രാജ്യത്ത് ജനാധിപത്യഭരണം പുനഃസ്ഥാപിക്കമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ജനതയ്ക്ക് നേർക്ക് തോക്കുചൂണ്ടി നിൽക്കുന്ന സൈനികർക്ക് മുന്നിൽ മുട്ടുകുത്തി ഒരു സന്ന്യാസിനി. അൾത്താരയ്ക്ക് മുന്നിലോ ആരാധനാ വേളയിലോ മുന്നിൽ ഇരുവശത്തേക്കും കൈകൾ വിരിച്ച് ദൈവത്തോട് അപേക്ഷിക്കുന്നതു പോലെ ആൻ റോസ് ന്യു തോംഗ് എന്ന കന്യാസ്ത്രിഅപേക്ഷിക്കുകയാണ്. ആ കുഞ്ഞുങ്ങളെ വെറുതേ വിടൂ, പകരം എന്നെ വെടിവെക്കൂ, എന്നെ കൊന്നോളൂ എന്ന്. ലോകത്തിലെ എല്ലാവരേയും സ്വന്തം കുട്ടികളായി കാണുന്ന ഒരു കന്യാസ്ത്രീയുടെ ധീരമായ അപേക്ഷയും ശുഭ്രവസ്ത്രധാരിയായ ആ അമ്മയുടെ ആവശ്യത്തിന് മുന്നിൽ നിമിഷനേരം മുട്ടുകുത്തിയ സൈനികരും ഉൾപ്പെടുന്ന ചിത്രമാണ് മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. ജനസംഖ്യയുടെ ബഹുഭൂരിഭാഗം ബുദ്ധമതവിശ്വാസികളുള്ള മ്യാൻമറിൽ നടക്കുന്ന ജനകീയ പ്രക്ഷോഭത്തെ ആയുധം കൊണ്ട് അടിച്ചമർത്താനുള്ള നീക്കത്തിലാണ് സൈന്യം. ധീരതയോടെ പട്ടാളക്കാരെ നേരിട്ട കന്യാസ്ത്രീയെ അഭിനന്ദനങ്ങൾ കൊണ്ട് വാഴ്ത്തുകയാണ് ലോകം.മൈറ്റ്കൈന ന്യൂസ് ജേണലാണ് ചിത്രം ആദ്യം പ്രസിദ്ധീകരിച്ചത്. കച്ചിൻ സംസ്ഥാന തലസ്ഥാനമായ മ്യിത്ക്യിനയിൽ തിങ്കളാഴ്ച പ്രതിഷേധക്കാർ തെരുവുകളിൽ നിരന്നു. റബർ വെടിയുണ്ടകളും കണ്ണീർവാതകവും ഉൾപ്പെടെ വിവിധയിടങ്ങളിൽ പ്രതിഷേധക്കാർക്ക് നേരെ സൈന്യം പ്രയോഗിക്കുന്നുണ്ട്. മ്യിത്ക്യിനയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനൊരുങ്ങിയെത്തിയ സൈനികസംഘത്തിന് നേരെയാണ് സിസ്റ്റർ ആൻ റോസും മറ്റു രണ്ട് സന്ന്യാസിനിമാരും അപേക്ഷയുമായെത്തിയത്. സൈനികർ അവരെ പിടികൂടാനായി ഓടിക്കുന്നത് കണ്ടു, ആ കുഞ്ഞുങ്ങളെ ഓർത്ത് എനിക്ക് പരിഭ്രമവും വേദനയും തോന്നി-സിസ്റ്റർ ആൻ റോസ് പിന്നീട് പ്രതികരിച്ചു. എങ്ങനെയെങ്കിലും അവരെ രക്ഷിക്കണമെന്ന തോന്നലിലാണ് നാൽപത്തിയഞ്ചുകാരിയായ ആ കന്യാസ്ത്രീ മുട്ടുകുത്തിയത്. എന്നാൽ നിമിഷങ്ങൾക്ക് ശേഷം തന്റെ പിന്നിൽ പ്രക്ഷോഭകർക്ക് നേരം സൈനികർ നിറയൊഴിക്കുന്ന ശബ്ദവും നിലവിളിച്ചു കൊണ്ട് ചിതറിയോടുന്ന ജനങ്ങളുടെ ശബ്ദവും കേട്ടതായി അവർ ഓർക്കുന്നു. തലയിൽ വെടിയേറ്റ് ഒരാൾ മരിച്ചു വീഴുന്നതും ലോകം തന്നെ പിളർന്ന് പോകുന്നതു പോലെ തോന്നിയതായും ആ കന്യാസ്ത്രീ പറയുന്നു. കണ്ണീർവാതകം പ്രയോഗിച്ചതോടെ കാഴ്ചയും മങ്ങി. തന്റെ അപേക്ഷയ്ക്ക് ശേഷവും വെടിവെപ്പുണ്ടായത് തന്നെ അത്യധികം വിഷമിപ്പിച്ചുവെന്ന് അവർ പറയുന്നു. തിങ്കളാഴ്ച നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് വിവരം. ജനകീയ പ്രക്ഷോഭത്തിൽ ഇതു വരെ അമ്പതോളം പേർ കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന വാർത്തകൾ. ജനാധിപത്യഭരണം പുനഃസ്ഥാപിക്കണമെന്നും നേതാവ് ആങ് സാൻ സ്യൂചിയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് മ്യാൻമറിൽ സൈനിക അട്ടിമറിയുണ്ടായ ഫെബ്രുവരി ഒന്ന് മുതൽ ജനകീയ പ്രക്ഷോഭം നടക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/30uAclm
via
IFTTT
No comments:
Post a Comment