’ദയ’ യുടെ കരങ്ങളിൽ ’അബാക്ക’ ആയി അവൾ... - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 12, 2020

’ദയ’ യുടെ കരങ്ങളിൽ ’അബാക്ക’ ആയി അവൾ...

പറവൂർ: ഓടുന്ന കാറിന്റെ ഡിക്കിയിൽ പ്ലാസ്റ്റിക് ചരടുകൊണ്ട് കെട്ടി ടാറിട്ട റോഡിലൂടെ വലിച്ചിഴച്ച കൊടുംക്രൂരതയ്ക്ക് ഇരയായ പെൺനായയ്ക്ക് കരുണയുടെ കരസ്പർശം. അവൾ ഇനിമുതൽ 'ദയ' സംഘടനയുടെ സ്നേഹത്തണലിൽ 'അബാക്ക' എന്ന പേരുകാരിയുമായി. അഞ്ചുദിവസം തുടർചികിത്സയും പൂർണ വിശ്രമവുമാണ് ഡോക്ടർമാർ അബാക്കയ്ക്ക് കുറിച്ചിട്ടുള്ളത്. അനിമൽ വെൽഫെയർ ഓർഗനൈസേഷനായ ദയയുടെ പ്രവർത്തകർ കണ്ണിലെണ്ണയൊഴിച്ച് പരിചരണത്തിലാണിപ്പോൾ. വെള്ളിയാഴ്ചയാണ് കാറിന് പിന്നിൽ നായയെ കെട്ടി റോഡിലൂടെ വലിച്ചിഴയ്ക്കുന്നത്, പിന്നാലെ ബൈക്കിൽ വരികയായിരുന്ന മേയ്ക്കാട് കരിമ്പാട്ടൂർ അഖിൽ (21) കണ്ടത്. അഖിൽ വാഹനത്തിന് പിന്നാലെ പോയി. അഖിലിന്റെ ഇടപെടലിനെ തുടർന്ന് കാർ ഡ്രൈവർ ചാലാക്ക കോന്നം വീട്ടിൽ യൂസഫ് (62) നായയെ അഴിച്ചുവിട്ടു. പ്രളയകാലത്ത് അഭയംതേടി വീട്ടിലെത്തി, പിന്നീട് അവിടെ വളർന്ന നായയെ ഉപേക്ഷിക്കാനാണ് യൂസഫ് അതിനെ കാറിൽ കെട്ടിവലിച്ചത്. അവശയായ നായയെ ദയ വൈസ് പ്രസിഡന്റ് പറവൂരിലെ ടി.ജെ. കൃഷ്ണനും അഖിലും സുഹൃത്തുക്കളുമൊക്കെ ചേർന്ന് പറവൂർ വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ച് ചികിത്സ നൽകി. അഖിൽ മൊബൈലിൽ പകർത്തിയ, നായയെ കാറിൽകെട്ടി വലിച്ചിഴയ്ക്കുന്ന രംഗവും മറ്റൊരു നായ ഇതുകണ്ട് പിന്നാലെ ഓടുന്നതും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ മിണ്ടാപ്രാണിയോടുള്ള ക്രൂരതയ്ക്ക് എതിരേ പരക്കെ രോഷമുയർന്നു. ചെങ്ങമനാട് പോലീസിൽ അഖിൽ നൽകിയ പരാതിയെ തുടർന്ന് യൂസഫിനെതിരേ കേസെടുത്ത് ജാമ്യത്തിൽ വിട്ടു. ഇയാളുടെ വാഹനവും പിടിച്ചെടുത്ത് ലൈസൻസും രജിസ്ട്രേഷനും റദ്ദാക്കി. നായയെ കൃഷ്ണൻ വീട്ടിൽ കൊണ്ടുപോയി പരിചരിച്ചു. രാത്രി ഭക്ഷണം കഴിക്കുകയും സുഖമായി ഉറങ്ങുകയും ചെയ്തതായി കൃഷ്ണൻ പറഞ്ഞു. ശനിയാഴ്ച വിദഗ്ധ ചികിത്സയ്ക്കായി 'ദയ' പ്രവർത്തകരായ തൃപ്പൂണിത്തുറ ആസാദ് ജങ്ഷനിലെ ഡോ. കിഷോർ ജനാർദനൻ, ഡോ. സോണിയ സതീഷ് എന്നിവരുടെ അടുക്കലെത്തിച്ചു. റോഡിലൂടെ വലിച്ചിഴച്ചതുമൂലം കാലിലും മുട്ടിലും മറ്റുമായി 15-ലേറെ ഭാഗത്ത് ഉരഞ്ഞ പരിക്കുകളുണ്ട്. അഞ്ചുദിവസം ആന്റിബയോട്ടിക് ഇൻജക്ഷനും മുറിവ് ഉണങ്ങാനുള്ള ഡ്രസ് ചെയ്യലും നിർദേശിച്ചിട്ടുണ്ട്. ആന്തരിക പരിക്കുണ്ടോ എന്നറിയാൻ സ്കാനും എക്സ്റെയും എടുത്തു. ദയയുടെ ഇന്റലക്ച്വൽ സെല്ലിലെ വിനീത മേനോനാണ് നായയ്ക്ക് 'അബാക്ക' എന്ന് പേരിട്ടത്. ഇപ്പോൾ പറവൂരിൽ കൃഷ്ണന്റെ വീട്ടിലാണ് നായ കഴിയുന്നത്. നായയോടുള്ള ക്രൂരതയെ ചോദ്യംചെയ്ത അഖിൽ മേയ്ക്കാട് കരിമ്പാട്ടൂർ ശെൽവന്റെയും ഓമനയുടെയും മകനാണ്. മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ പഠിച്ചശേഷം പ്ലാന്റ് ഓപ്പറേറ്റായിരുന്നു. റഷ്യയിൽ ജോലിതേടി പോകാനുള്ള ശ്രമത്തിലാണ് അഖിൽ. കർശന നടപടിയുമായി മുന്നോട്ട് പോകും -ജില്ലാ പോലീസ് മേധാവി ചെങ്ങമനാട്: നായയെ റോഡിലൂടെ കാറിൽ കെട്ടിവലിച്ച സംഭവത്തിൽ കർശന നടപടിയുമായി മുന്നോട്ടു പോകുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. സംഭവത്തിന് ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കാൻ പോലീസ് ആർ.ടി.ഒ.യ്ക്ക് റിപ്പോർട്ട് നൽകി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് എസ്.പി. നിർദേശം നൽകിയിട്ടുണ്ട്. വാഹനത്തിന്റെ ഡ്രൈവർ ചാലാക്ക കോന്നം വീട്ടിൽ യൂസഫിനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നായയെ കാറിൽ കെട്ടിവലിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ കണ്ടതിനെ തുടർന്ന് എസ്.പി. യുടെ നിർദേശപ്രകാരമാണ് ചെങ്ങമനാട് പോലീസ് സ്വമേധയാ കേസെടുത്തത്. Content Highlights: dog tied to moving car; She is now in the loving shadow of the Daya organization


from mathrubhumi.latestnews.rssfeed https://ift.tt/2IJoTk1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages