കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാവാത്തതിന്റെ ഉത്തരവാദിത്വത്തെച്ചൊല്ലി ബി.ജെ.പി.യിൽ പോര് മുറുകുന്നു. പ്രചാരണരംഗത്തുനിന്ന് വിട്ടുനിന്ന നേതാക്കൾക്കെതിരേ നടപടിയുണ്ടാകുമെന്ന് സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ കോഴിക്കോട്ട് പത്രസമ്മേളനത്തിൽ സൂചന നൽകി. പ്രചാരണത്തിൽനിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾക്കെതിരേ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന്, ''തിരഞ്ഞെടുപ്പിൽ ചിലർ പ്രവർത്തിച്ചില്ലെന്നതു സത്യം, നടപടി പാർട്ടി യോഗംചേർന്ന് തീരുമാനിക്കും'' എന്നായിരുന്നു മറുപടി. സംസ്ഥാന ഘടകത്തിലെ പുനഃസംഘടനയിൽ പ്രതിഷേധിച്ച് ശോഭാ സുരേന്ദ്രൻ അടക്കമുളള ഒരുവിഭാഗം പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന് തങ്ങളെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് കെ. സുരേന്ദ്രൻ നടത്തുന്നതെന്ന് ആരോപിച്ചുകൊണ്ട് ശോഭാ സുരേന്ദ്രൻ പക്ഷവും രംഗത്തെത്തി. പ്രചാരണത്തിന് ശോഭാ സുരേന്ദ്രനെ ഇറക്കണമെന്ന ആർ.എസ്.എസ്. നേതൃത്വത്തിന്റെ ആവശ്യം നിരാകരിച്ചതും മുതിർന്ന നേതാക്കളുടെ മുന്നറിയിപ്പ് അവഗണിച്ചതും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതുകൊണ്ടുള്ള രോഷപ്രകടനമാണ് സുരേന്ദ്രന്റേതെന്നാണ് അവരുടെ വാദം. 1200-ഓളം സ്ഥലങ്ങളിൽ ബി.ജെ.പി.യെ തോൽപ്പിച്ചത് ശോഭാ സുരേന്ദ്രനല്ല, മറിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ രാഷ്ട്രീയ അപക്വതയും സഹപ്രവർത്തകരോടുള്ള പകയുമാണ്. സംസ്ഥാന വ്യാപകമായി ബി.ജെ.പി.ക്ക് സിറ്റിങ് സീറ്റുകൾ നഷ്ടമായത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്നും അവർ കുറ്റപ്പെടുത്തുന്നു. ഏറ്റവും മികച്ച പ്രകടനമെന്ന് സുരേന്ദ്രൻ ബി.ജെ.പി.യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇക്കുറി നടത്തിയതെന്ന് കെ. സുരേന്ദ്രൻ അവകാശപ്പെട്ടു. കഴിഞ്ഞ വർഷത്തെക്കാൾ 300-ലധികം പഞ്ചായത്തുകളിൽ പ്രാതിനിധ്യം ലഭിച്ചു. നഗരസഭകളിലെയും ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെയും വോട്ടുകൾ കണക്കിലെടുത്താൽ എൻ.ഡി.എ.യ്ക്ക് സംസ്ഥാനത്ത് 35.75 ലക്ഷത്തിലധികം വോട്ട് നേടാൻ കഴിഞ്ഞു. ബി.ജെ.പി.യെ തോൽപ്പിക്കാൻ യു.ഡി.എഫും എൽ.ഡി.എഫും ഒന്നിച്ചതിലൂടെയാണ് 1200 സീറ്റു നഷ്ടമായത്. ബി.ജെ.പി.ക്ക് അധികാരം കിട്ടാതിരിക്കാൻ 25 തദ്ദേശ സ്ഥാപനങ്ങളിൽ ഇരുമുന്നണികളും അവിശുദ്ധബാന്ധവമുണ്ടാക്കി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നാടായ ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത്, പാണ്ടനാട്, തിരുവൻവണ്ടൂർ, ചെന്നിത്തല പഞ്ചായത്തുകളിൽ ബി.ജെ.പി.യാണ് ഒന്നാം കക്ഷി. ഇവിടെയെല്ലാം എൽ.ഡി.എഫുമായി ചേർന്ന് യു.ഡി.എഫ്. ഭരിക്കാൻ പോകുകയാണ്. കാസർകോട് ജില്ലയിലെ കാറടുക്ക, ബദിയടുക്ക. കുമ്പഡാജെ, വൊർക്കാടി, മീഞ്ച, കുമ്പള, പൈവളിക പഞ്ചായത്തുകളിലും മഞ്ചേശ്വരം ബ്ളോക്കിലും യു.ഡി.എഫ്., എൽ.ഡി.എഫ്., എസ്.ഡി.പി.ഐ. സഖ്യം വരുകയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഈ സഖ്യമുണ്ട് -സുരേന്ദ്രൻ പറഞ്ഞു. content highlights: conflict in bjp after local body poll result
from mathrubhumi.latestnews.rssfeed https://ift.tt/2JahZVa
via
IFTTT
No comments:
Post a Comment