തിരുവനന്തപുരം: സർക്കാരിനെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കാൻ ശബരിമല വിഷയം വീണ്ടും ചർച്ചയാക്കിയ യു.ഡി.എഫിന്റെ രാഷ്ട്രീയതന്ത്രം എൽ.ഡി.എഫിനെ മാത്രമല്ല ബി.ജെ.പി.യെയും സമ്മർദത്തിലാക്കി. ശബരിമല വിഷയം അവഗണിച്ച് ഇല്ലാതാക്കാൻ എൽ.ഡി.എഫും ഏറ്റുപിടിക്കാൻ മടിച്ച് ബി.ജെ.പി.യും കാണിച്ച കൗശലം, വിശ്വാസസംരക്ഷണത്തിനുള്ള കരട് നിയമം യു.ഡി.എഫ്. പുറത്തുവിട്ടതോടെ തകർന്നു. ഇതോടെ, ക്ഷേത്രഭരണം വിശ്വാസികൾക്ക് വിട്ടുനൽകണമെന്ന രീതിയിലേക്ക് ബി.ജെ.പി.യും വിശ്വാസികളെ ചേർത്തുപിടിച്ചുള്ള വർഗബോധമാണ് വേണ്ടതെന്ന് സി.പി.എമ്മും നിലപാട് വിശദീകരിച്ചു രംഗത്തെത്തി. ശബരിമല വിഷയത്തിൽ സർക്കാരിന് മനംമാറ്റമുണ്ടെങ്കിൽ യുവതീപ്രവേശത്തെ അനുകൂലിച്ച് നൽകിയ സത്യവാങ്മൂലം തിരുത്തണമെന്നാണ് കോൺഗ്രസ് ആവശ്യം. ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും പിന്നീട് രാഷ്ട്രീയവേദിയിൽ ഉന്നയിക്കുകയും ചെയ്തെങ്കിലും ആ ചൂണ്ടയിൽ കൊത്താതിരിക്കാനുള്ള കരുതൽ സർക്കാരും സി.പി.എമ്മും സ്വീകരിച്ചു. കോടതിയിലിരിക്കുന്ന കേസിൽ അഭിപ്രായം പറഞ്ഞ് രാഷ്ട്രീയവിഷയമാക്കി വളർത്തേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം. എന്നാൽ, ശബരിമലയിൽ സി.പി.എം. മിണ്ടാനില്ലെന്ന രീതിയിൽ വാർത്തകൾ മാറിയതോടെ പാർട്ടിയും മുഖ്യമന്ത്രിയും വിശദീകരണവുമായെത്തി. പുനഃപരിശോധന വിധി എല്ലാവരുമായി ചർച്ചചെയ്ത് മാത്രം നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയും സി.പി.എമ്മും വിശദീകരിച്ചത്. നിയമനിർമാണമെന്ന വാദം കാപട്യമാണെന്ന് മുഖ്യമന്ത്രി ഉന്നയിച്ചതോടെയാണ് കരട് പുറത്തുവിട്ട് കോൺഗ്രസ് ഒരുപടി കൂടി കയറി കളിച്ചത്. ശബരിമല വിഷയം ചർച്ചയാക്കുന്നത് യു.ഡി.എഫിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണെന്ന തിരിച്ചറിവ് ബി.ജെ.പി.ക്കുണ്ട്. അത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് അനുകൂലമാകില്ലെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് അവരെ ബോധ്യപ്പെടുത്തിയതാണ്. അതിനാലാണ് ശബരിമല പ്രചാരണവിഷയമായി ഏറ്റെടുക്കാൻ ബി.ജെ.പി. മടിച്ചത്. എന്നാൽ, രാഷ്ട്രീയചർച്ച ശബരിമല കേന്ദ്രീകരിച്ചായപ്പോൾ, ക്ഷേത്രഭരണം വിശ്വാസികൾക്കെന്ന മുദ്രാവാക്യത്തിലേക്ക് ബി.ജെ.പി.യും കടന്നു. ഒരേസമയം, കോൺഗ്രസിനെയും സി.പി.എമ്മിനെയും കുരുക്കാനുള്ള രാഷ്ട്രീയതന്ത്രമെന്ന നിലയിലാണ് ക്ഷേത്രം വിശ്വാസികൾക്കെന്ന രീതിയിലേക്ക് ചർച്ചമാറ്റാൻ ബി.ജെ.പി. ശ്രമിക്കുന്നത്. വിശ്വാസികളെ ഇടതുപക്ഷത്തുനിന്ന് അകറ്റാനുള്ള രാഷ്ട്രീയനീക്കമെന്ന നിലയിലാണ് ശബരിമല വിഷയം ചർച്ചയാക്കുന്നതിനെ സി.പി.എം. കാണുന്നത്. അതിനാൽ, വിശ്വാസികളിൽ ആശങ്കയോ ആശയക്കുഴപ്പമോ ഇല്ലാത്ത സമീപനം സ്വീകരിക്കാനാണ് പാർട്ടിതീരുമാനം. വൈരുധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ പ്രായോഗിക സമീപനം വിശദീകരിച്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദൻ വിശ്വാസികളെ കൂടെനിർത്തേണ്ട അനിവാര്യതയാണ് പറഞ്ഞുവെച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/3q0rVRk
via
IFTTT
No comments:
Post a Comment