മുംബൈ : നിലവാരം കുറഞ്ഞതിനെത്തുടർന്ന് വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിൽനിന്നും മാറ്റിവെക്കുന്ന ഉള്ളി കുറഞ്ഞവിലയ്ക്കു നൽകാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. കേരളത്തിലെ വ്യാപാരികളിൽനിന്നുമാണ് പണം തട്ടിയത്. പുണെയിലെ ധനോരി കൽവട്ട് സ്കൈ സിറ്റിയിൽ വാടകയ്ക്കു താമസിക്കുന്ന തൃശ്ശൂർ പെരിങ്ങാവ് കുടുംബവേരുള്ള പരാഗ് ബാബു അറയ്ക്കലിനെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു മാസം മുൻപ് ഉള്ളിവില കുത്തനെ കൂടിയപ്പോൾ കിലോയ്ക്ക് 13 രൂപ പ്രകാരം ടൺ കണക്കിന് സവാള വിൽക്കാൻ ഉണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. വയനാട് കമ്പളക്കാട് അഷറഫ് പൻചാര, എറണാകുളത്തെ വ്യാപാരി, കൊട്ടാരക്കരയിലെ ഷൈജു എന്നിവരാണ് പരാഗ് വിരിച്ച വലയിൽ കുടുങ്ങിയത്. ഇവർക്ക് പുറമേ വെറേ ചിലരും ഇയാളുടെ വലയിൽ കുടുങ്ങിയതായി പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ ഇവർ പരാതിയുമായി രംഗത്തെത്തിയിട്ടില്ല. 20 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് ഇവർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ലോറിയിൽ ഉള്ളി കയറ്റുന്ന ചിത്രം മൊബൈലിൽ അയച്ചുകൊടുത്ത ശേഷമാണ് അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ പരാഗ് ആവശ്യപ്പെട്ടിരുന്നത്. ലോഡ് എത്തിയപ്പോൾ മുഴുവൻ ഉള്ളിയും ചീഞ്ഞളിഞ്ഞു പുഴുക്കൾ അരിച്ച നിലയിൽ ആയിരുന്നുവെന്ന് തട്ടിപ്പിന് ഇരയായ വ്യാപാരികൾ പറഞ്ഞു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ വയനാട്ടിലെ വ്യാപാരിയെ പുണെയിൽ വിളിച്ചു വരുത്തുകയും നാസിക്കിലെ ഉള്ളി കൃഷിയിടങ്ങളിലും മറ്റും കൊണ്ടുപോയി നല്ല സവാള തരാം എന്ന് പറഞ്ഞ് പണം ആവശ്യപ്പെടുകയും ചെയ്തു. വീണ്ടും ചതിക്കപ്പെടുമെന്നറിഞ്ഞ വ്യാപാരി കഴിഞ്ഞ മാസാവസാനം പോലീസിനെ സമീപിച്ചെങ്കിലും അവർ കേസ് എടുക്കാൻ തയ്യാറായില്ല. ഇതിനിടെ പരാഗ് ചിലരെ അയച്ച് ഭീഷണിപ്പെടുത്താനും തുടങ്ങിയതായി ഇവർ പറഞ്ഞു. പുണെയിലെ ചില മലയാളികളുടെ സഹകരണത്തോടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടശേഷം കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. തനിക്കു ലഭിച്ച 50 ടൺ ഉപയോഗശൂന്യമായ ഉള്ളി കുഴിച്ചുമൂടാൻമാത്രം രണ്ട് ലക്ഷത്തോളം രൂപ ചെലവായതായി എറണാകുളത്തെ വ്യാപാരി പറഞ്ഞു. പരാഗിനെ റിമാൻഡ് ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/3cplgKZ
via
IFTTT
No comments:
Post a Comment