തലശ്ശേരി: സംസ്ഥാനത്ത് ഏറെ ചർച്ചയായ കുട്ടിമാക്കൂൽ സംഭവത്തിലുൾപ്പെട്ട കോൺഗ്രസ് നേതാവ് കുട്ടിമാക്കൂൽ നടമ്മൽ രാജനും കുടുംബവും സി.പി.എമ്മിലേക്ക്. ശക്തികേന്ദ്രമായ കുട്ടിമാക്കൂലിൽ സി.പി.എം. നിരന്തരം പീഡിപ്പിക്കുന്നുവെന്നായിരുന്നു രാജന്റെ പരാതി. കോൺഗ്രസിൽ സവർണ മേധാവിത്വമാണെന്നാരോപിച്ചാണ് രാജൻ ഇപ്പോൾ സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. പിന്നാക്കവിഭാഗത്തിൽപ്പെട്ട തന്നെ യോഗങ്ങളിൽ വിളിക്കാറില്ലെന്ന് രാജൻ പറഞ്ഞു. കോൺഗ്രസിൽനിന്ന് രാജിവെക്കുന്ന കാര്യം ഉമ്മൻചാണ്ടി, വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം.ഹസൻ ഉൾപ്പെടെയുള്ള നേതാക്കളെ അറിയിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിലെ പ്രശ്നങ്ങൾ തീർക്കാൻ മുൻകൈയെടുക്കുന്ന കെ.സുധാകരൻ എം.പി.ക്ക് കണ്ണൂർ ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്നില്ലെന്ന് രാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു. നഗരസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് സ്ഥാനാർഥിയില്ലാത്തതിനാൽ തന്നോടൊപ്പം മകളും മത്സരിച്ചു. തനിക്കായി പ്രവർത്തിക്കുന്നവരെ ഡി.സി.സി. സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും വിലക്കി. മകൾ മത്സരിച്ച കോമത്ത്പാറയിൽ ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പി.ക്ക് അനുകൂലമായി പ്രവർത്തിച്ചു. യു.ഡി.എഫ്. സ്ഥാനാർഥിയായ മകൾക്ക് 55 വോട്ടാണ് ലഭിച്ചത്. ഇതേക്കുറിച്ച് മേൽ കമ്മിറ്റിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇനിയും പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. കുട്ടിമാക്കൂൽ സംഭവത്തെ ഉത്സവമാക്കി പാർട്ടി മുതലെടുത്തു. കേസിൽപ്പോലും പാർട്ടി ഇടപെടുന്നില്ല. ഇപ്പോൾ സ്വന്തമായാണ് കേസ് നടത്തുന്നത്. അന്ന് സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. പ്രാദേശിക സംഭവം വലുതാക്കിയതിൽ നേതാക്കൾക്കും പങ്കുണ്ട്- രാജൻ പറഞ്ഞു. കുട്ടിമാക്കൂൽ സംഭവം 2016 ജൂണിൽ രാജന്റെ രണ്ട് പെൺമക്കളെ വീട്ടിലും സി.പി.എം. ഓഫീസിലുംവെച്ച് സി.പി.എം. പ്രവർത്തകർ ആക്രമിച്ചതായാണ് പരാതി. വീടിനും മുറ്റത്ത് നിർത്തിയിട്ട വാഹനത്തിനും നേരേയും ആക്രമണമുണ്ടായി. സംഭവത്തിൽ സി.പി.എം. ഓഫീസിൽ കയറി പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ രാജന്റെ രണ്ട് പെൺമക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൈക്കുഞ്ഞിനൊപ്പം ഇവരെ റിമാൻഡ് ചെയ്തത് വൻ പ്രതിഷേധത്തിനിടയാക്കി. സംഭവ ദിവസം തലശ്ശേരിയിലുണ്ടായിരുന്ന അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്റെ നേതൃത്വത്തിൽ തലശ്ശേരി പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ നടത്തി. സംഭവദിവസം രാത്രി ഒരു മകൾ ആത്മഹത്യാശ്രമം നടത്തിയതോടെ സംഭവം കൂടുതൽ വിവാദമായി. ഇതിന്റെ പേരിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഏറെക്കാലം പ്രക്ഷോഭ പരിപാടികൾ നടത്തി. കോൺഗ്രസിന്റെ സമരവേദികളിലെ സ്ഥിരം സാന്നിധ്യമായി പിന്നീട് രാജനും കുടുംബവും. കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് മുൻ ജനറൽ സെക്രട്ടറി, മുനിസിപ്പൽ വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി. സംസ്ഥാന സെക്രട്ടറി, ദളിത് കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിൽ രാജൻ പ്രവർത്തിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3chwLDZ
via
IFTTT
No comments:
Post a Comment