കൊച്ചി: ഒടുവിലതു സംഭവിച്ചു, കുടിവെള്ളവും വെറുമൊരു കച്ചവടച്ചരക്കായി. സ്വർണത്തിന്റെയും അസംസ്കൃത എണ്ണയുടെയുമൊക്കെ വഴിയേ വെള്ളത്തിന്റെയും അവധിവ്യാപാരം (കമോഡിറ്റി ഫ്യൂച്ചേഴ്സ്) ആരംഭിക്കുന്നു. വെള്ളത്തിന് ഏറ്റവുമധികം ക്ഷാമം നേരിടാൻപോകുന്ന രാജ്യങ്ങളിലൊന്നായ അമേരിക്കയാണ് ഇതിന്റെ വ്യാപാരത്തിനു തുടക്കമിട്ടിരിക്കുന്നത്. വിപണിവിലയനുസരിച്ച് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഉത്പന്നമാവും ഇതോടെ വെള്ളം. എല്ലാ അതിർത്തികളും ലംഘിച്ച് വില ഉയരുകയും ചെയ്യും. അടുത്ത ലോകയുദ്ധം വെള്ളത്തിനുവേണ്ടിയായിരിക്കുമെന്ന പ്രവചനങ്ങൾക്കിടെയാണ് ഈ കച്ചവടം. ഷിക്കാഗോ ആസ്ഥാനമായുള്ള 'ഷിക്കാഗോ മെർക്കന്റൈൽ എക്സ്ചേഞ്ച്' (സി.എം.ഇ.) ആണ് വെള്ളത്തിന്റെ അവധിവ്യാപാര കരാറിനു തുടക്കംകുറിക്കുന്നത്. ജലത്തിന് സമീപഭാവിയിൽത്തന്നെ ഉണ്ടായേക്കാവുന്ന ദൗർലഭ്യം മുതലാക്കുകയാണു ലക്ഷ്യം. 2025-ഓടെ ലോകജനസംഖ്യയുടെ മൂന്നിൽരണ്ടും ജലദൗർലഭ്യം നേരിടുമെന്നാണു കണക്കാക്കുന്നത്. കിട്ടാൻ ബുദ്ധിമുട്ടേറുന്തോറും ഏതൊരുത്പന്നത്തിന്റെയും മൂല്യമേറും. അതേ മാതൃകയിൽ വെള്ളത്തിനും വില വൻതോതിൽ കൂടുമെന്ന പ്രതീക്ഷയിലാണ് സി.എം.ഇ. അമേരിക്കയിലെ പ്രശസ്ത ധനകാര്യ വിപണിയായ വാൾ സ്ട്രീറ്റിൽ വെള്ളത്തിന്റെ അവധിവ്യാപാരം തുടങ്ങുന്നത്. നിലവിൽ അമേരിക്കയിൽ മാത്രമാണ് ഇതിന്റെ വ്യാപാരമെങ്കിലും ഇതിന്റെ വിലവ്യതിയാനം ലോകമാകമാനം ഒരു സൂചികയായിമാറാനാണു സാധ്യത. വില 36,000 രൂപ! ഒരു ചതുരശ്ര ഏക്കറിൽ ലഭ്യമായ വെള്ളമാണ് ഒരു യൂണിറ്റായി വ്യാപാരം ചെയ്യപ്പെടുക. 1233 ക്യുബിക് മീറ്ററിനു തുല്യമായ വെള്ളമായിരിക്കും ഇത്. 486.53 ഡോളറാണ് ഇതിന്റെ അടിസ്ഥാനവില. അതായത്, ഏതാണ്ട് 36,000 രൂപ. എൻ.ക്യു.എച്ച്.2.ഒ. (NQH2O) എന്ന കോഡ് നാമത്തിലായിരിക്കും വ്യാപാരം. ഉത്പന്ന അവധിവ്യാപാരം മുൻകൂട്ടി നിശ്ചയിച്ച വിലയിൽ ഭാവിയെ ലക്ഷ്യമാക്കി ഉത്പന്നങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന കരാറാണ് ഉത്പന്ന അവധിവ്യാപാരം അഥവാ കമോഡിറ്റി ഫ്യൂച്ചേഴ്സ്. റിയൽ എസ്റ്റേറ്റ് വില കുതിക്കുന്ന അവസരത്തിൽ മുൻകൂർ തുക നൽകി വസ്തു വാങ്ങാമെന്ന് കരാർ ഉണ്ടാക്കുന്നതുപോലെയാണ് അവധിവ്യാപാരവും. മിക്കപ്പോഴും മൂന്നുമുതൽ ആറുവരെ മാസം കഴിഞ്ഞായിരിക്കും മുഴുവൻ തുകയും നൽകി ഭൂമി കൈപ്പറ്റുക. വില ഉയരുകയാണെങ്കിൽ വാങ്ങിയ ആളിന് ഭൂമി കൈയിലെത്തുംമുമ്പുതന്നെ ലാഭമുണ്ടാക്കാം. കുറഞ്ഞാൽ നഷ്ടവും. ഇതുപോലെയാണ് അവധിവ്യാപാരവും. നിശ്ചിത തുക മുൻകൂർ നൽകി ഉത്പന്നം വാങ്ങാം. വില കൂടുകയാണെങ്കിൽ ലാഭം. കുറയുകയാണെങ്കിൽ നഷ്ടവും. Content Highlights:Water Is Now a Traded Commodity; Wall Street Begins Trading Water Futures as a Commodity
from mathrubhumi.latestnews.rssfeed https://ift.tt/3nlDqBl
via
IFTTT
No comments:
Post a Comment