ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്കിടയിൽ തീവ്ര ഇടതുപക്ഷം നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. കർഷകസമരത്തെ തകർക്കാനും ലഹളയുണ്ടാക്കാനുമാണ് അവർ ശ്രമിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പിയൂഷ് ഗോയൽ പറഞ്ഞു. കർഷക സമരത്തെ തീവ്ര ഇടതുപക്ഷം ഹൈജാക്ക് ചെയ്തെന്ന ആരോപണങ്ങൾ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്തകളായി പുറത്തുവരുന്നതിനിടെയാണ് കേന്ദ്രമന്ത്രി തന്നെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന കവികളെയും ബുദ്ധിജീവികളെയും മോചിപ്പിക്കണമെന്ന് കർഷക പ്രക്ഷോഭകർ ആവശ്യമുന്നയിക്കുന്നുണ്ടെന്നും ഇത് കണക്കിലെടുക്കുമ്പോൾ ഇടതുപക്ഷ, മാവോയിസ്റ്റ് ഘടകങ്ങൾ പ്രക്ഷോഭകരിൽ നുഴഞ്ഞുകയറിയതായി വ്യക്തമാണെന്നും പിയൂഷ് ഗോയൽ പറയുന്നു. കർഷക സംഘടനകളുടെ ചില നേതാക്കൾക്കും ഇത്തരത്തിലുള്ള ചരിത്രമുള്ളതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, പിയൂഷ് ഗോയൽ പറയുന്നു. യുഎപിഎ അടക്കമുള്ളവ ചുമത്തപ്പെട്ടവർക്കുവേണ്ടി സമരം നടക്കുന്ന ഇടങ്ങളിൽ പ്ലക്കാർഡുകൾ ഉയർത്തുകയും അത്തരത്തിലുള്ള പ്രസ്താവനകൾ സമരക്കാർ മുന്നോട്ടുവെക്കുകയും ചെയ്തിട്ടുണ്ട്. കർഷക സമരത്തിൽ വിള്ളലുകളുണ്ടാക്കാനും കലാപം സൃഷ്ടിക്കാനുമാണ് ഇവർ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ഗൗരവമായി കാണേണ്ട ചില കാര്യങ്ങൾ ഇതിലുണ്ടെന്നും പിയൂഷ് ഗോയൽ പറയുന്നു. രാജ്യത്തെ കർഷകർക്ക് വളരെ പ്രയോജനപ്രദമായ നിയമമാണ് സർക്കാർ കൊണ്ടുവന്നത്. സമരക്കാർ പ്രഖ്യാപിച്ച ഭാരത് ബന്ദ് എവിടെയും ഒരു ചലനവും ഉണ്ടാക്കിയില്ല. രാജ്യത്തെ കർഷകരുടെ പിന്തുണ സമരക്കാർക്കില്ല എന്നാണ് ഇത് കാണിക്കുന്നത്. രാജ്യത്തെ കർഷകരൊക്കെ സന്തോഷവാന്മാരാണ്. നിയമങ്ങൾ വളരെ ദോഷകരമെങ്കിൽ, കാർഷിക ഉൽപാദന വിപണന സമിതികൾ (എപിഎംസി) മാത്രമാണ് കർഷകർക്കുള്ള ഒരേയൊരു രക്ഷാമാർഗമെങ്കിൽ എന്തുകൊണ്ടാണ് ഇടതുപക്ഷവും കോൺഗ്രസും മാറിമാറി ഭരിക്കുന്ന കേരളത്തിൽ ഇതുവരെ എന്തുകൊണ്ടാണ് അത് നിയമമാക്കാത്തതെന്നും പിയൂഷ് ഗോയൽ ചോദിച്ചു. Content Highlights:Leftist, Maoist elements have infiltrated farmer stir-Piyus Goyal
from mathrubhumi.latestnews.rssfeed https://ift.tt/39ZWG3H
via
IFTTT
No comments:
Post a Comment