കണ്ണിനു പകരം കണ്ണെടുക്കുന്നോ ദക്ഷിണേഷ്യ;വൈവിധ്യമെന്ന യാഥാര്‍ഥ്യത്തെ അംഗീകരിച്ചേ മതിയാകൂ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 23, 2021

കണ്ണിനു പകരം കണ്ണെടുക്കുന്നോ ദക്ഷിണേഷ്യ;വൈവിധ്യമെന്ന യാഥാര്‍ഥ്യത്തെ അംഗീകരിച്ചേ മതിയാകൂ

അഭയാർഥികളുണ്ടാകുന്നതിന് രണ്ട് കാരണങ്ങളാണ് പ്രധാനമായുള്ളത്. ഒന്ന് വിഭജനം. രണ്ട് യുദ്ധം. ഇതിന് രണ്ടിനും ഇന്ത്യ സാക്ഷിയായിട്ടുണ്ട്. 1947-ലെ ഇന്ത്യ-പാക് വിഭജനത്തെത്തുടർന്നുണ്ടായ മനുഷ്യപലായനം ലോകചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ നിർബന്ധിത കുടിയേറ്റങ്ങളിലൊന്നാണ്. ഏതാണ്ട് 18 ദശലക്ഷം ആളുകൾക്കാണ് അന്ന് ജന്മദേശം ഉപേക്ഷിക്കേണ്ടി വന്നത്. ബംഗ്ലാദേശിന്റെ പിറവിക്ക് കാരണമായ യുദ്ധത്തെത്തുടർന്ന് എട്ടു മുതൽ ഒൻപത് ദശലക്ഷം വരെ ആളുകൾ ഇന്ത്യയിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് കണക്ക്. അതിൽ ബഹുഭൂരിപക്ഷവും അഭയം കണ്ടെത്തിയത് പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലാണ്. പലായനം ചെയ്തവരിലും അഭയംതേടി വന്നവരിലും വിവിധ മതക്കാർ ഉണ്ടായിരുന്നു. അതുപോലെത്തന്നെ ഒട്ടേറെ ഹിന്ദുക്കളും മുസ്ലിങ്ങളും വെല്ലുവിളികളെ അതിജീവിച്ച് സ്വദേശത്ത് തുടരുകയും ചെയ്തിട്ടുണ്ട്. പാകിസ്താനിലേക്ക് പോകാതെ ദശലക്ഷക്കണക്കിന് മുസ്ലിങ്ങളാണ് ഇന്ത്യയിൽ വിശ്വാസമർപ്പിച്ചത്. ആയിരക്കണക്കിന് ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്ക് വരാതെ പാകിസ്താനിൽത്തന്നെ ജീവിക്കാൻ തീരുമാനിച്ചു. ബംഗ്ലാദേശിലുമുണ്ട് ഇതുപോലെ ഒട്ടേറെ ഹിന്ദുക്കൾ. ഈ മൂന്ന് രാജ്യങ്ങളിൽ പ്രഖ്യാപിത മതനിരപേക്ഷ സ്വതന്ത്ര റിപ്പബ്ലിക്കുകൾ ഇന്ത്യയും ബംഗ്ലാദേശുമാണ്. എന്നാൽ, ഇന്ന് ഈ രണ്ടു രാജ്യങ്ങളും കഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നു. പരമ്പരാഗതമായി ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലിങ്ങൾ ഇന്ന് മതപരമായി കടുത്ത വിവേചനം നേരിടുകയാണ്. കേന്ദ്രസർക്കാർ അവരെ സംരക്ഷിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുന്നില്ല എന്ന് മാത്രമല്ല, ആക്രമണങ്ങളെ അപലപിക്കാൻപോലും തയ്യാറാവുന്നില്ല. ഇന്ത്യൻ മുസ്ലിങ്ങളുടെ കാര്യത്തിൽ മറ്റേതെങ്കിലും രാജ്യം ആശങ്ക പ്രകടിപ്പിച്ചാൽ ഉടൻ ആഭ്യന്തര കാര്യത്തിൽ ബാഹ്യശക്തികൾ ഇടപെടരുത് എന്ന് പറഞ്ഞ് അവരെ വിലക്കും. അങ്ങനെയെങ്കിൽ ബംഗ്ലാദേശിൽ ഹിന്ദുക്കളും ഹിന്ദു ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടപ്പോൾ മോദി സർക്കാർ അഭിപ്രായപ്രകടനം നടത്തിയത് സ്വന്തം നയത്തിനുതന്നെ വിരുദ്ധമാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയാകട്ടെ, ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തെ ശക്തമായി വിമർശിക്കുകയും കലാപകാരികൾക്കെതിരേ നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രിക്ക് നിർദേശം നൽകുകയുമാണ് ചെയ്തത്. ഈ അവസരത്തിൽ ആർ.എസ്.എസിന്റെ സ്ഥാപകരിൽ ഒരാളായ എം.എസ്. ഗോൾവാൾക്കർ നാം അഥവാ നമ്മുടെ രാഷ്ട്രം (We or Our Nationhood Defined) എന്ന പുസ്തകത്തിൽ എഴുതിയത് ഓർക്കുന്നു. ഹിന്ദു വംശത്തെയും സംസ്കാരത്തെയും പുകഴ്ത്തുക എന്നതല്ലാതെ മറ്റൊന്നിനെപ്പറ്റിയും മുസ്ലിങ്ങൾ ആലോചിക്കേണ്ടതില്ല... ഇവിടെ വസിക്കുന്നതുവരെ അവർ ഹിന്ദുരാഷ്ട്രത്തിന് വിധേയരാകണം... മുസ്ലിങ്ങൾ ഒന്നും അവശ്യപ്പെടാൻ അർഹരല്ല; പൗരാവകാശങ്ങൾപോലും. ഇന്നത്തെ ആർ.എസ്.എസ്./ ബി.ജെ.പി. നേതാക്കൾ ഈ ആശയത്തിൽനിന്ന് അകലം പാലിക്കുന്നുണ്ടെന്ന് കരുതാൻ ഒരു കാരണവുമില്ല. അത്യന്തം വിവേചനപരമായ പൗരത്വനിയമ ഭേദഗതിയെ ഒരു മതേതര രാജ്യത്തിന് എങ്ങനെയാണ് ന്യായീകരിക്കാനാവുക? ഈ നിയമത്തിന്റെ ബലത്തിൽ ആയിരക്കണക്കിന് മുസ്ലിങ്ങളെ വിദേശികൾ എന്നുപറഞ്ഞ് തടവിലാക്കാൻ ശ്രമിച്ചതിന്റെ പ്രത്യാഘാതമല്ല ബംഗ്ലാദേശിലുണ്ടായതെന്ന് ഉറപ്പിക്കാനാകുമോ? ഇന്ത്യക്കാരിൽ ചിലരെങ്കിലും ഇവിടത്തെ മുസ്ലിങ്ങളെ ദ്രോഹിക്കാൻ, ഭീകരവാദികളെന്ന് മുദ്രകുത്താൻ, ഉന്മൂലനം ചെയ്യാൻ യുക്തിരഹിതമായ കാരണങ്ങൾ കണ്ടെത്തുന്നുണ്ട്. അതേ യുക്തിരാഹിത്യമാണ് മറ്റു രാജ്യങ്ങളിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കും സിഖുകാർക്കും വിനയാകുന്നത്. പരസ്പര ബന്ധിതമായ ഈ ഉപഭൂഖണ്ഡത്തിൽ പ്രവൃത്തിയും പ്രത്യാഘാതവും ഒരുപോലെയാണ്. വൈവിധ്യമെന്ന യാഥാർഥ്യത്തെ അംഗീകരിച്ചേ മതിയാകൂ. വിവിധ സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും ഭാഷകളെയും ഉൾക്കൊള്ളാൻ ഓരോ രാജ്യവും പ്രാപ്തമാകണം. സഹിഷ്ണുതയും പരസ്പരബഹുമാനവുമാണ് ഏതൊരു രാജ്യത്തെയും ഏകോപിപ്പിക്കുക. ഹിംസ ഹിംസയെ മാത്രമേ വളർത്തുകയുള്ളൂ. കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം തന്നെ ഇരുട്ടിലാകും. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രആഭ്യന്തര/ധനകാര്യമന്ത്രിയുമാണ് ലേഖകൻ


from mathrubhumi.latestnews.rssfeed https://ift.tt/3pxQE1J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages