കണ്ണൂർ: സ്കൂൾ തുറക്കണോ... രണ്ടാം ക്ലാസുകാരൻ മുഹമ്മദ് മാസിനോട് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം. തലയാട്ടിക്കൊണ്ട് വേണമെന്ന് മാസിന്റെ മറുപടി. ഈ വർഷം തുറക്കണോ എന്നായി മുഖ്യമന്ത്രി. വേണ്ടെന്ന് മാസിൻ. ചക്കരക്കല്ലിൽ സി.പി.എം. അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസിൽ തിരഞ്ഞെടുപ്പ് പ്രവർത്തനാവലോകനത്തിനെത്തിയ മുഖ്യമന്ത്രി യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കാണാനായി കാത്തുനിൽക്കുകയായിരുന്നു മാസിൻ. സി.പി.എം. ഏരിയാ സെക്രട്ടറി പി.കെ.ശബരീഷിനൊപ്പം പുറത്തിറങ്ങിയ മുഖ്യമന്ത്രി ‘നല്ല മാസ്കാണല്ലോ’യെന്ന് മാസിനോട് കുശലം പറഞ്ഞു. സാറിനെ കാണാനായി കാത്തുനിൽക്കുകയാണെന്ന് പോലീസുകാർ പറഞ്ഞപ്പോൾ കുനിഞ്ഞ് ഏതു ക്ലാസിലാണെന്ന് മുഖ്യമന്ത്രിയുടെ ചോദ്യം. സ്കൂളില്ലല്ലോ എന്ന് കുട്ടി. പിന്നെയും ചോദിച്ചപ്പോൾ രണ്ടാം ക്ലാസിലെന്ന് മറുപടി. ഓൺലൈൻ ക്ലാസില്ലേയെന്നും പരീക്ഷയില്ലേയെന്നുമെല്ലാം മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾ. ഒടുവിലാണ് സ്കൂൾ തുറക്കൽ ’ചർച്ച’യായത്. അഞ്ചരക്കണ്ടി പാളയത്തെ മാപ്പിള എൽ.പി. സ്കൂൾ വിദ്യാർഥിയായ മുഹമ്മദ് മാസിൻ ബാവോട് ദാറുൽഹുദയിലെ തൗഫീഖിന്റെ മകനാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3m80IsU
via
IFTTT
No comments:
Post a Comment