കുടജാദ്രിയെ തൊട്ടുണർത്തി ദാസേട്ടൻ പാടി, കാതങ്ങൾക്കകലെ ഡാലസിലിരുന്ന് - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 10, 2021

കുടജാദ്രിയെ തൊട്ടുണർത്തി ദാസേട്ടൻ പാടി, കാതങ്ങൾക്കകലെ ഡാലസിലിരുന്ന്

പറവൂർ: കുടജാദ്രിയുടെ മഹാ വശ്യതയിൽ കുടികൊള്ളുന്ന മൂകാംബികയെ മനസ്സുനിറച്ച് ദാസേട്ടൻ യു.എസിലെ ഡാലസിലിരുന്നു പാടി. ആയിരം കാതങ്ങൾക്കകലെയാണെങ്കിലും സൗപർണികയുടെ തീരത്തെ മൂകാംബിക സന്നിധിയിൽ ഭക്തിലഹരി പടർത്തി ആ ഗാനം കാറ്റേറ്റുവാങ്ങി. പക്കമേളക്കാരുടെ മുന്നിലെ ചെറു സ്‌ക്രീനിൽ തെളിഞ്ഞു ഋഷിതുല്യനായ സാക്ഷാൽ ഗാനഗന്ധർവന്റെ മുഖം. ഭക്തരിൽ ചിലർ അത് ആദ്യവസാനം മൊബൈൽ ക്യാമറയിൽ ഒപ്പി നിർവൃതിയടഞ്ഞു. പിറന്നാളായ ധനുവിലെ ഉത്രാടം നാൾ കഴിഞ്ഞ 47 വർഷമായി മുടങ്ങാതെ കൊല്ലൂർ മൂകാംബിക സന്നിധിയിൽ എത്തി മഹാമായയെ വണങ്ങി ഗാനാർച്ചന സമർപ്പിക്കുന്ന കെ.ജെ. യേശുദാസിന് ഇക്കുറി അത് കഴിഞ്ഞില്ല. രാജ്യം മുഴുവൻ കോവിഡ് മഹാമാരി മൂലമുള്ള നിയന്ത്രണങ്ങളുള്ളതിനാൽ 81-ാം പിറന്നാളിന് യു.എസിൽനിന്ന് നാട്ടിലേക്കും കൊല്ലൂരിലേക്കും വരാനായില്ല. യേശുദാസിനൊപ്പം ഒട്ടേറെ വർഷങ്ങളായി മുടങ്ങാതെ കൊല്ലൂരിലെത്തുന്ന സംഗീതപ്രേമികളും അടുത്ത സുഹൃത്തുക്കളുമായ ഏതാനും പേർ ആ യാത്ര മുടക്കിയില്ല. അവർ പതിവുപോലെ ക്ഷേത്രത്തിലെത്തി ദാസേട്ടന്റെ പേരിൽ പതിവുപൂജകൾ നടത്തി. തന്ത്രി ഗോവിന്ദ അഡിഗ സങ്കല്പപൂജ ചെയ്തു. ഞായറാഴ്ച രാവിലെ മൂകാംബിക മണ്ഡപത്തിൽ പതിവുപോലെ ആരാധക സുഹൃത്തുക്കൾ നിറഞ്ഞു. പറവൂരിലെ ഡോ. സി.എം. രാധാകൃഷ്ണൻ ആദ്യം കാനഡ രാഗത്തിൽ ശ്രീഗണപതി പാടി. അപ്പോഴേക്കും യേശുദാസ് ഓൺലൈനിൽ എത്തി. ആദ്യം അഭിരാമിയിൽ ‘ശ്രീസരസ്വതി നമസ്തുതേ’യും പിന്നീട് ‘വാണീവാഗദീശ്വരി’യും പാടി. ’കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി, ഗുണദായിനി സർവ ശുഭകാരിണി’ എന്ന കെ. ജയകുമാർ രചിച്ച ഗാനവും പാടിയ ശേഷം അടുത്ത വർഷം വരാൻ ദേവി അനുഗ്രഹിക്കട്ടെയെന്ന് പ്രാർഥിച്ചു. സംഗീതജ്ഞൻ കാഞ്ഞങ്ങാട്‌ രാമചന്ദ്രൻ ശ്രുതിമീട്ടി. കോഴിക്കോട് ഹരി മൃദംഗവും എസ്. സ്വാമിനാഥൻ വയലിനും വായിച്ചു. സംഗീത സംവിധായകൻ രാജേഷ് കണ്ണൂർ, തരംഗിണി ഓഫീസർ രോഹിത്, അശ്വിൻ, െബംഗളൂരുവിൽനിന്നുള്ള ശ്രീനിവാസൻ തമ്പി എന്നിവരും സംഘത്തിലുണ്ടായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2Lno8yn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages