമാനിച്ചിരുന്നത്. എന്നാൽ അഞ്ചുവാഹനങ്ങളിൽ അധികം ശശികലയ്ക്കൊപ്പമുണ്ടാകരുതെന്നും കൃഷ്ണഗിരി പോലീസ് നിർദേശിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ നന്ദിഹിൽസിലെ റിസോർട്ടിൽനിന്നാണ് ശശികല യാത്ര ആരംഭിക്കുന്നത്. ടി.ടി.വി. ദിനകരൻ ഇന്നലെ തന്നെ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെയാണ് ശശികല തമിഴ്നാട്ടിലെത്തുക. പോരൂരിലെ എം.ജി.ആറിന്റെ വീടിനു സമീപത്തെ സ്വീകരണത്തിനു ശേഷം റാലിയായി മറീന ബീച്ചിലെ ജയലളിത സ്മാരകത്തിലേക്ക് പോകുമെന്നാണ് വിവരം. കർണാടക അതിർത്തിയിലുള്ള ഹൊസൂരിൽ ആരംഭിക്കുന്ന സ്വീകരണപരിപാടികൾ ചെന്നൈവരെ തുടരും. മുൻ മന്ത്രി പി. പളനിയപ്പന്റെ നേതൃത്വത്തിലാകും അതിർത്തിയിൽ ശശികലയെ വരവേൽക്കുക. ഹൊസൂരിൽ മൂന്നിടങ്ങളിൽ സ്വീകരണം ഒരുക്കും. കൃഷ്ണഗിരി, വെല്ലൂർ, തിരുപ്പത്തൂർ, തിരുവള്ളൂർ, കാഞ്ചീപുരം ജില്ലകളിലെ സ്വീകരണങ്ങൾക്ക് ശേഷം ചെന്നൈയിലേക്ക് പ്രവേശിക്കും. ചെന്നൈയിൽ ചെമ്പരമ്പാക്കം മുതൽ ടി.നഗർ വരെ 30-ൽപരം സ്ഥലങ്ങളിലാണ് സ്വീകരണം ഒരുക്കുന്നത്. എം.ജി.ആറിന്റെ രാമാപുരത്തുള്ള വസതിക്ക് സമീപം എ.ഐ.എ.ഡി.എം.കെ. കൊടി ഉയർത്താനും പദ്ധതിയുണ്ട്. എന്നാൽ ഇതിനെതിരേ എം.ജി.ആറിന്റെ ബന്ധുക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. എ.ഐ.എ.ഡി.എം.കെ. നേതൃത്വം തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനവും ശശികല നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരൊക്കെ എതിർത്താലും ശശികല എ.ഐ.എ.ഡി.എം.കെ.യുടെ തലപ്പത്തെത്തുമെന്നാണ് എ.എം.എം.കെ. നേതാക്കൾ പറയുന്നത്. പാർട്ടിയെ തിരിച്ചുപിടിക്കാനുള്ള പ്രസ്ഥാനമാണ് എ.എം.എം.കെ. എന്നാണ് ദിനകരന്റെ പ്രതികരണം. ഹൊസൂരിൽ അടക്കം സ്വീകരണ പരിപാടി നടക്കുന്നിടങ്ങളിൽ എ.എം.എം.കെ. കൊടികളാണ് സ്ഥാപിച്ചിരിക്കുന്നത്. സഹോദരന്റെ മകളായ കൃഷ്ണപ്രിയയുടെ ടി.നഗറിലുള്ള വീട്ടിലാകും ശശികല താമസിക്കുക. content highlights:sasikala return to tamilnadu
from mathrubhumi.latestnews.rssfeed https://ift.tt/3cQXOIf
via
IFTTT
No comments:
Post a Comment