തിരുവനന്തപുരം: ഏറെക്കാലമായി താൻ തഴയപ്പെടുന്നുവെന്ന പരാതി ഉന്നയിച്ചാണ് മുതിർന്ന നേതാവ് പി.സി. ചാക്കോ കോൺഗ്രസ് വിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ നിർദേശിച്ച സ്ഥാനാർഥികൾക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യം അവസാന നിമിത്തമായി. ഇതോടെയാണ് അനുനയ ശ്രമങ്ങൾക്കു നിൽക്കാതെ അദ്ദേഹം പാർട്ടി വിട്ടത്. കഴക്കൂട്ടത്ത് ആറ്റിപ്ര അനിൽ, കായംകുളത്ത് ഡി. സുഗതൻ, കാഞ്ഞിരപ്പള്ളിയിൽ കെ. രാജൻ എന്നിവരുടെ പേരുകളാണ് ചാക്കോ നിർദേശിച്ചത്. എന്നാൽ, ഈ പേരുകൾ അന്തിമപട്ടികയിൽ ഇടംപിടിച്ചില്ല. രാജ്യസഭയിൽനിന്ന് മൂന്ന് അംഗങ്ങൾ ഉടൻ വിരമിക്കും. ഇതിൽ രണ്ടെണ്ണം എൽ.ഡി.എഫിനും ഒരെണ്ണം യു.ഡി.എഫിനും ലഭിക്കും. എന്നാൽ, വിരമിക്കുന്നതിൽ രണ്ടുപേർ യു.ഡി.എഫുകാരാണ്. കോൺഗ്രസിൽനിന്ന് വയലാർ രവിയും മുസ്‌ലിംലീഗിൽനിന്ന് അബ്ദുൾ വഹാബും. വഹാബ് വിരമിക്കുന്നതോടെ ലീഗിന് രാജ്യസഭയിൽ അംഗങ്ങളില്ലാതാകും. യു.ഡി.എഫിലെ രാജ്യസഭാ സീറ്റ് വിഭജന ഫോർമുലപ്രകാരം ലീഗിന് ആ സീറ്റ് നൽകേണ്ടിവരുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. പി.സി. ചാക്കോ ആ സീറ്റ് ആഗ്രഹിച്ചിരുന്നു. കഴിഞ്ഞപ്രാവശ്യം ലോക്‌സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനാൽ രാജ്യസഭാ സീറ്റിന് അർഹതയുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാൽ, സീറ്റ് ലീഗിനു നൽകുന്നത് തന്നെ തഴയാനാണെന്ന വിശ്വാസത്തിൽ അദ്ദേഹത്തെ എത്തിച്ചു. അതും പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ പ്രേരണയായെന്നു കരുതുന്നു. ശരദ്പവാറുമായി ചേർന്ന് മുമ്പ് പ്രവർത്തിച്ചിട്ടുള്ള ചാക്കോ ആ വഴി നീങ്ങാനാണു സാധ്യതയെന്നാണ് പഴയ സഹപ്രവർത്തകർ കരുതുന്നത്. ചാക്കോ തലയെടുപ്പുള്ള ദേശീയനേതാവാണെന്നു വിശേഷിപ്പിച്ച് എൻ.സി.പി. രംഗത്തുവരികയും ചെയ്തു. മാണി സി. കാപ്പൻ കലാപമുയർത്തിയപ്പോൾ മുന്നണി വിടാതെനിന്ന എൻ.സി.പി.യോട് സി.പി.എമ്മിനു കടപ്പാടുണ്ട്. മെച്ചപ്പെട്ട പരിഗണന നൽകി ചാക്കോയെ ഒപ്പംനിർത്താനായിരിക്കും ഇടതുമുന്നണി ശ്രമിക്കുക. കോൺഗ്രസിലെ അതൃപ്തരെ ഒപ്പംനിർത്തി മുന്നേറാനുള്ള പരിപാടിയാണ് ചാക്കോ ആസൂത്രണം ചെയ്യുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3eAc7BE
via
IFTTT
No comments:
Post a Comment