മലപ്പുറം: ഇത്തവണത്തെ തദ്ദേശതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പം വെളുക്കെ ചിരിക്കാൻകഴിയുന്ന കക്ഷിയായി മുസ്‌ലിംലീഗ്. കാസർകോട് അൽപ്പം ക്ഷീണംപറ്റിയെങ്കിലും മൊത്തത്തിൽ തന്ത്രംവിജയിച്ച ആഹ്ളാദത്തിലാണ് ലീഗ്. യു.ഡി.എഫിൽ കോൺഗ്രസ്സിന് ക്ഷീണം സംഭവിച്ചപ്പോഴാണ് ലീഗ് വ്യക്തമായ കരുത്ത് കാട്ടിയത്. മലപ്പുറംജില്ലയിൽ നഷ്ടപ്പെട്ട ഇടങ്ങൾ ലീഗ് തിരിച്ചുപിടിച്ചപ്പോൾ രണ്ടുദശാബ്ദമായി കൈവശമുണ്ടായിരുന്നതും ആര്യാടൻ മുഹമ്മദിന്റെ തട്ടകവുമായിരുന്ന നിലമ്പൂർ നഗരസഭ കോൺഗ്രസ്സിന് നഷ്ടമായി. തിരഞ്ഞെടുപ്പിനെ നേരിടുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ലീഗ് ഒരുക്കിയ പദ്ധതി വിജയിച്ചു എന്നതാണ് ഫലം തെളിയിക്കുന്നത്. ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുപ്പിന്റെ ചുമതല ഏൽപ്പിക്കുകയാണ് ലീഗ് ആദ്യംചെയ്തത്. നിയമസഭ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനലാണ് തദ്ദേശമെന്ന് കുഞ്ഞാലിക്കുട്ടി തുടക്കത്തിൽത്തന്നെ വ്യക്തമാക്കുകയുംചെയ്തു. കഴിഞ്ഞതവണ എൽ.ഡി.എഫ്. വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ സഖ്യത്തെ സാമ്പാർമുന്നണി എന്നു വിളിച്ച് പരിഹസിച്ച ലീഗ് ഇത്തവണ ആ പരിഹാസത്തെ സ്വയംവരിച്ചു. ജമാ അത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയമുഖമായ വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം സംബന്ധിച്ച് സമസ്തയ്ക്കുള്ള അഭിപ്രായവ്യത്യാസമായിരുന്നു ലീഗിന്റെ മുന്നിലുള്ള ആദ്യകടമ്പ. എന്നാൽ സമസ്തയിലും ലീഗിലും രണ്ടു നിലപാടുകളെയും തുണയ്ക്കുന്നവരുണ്ടായിരുന്നത് ലീഗിന് ഗുണകരമായി. വെൽഫെയർ പാർട്ടിയുമായി ലീഗ് പ്രാദേശികധാരണ ഉണ്ടാക്കുമെന്നും എന്നാൽ രാഷ്ട്രീയമായി യു.ഡി.എഫിലെ ഘടക കക്ഷികളുടെ കാര്യത്തിൽ മാറ്റമൊന്നുമില്ലെന്നും ലീഗ് പ്രഖ്യാപിച്ചത് അണികളുടെ ആശയക്കുഴപ്പം ഒഴിവാക്കി. അതോടെ പന്ത് കോൺഗ്രസ്സിന്റെ കോർട്ടിലേക്ക് ലീഗ് വിദഗ്ധമായി തട്ടുകയായിരുന്നു. കോൺഗ്രസ്സ് നേതാക്കൾ പരസ്യമായി ഇക്കാര്യത്തിൽ ഭിന്ന നിലപാട് കൈക്കൊണ്ടു. വെൽഫെയർ പാർട്ടിയുമായി ബന്ധമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞപ്പോൾ ധാരണ ഉണ്ടെന്നും യു.ഡി.എഫ്. നയം പറയേണ്ട ആൾ താനാണെന്നും യു.ഡി.എഫ്. കൺവീനറായ എം.എം. ഹസ്സൻ വെട്ടിത്തുറന്നു പറഞ്ഞു. ഇത്തരം വ്യക്തതയില്ലായ്മ കോൺഗ്രസ്സിന് തിരിച്ചടിയായി. തദ്ദേശ തിരഞ്ഞെടുപ്പിൽ 42 ഇടങ്ങളിലാണ് 2015-ൽ സംസ്ഥാനത്ത് വെൽഫെയർ പാർട്ടി ജയിച്ചത്. അൻപതിടത്ത് രണ്ടാം സ്ഥാനത്തുമെത്തി. കാലിനടിയിൽനിന്ന്് മണ്ണ് ചോരുന്നുവെന്ന തിരിച്ചറിവും ഇടതുപക്ഷം നേട്ടമുണ്ടാക്കുന്നു എന്നതും കണക്കിലെടുത്താണ് വെൽഫെയർ പാർട്ടിയോടുള്ള നിലപാട് മാറ്റാൻ ലീഗിനെ പ്രേരിപ്പിച്ചത്. ലീഗിന്റെ പൊന്നാപുരം കോട്ടയെന്നറിയപ്പെടുന്ന മലപ്പുറത്ത് 94 ഗ്രാമപ്പഞ്ചായത്തുകളിൽ 35 ഇടത്താണ് എൽ.ഡി.എഫ്. ഭരിക്കുന്നത് . അത് ഇത്തവണ ഗണ്യമായി കുറയ്ക്കുന്നതിൽ ലീഗ് വിജയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3r6WC86
via
IFTTT
No comments:
Post a Comment