വിതുര : കാടിനോടുചേർന്ന് തലത്തൂതക്കാവ് എൽ.പി.സ്കൂളിന് ചുറ്റുമതിൽ നിർമിക്കാൻ അനുമതി തേടി സ്കൂൾ അധികൃതർ. കാട്ടുമൃഗശല്യം രൂക്ഷമായ ആദിവാസി മേഖലയിലെ ഈ സ്കൂളിന് മതിൽ നിർമിക്കാൻ വനം വകുപ്പ് അനുമതി നൽകുന്നില്ലെന്നാണ് പരാതി. മണലി വാർഡിലാണ് തലത്തൂതക്കാവ് എൽ.പി.സ്കൂൾ. കൃത്യമായ അതിർത്തി നിർണയ രേഖകൾ ഹാജരാക്കാത്തതാണ് അനുമതി കൊടുക്കാൻ തടസ്സമായതെന്നാണ് വനംവകുപ്പ് അധികൃതർ അറിയിച്ചു. വർഷങ്ങളായി കാട്ടുമൃഗഭീതിയിലാണ് ഇവിടത്തെ പഠനം. കാട്ടാനയും കാട്ടുപോത്തും ഉൾപ്പെടെ സ്കൂൾ വളപ്പിൽ കടക്കുന്നത് പതിവാണ്. ആനക്കൂട്ടത്തിന്റെ ആക്രമണംമൂലം പലദിവസങ്ങളിലും പഠനം മുടങ്ങിയിട്ടുണ്ട്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മതിൽ കെട്ടാൻ പഞ്ചായത്ത് തീരുമാനിച്ചത്. ആദ്യഘട്ടമായി നാലുലക്ഷം രൂപ അനുവദിച്ചതായി വാർഡംഗം മഞ്ജുഷ ജി.ആനന്ദ് അറിയിച്ചു. കരാറുകാർ പണി ഏറ്റെടുക്കുകയും പാറ ഇറക്കുകയും ചെയ്തു. അനുമതിക്കായി വനംവകുപ്പിനെ സമീപിച്ചപ്പോഴാണ് തടസ്സമുള്ളതായി അറിഞ്ഞത്. വനസംരക്ഷണസമിതി നേരത്തേതന്നെ അനുമതി നൽകിയിരുന്നതായി എഫ്.ആർ.സി. ചെയർമാൻ കെ.മനോഹരൻകാണി പറയുന്നു. സ്കൂൾ വളപ്പ് കൃത്യമായി അളന്നുതിരിച്ചതിന്റെ രേഖകൾ ഇല്ലാതെയാണ് അപേക്ഷ നൽകിയതെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതുമൂലം എവിടെയാണ് മതിൽ നിർമിക്കേണ്ടതെന്ന് വ്യക്തതയില്ല. മതിയായ രേഖകൾ ഹാജരാക്കിയാൽ നിർമാണ അനുമതി നൽകുമെന്നും അവർ അറിയിച്ചു. നവംബർ ഒന്നിനു സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് സുരക്ഷയൊരുക്കുന്ന തീരുമാനമെടുക്കണമെന്നാണ് രക്ഷാകർത്താക്കളുടെ ആവശ്യം.
from mathrubhumi.latestnews.rssfeed https://ift.tt/2ZkGmr0
via
IFTTT
No comments:
Post a Comment