തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനു നൽകിയ കരാറുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്(ഇ.ഡി.) സംശയം പ്രകടിപ്പിച്ചതോടെ അതിനെ രാഷ്ട്രീയമായി യു.ഡി.എഫ്. ഏറ്റെടുത്തു. എന്നാൽ, യു.ഡി.എഫ്. സർക്കാരിന്റെ കാലത്തും കോടികളുടെ കരാറുകളാണ് ടെൻഡറില്ലാതെ ഊരാളുങ്കലിനു ലഭിച്ചത്. ‘യു.ഡി.എഫ്. ഇലയിട്ടു, എൽ.ഡി.എഫ്. വാരിക്കോരി വിളമ്പി’- ഇതാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ സംഭവിച്ചത്. എൽ.ഡി.എഫ്. സർക്കാർ വന്നശേഷം 2019 െസപ്റ്റംബർ വരെ 347 കരാറുകളാണ് ടെൻഡറില്ലാതെ സർക്കാർ വകുപ്പുകൾമാത്രം ഊരാളുങ്കലിനു നൽകിയത്. നിയമസഭ, തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡ്-കോർപ്പറേഷൻ എന്നിവയെല്ലാം നൽകിയ കരാറുകൾ ഇതിനു പുറമെ. എട്ടുകോടി രൂപയ്ക്ക് പൂർത്തിയാക്കാനാകുമെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി.) നിർദേശിച്ച ഇ-നിയമസഭ പദ്ധതിയാണ് ഊരാളുങ്കലിന് 52.31 കോടിരൂപയ്ക്കു നൽകിയത്. ഉയർന്ന നിരക്കിൽ കരാർ നൽകുകയും അത് മറ്റുപല ഏജൻസികൾക്കും വ്യക്തികൾക്കും ഉപകരാർ നൽകുകയുമാണ് ഊരാളുങ്കൽ ചെയ്യുന്നതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപം. ഇത്തരം ഉപകരാറുകളിലൂടെ സാമ്പത്തിക ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. 2015-ൽ ഉമ്മൻചാണ്ടി സർക്കാരാണ് ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി ഊരാളുങ്കലിനെ അംഗീകരിച്ചത്. സർക്കാർ അംഗീകരിച്ച അക്രഡിറ്റഡ് ഏജൻസികൾക്ക് ടെൻഡറില്ലാതെ കരാർ നൽകാം. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് 1050 കോടിയുടെ നിർമാണക്കരാറുകൾ സൊസൈറ്റിക്കു നൽകി. 2016 ജനുവരിയിൽ ഐ.ടി. അനുബന്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള അനുമതി ഊരാളുങ്കലിനു നൽകിയതും ഉമ്മൻചാണ്ടി സർക്കാരാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 250 കോടിവരെയുള്ള കരാറുകൾ ഊരാളുങ്കലിന് ടെൻഡറില്ലാതെ നൽകാൻ അനുമതി നൽകി. എൽ.ഡി.എഫ്. സർക്കാർ 2017-ൽ ഇത് 500 കോടിയായും 2019-ൽ 800 കോടിയായും ഉയർത്തി. സഹകരണ സംഘമെന്ന പരിഗണനയിൽ കരാർ ഏറ്റെടുക്കുകയും സ്വകാര്യ കമ്പനികൾ രൂപവത്കരിച്ചും മറ്റ് ഏജൻസികൾക്ക് ഉപകരാർ നൽകിയും അത് നിർവഹിക്കുകയും ചെയ്തതാണ് ഊരാളുങ്കലിനെ ഇപ്പോൾ വിവാദത്തിലാക്കിയത്.തൊഴിലാളി ക്ഷേമത്തിനായി വാഗ്‌ഭടാനന്ദൻ തുടക്കമിട്ട സ്ഥാപനമാണ് ഊരാളുങ്കൽ. ഗുണനിലവാരം ഉറപ്പാക്കി നിശ്ചിത സമയത്തിനുമുമ്പേ ഏറ്റെടുത്ത പണി തീർത്തുനൽകിയാണ് അത് ജനവിശ്വാസവും പേരുമുണ്ടാക്കിയത്. ഏറ്റെടുത്ത പണികളിലൊന്നിൽപ്പോലും പേരുദോഷമോ പരാതിയോ ഊരാളുങ്കൽ ഉണ്ടാക്കിയിട്ടില്ല. പരിധിക്കപ്പുറമുള്ള പണികൾ ഏറ്റെടുത്തതാണ് ഇപ്പോൾ ഊരാളുങ്കലിനെ ബാധിച്ചത്. ഇ.ഡി.യുടെ അന്വേഷണ വലയത്തിലുള്ള മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ഇടപെടൽ ഊരാളുങ്കലിനെ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാക്കി. യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ഇവർക്ക് നൽകിയ കരാറുകൾ പുനപ്പരിശോധിക്കുമെന്ന് പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചു. ടോട്ടൽ സൊലൂഷൻ പ്രൊവൈഡർ ഒന്നിലേറെ മേഖലകളിൽ പ്രവൃത്തി ഏറ്റെടുക്കാൻ കാര്യശേഷിയുള്ള സ്ഥാപനങ്ങളെയാണ് സർക്കാർ ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി അംഗീകരിക്കുന്നത്. ഒരു പദ്ധതിനിർവഹണം മൊത്തത്തിൽ ഈ സ്ഥാപനങ്ങൾക്ക് കരാറായി നൽകാമെന്നതാണ് ഇതിന്റെ നേട്ടം.അക്രഡിറ്റഡ് ഏജൻസിഓരോ വർഷവും ധനവകുപ്പാണ് അക്രഡിറ്റഡ് ഏജൻസികളെ നിശ്ചയിക്കാറുള്ളത്. ടെൻഡറില്ലാതെ നേരിട്ട് ഇത്തരം ഏജൻസികൾക്ക് കരാർ നൽകാനാവും. ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായ ഏജൻസികളെ അക്രഡിറ്റഡ് ഏജൻസികളായും അംഗീകരിക്കാറുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2LzUOVf
via
IFTTT
No comments:
Post a Comment