തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമി ബന്ധത്തിൽ കേരളത്തിലെ കോൺഗ്രസിന് വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ഏഴെട്ട് പതിറ്റാണ്ടായി കേരളത്തിലെ മുസ്ലീം സമുദായം അകറ്റി നിർത്തിയ വിഭാഗമാണ് ജമാ അത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും. അവർക്ക് സ്വീകാര്യത നൽകുക, മാന്യത നൽകുക, പ്രത്യയശാസ്ത്ര മേഖലയിൽ അവരുടെ നേതൃത്വം അംഗീകരിക്കുക എന്നിടത്തേക്ക് വഴിമാറിയാണ് യുഡിഎഫ് സഞ്ചരിച്ചത്. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയിക്കാൻ എത്രത്തോളം തരംതാഴാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്ന് അദ്ദേഹം ആരോപിച്ചു. വെൽഫെയർ പാർട്ടിക്കൊപ്പം ചേർന്ന് വളരെ അപകടകരമായ സന്ദേശമാണ് യുഡിഎഫ് നൽകിയത്. അവർ പ്രതിനിധാനം ചെയ്യുന്നത് അപകടകരമായ പ്രത്യയശാസ്ത്ര പരികൽപ്പനകളാണ്. മതമൗലികതാ വാദത്തിലേക്ക് ഒരു വിഭാഗത്തെ കൊണ്ടുപോകുകയാണ്. മുസ്ലീമിനെ പൊതുധാരയിൽ നിന്നകറ്റിമാറ്റി, മതമൗലികതാവാദിയാക്കുക എന്ന പ്രവർത്തനത്തിന്റെ രാസസ്വരകമാണ് ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും. വളരെ അപകടകരമായ ഒരു രാഷ്ട്രീയത്തെയാണ് അവർ പ്രതിനിധാനം ചെയ്യുന്നത്. കേരളീയ സമൂഹത്തിന്റെ മതസൗഹാർദത്തെ തകർക്കുന്നതാണിത്. അവരോട് തിരഞ്ഞടുപ്പ് സഖ്യം ഉണ്ടാക്കാനാകില്ലെന്ന് മാത്രമല്ല, ആശയസമരം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെ സംബന്ധിച്ചിടത്തോളം ഇതവരുടെ നിലനിൽപ്പാണ്. ലീഗിന് ഇനി നിലനിൽക്കണമെങ്കിൽ തീവ്രമതവൽക്കരണത്തിന് വിധേയരാകണം. അല്ലാതെ അവർക്ക് നിലനിൽക്കാനാകില്ല. എന്നാൽ കോൺഗ്രസ് അവരോടൊപ്പം നിൽക്കേണ്ടതുണ്ടോ എന്നും വിജയരാഘവൻ ചോദിച്ചു. ജമാഅത്തെ ഇസ്ലാമിക്ക് വിധേയരായ ലീഗ്, ലീഗിന് വിധേയരായ കോൺഗ്രസ് എന്നതാണിവിടെ സംഭവിച്ചത്. നഷ്ടപ്പട്ടത് കോൺഗ്രസിന്റെ അസ്തിത്വവും വ്യക്തിത്വവുമാണ്. ഇന്നത്തെ കോൺഗ്രസിൽ നിന്ന് മറിച്ചൊന്നും നമുക്ക് പ്രതീക്ഷിക്കാനാകില്ലെന്നും വ്യക്തമായ കാഴ്ചപ്പാടുള്ള നേതൃത്വമില്ലാതായി എന്നതാണ് തിരഞ്ഞെടുപ്പ് കാണിച്ചുതരുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇടതുപക്ഷ മുന്നണിക്കൊപ്പം നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ പ്രവർത്തന രീതിയിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്. വസ്തുതകളെ തലകീഴായിട്ട്, അത് സത്യമാണെന്ന് പ്രചരിപ്പിച്ച് ഇടതുപക്ഷത്തെ തോൽപ്പിക്കാം എന്ന വിദ്യയാണ് എതിരാളികൾ സ്വീകരിച്ചത്. ജനങ്ങൾ ഇതെല്ലാം മനസിലാക്കുന്നുണ്ട്. ഇടതുപക്ഷം സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളുടെ തനിമയും സർക്കാരിന്റെ മഹിതമായ പ്രവർത്തനങ്ങളും ജനങ്ങൾ വിശകലനം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:A Vijayaraghavan against Congress
from mathrubhumi.latestnews.rssfeed https://ift.tt/2Wpbhxm
via
IFTTT
No comments:
Post a Comment