ന്യൂഡൽഹി : മുല്ലപ്പെരിയാർ ഉൾപ്പെടെ ലോകത്തെ ആറു അണക്കെട്ടുകൾക്ക് ബലക്ഷയമുണ്ടെന്ന വിദേശ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് ഹർജിക്കാർ സുപ്രീംകോടതിയിൽ. ബലക്ഷയമുള്ള ആറ് അണക്കെട്ടുകളിൽ മുല്ലപ്പെരിയാർ മാത്രമാണ് ഇന്ത്യയിലേത്. ബാക്കി അഞ്ചിൽ നാലെണ്ണവും ഉപേക്ഷിക്കപ്പെട്ടവയാണെന്നും സിംബാബ്വേയിൽ 1960-ൽ നിർമിച്ച അണക്കെട്ടുമാത്രമാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് ' ഈവർഷം പുറത്തിറക്കിയ റിപ്പോർട്ടിന്റെ പകർപ്പ് അധികരേഖയായി സമർപ്പിക്കാനും ഹർജിക്കാർ സുപ്രീംകോടതിയിൽ അനുമതി തേടി. കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ്, സുരക്ഷാ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവരുടെ ഹർജികൾ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരുടെ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. തുടർച്ചയായ മഴയിൽ അണക്കെട്ടിലെ ജലനിരപ്പുയർന്ന സാഹചര്യം സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ അറിയിക്കും. അതേസമയം, ഹർജിയിൽ കേന്ദ്രം നൽകിയ റിപ്പോർട്ടിൽ മറുപടിനൽകാൻ സംസ്ഥാനസർക്കാർ നാലാഴ്ചകൂടി സമയം തേടി. ചെറിയ ഭൂചലനത്തെത്തുടർന്ന് 1979-ലും 2011-ലും മുല്ലപ്പെരിയാർ അണക്കെട്ടിന് വിള്ളലുണ്ടായി. ഭൂകമ്പബാധിതമേഖലയിൽ സ്ഥിതിചെയ്യുന്ന അണക്കെട്ടിന് അപകടമുണ്ടായാൽ 35 ലക്ഷം പേരെ ബാധിക്കുമെന്നും ഹർജിയിൽ പറഞ്ഞു. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക സാങ്കേതിക വിവരങ്ങൾ മേൽനോട്ടസമിതിക്കു കൈമാറാൻ ജോ ജോസഫിന്റെ ഹർജിയിൽ തമിഴ്നാട് സർക്കാരിനോട് സുപ്രീംകോടതി മാർച്ചിൽ ആവശ്യപ്പെട്ടിരുന്നു. മേൽനോട്ടസമിതി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും അത്യന്താപേക്ഷിത ഘടകങ്ങളായ ഇൻസ്ട്രുമെന്റേഷൻ, റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ എന്നിവ ആറുവർഷമായിട്ടും നടപ്പാക്കിയില്ലെന്നും കാട്ടിയാണ് പരാതി. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ട് എല്ലാതരത്തിലും സുരക്ഷിതമാണെന്നാണ് കേന്ദ്ര ജലകമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പാട്ടക്കരാർ റദ്ദാക്കണമെന്നാണ് സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആവശ്യം. പാട്ടവ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ കരാർ റദ്ദാക്കാൻ ഉടമയ്ക്ക് അവകാശമുണ്ട്. അണക്കെട്ടിന് പ്രതിസന്ധിയുണ്ടാകുന്ന ഘട്ടത്തിൽ വെള്ളം തുറന്നുവിടാൻ താഴെഭാഗത്ത് ടണൽ നിർമിക്കണമെന്ന വ്യവസ്ഥ തമിഴ്നാട് പാലിച്ചില്ലെന്നും അവർ ആരോപിച്ചു. കേന്ദ്രം ഉടൻ ഇടപെടണം -ഡീൻ കുര്യാക്കോസ് ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി ഉയർന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അധികജലം സ്പിൽവേ ഷട്ടറിലൂടെ ഒഴുക്കിക്കളയാൻ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ, ജലശക്തിവകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് എന്നിവർക്ക് ഡീൻ കുര്യാക്കോസ് എം.പി. കത്തുനൽകി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ഇക്കാര്യത്തിൽ ബന്ധപ്പെടണമെന്നും എം.പി. ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/311XQJD
via
IFTTT
No comments:
Post a Comment