തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും പുനർനിർണയിക്കാനുള്ള പതിനൊന്നാം ശമ്പളക്കമ്മിഷന്റെ കാലാവധി വീണ്ടും നീട്ടും. മൂന്നുമാസംകൂടി നീട്ടണമെന്നാവശ്യപ്പെട്ട് കമ്മിഷൻ ധനവകുപ്പിന് കത്തുനൽകി. കമ്മിഷന്റെ ആവശ്യം സർക്കാർ അംഗീകരിക്കും. ശുപാർശകൾ നൽകാൻ ഡിസംബർ 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. റിപ്പോർട്ട് ഡിസംബർ 31-നു മുമ്പ് നൽകാനാവില്ലെന്ന് കമ്മിഷൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കാരണം പ്രവർത്തനങ്ങൾ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയാത്തതാണ് ഒരു കാരണം.സർക്കാരിന്റെ സാമ്പത്തികസ്ഥിതി അനിശ്ചിതത്വത്തിലാണെന്നതാണ് മറ്റൊരു കാരണം. മുന്നേ മോശമായ സാമ്പത്തികസ്ഥിതി കോവിഡ് കാരണം രൂക്ഷമായതിനാൽ വരുംവർഷങ്ങളിൽ സർക്കാരിന്റെ വരുമാനം എങ്ങനെയായിരിക്കുമെന്ന് ഇപ്പോൾ പ്രവചനാതീതമാണ്.കോവിഡ് കാരണമുള്ള സാമ്പത്തികമാന്ദ്യം നേരിടാൻ ഈ വർഷം അധികവായ്പ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ജി.എസ്.ടി. കുടിശ്ശികയും വായ്പയെടുത്ത് നൽകുന്നുണ്ട്. ഇത് വരുംവർഷങ്ങളിൽ തുടരുമോ എന്നു നിശ്ചയമില്ല. തനതു വരുമാനം എത്രത്തോളം മെച്ചപ്പെടുമെന്നതും കണ്ടറിയേണ്ടിയിരിക്കുന്നു.ഈ അനിശ്ചിതത്വം കാരണം എത്രത്തോളം വർധന ശമ്പളത്തിലും പെൻഷനിലും അനുവദിക്കാനാവുമെന്ന കാര്യത്തിൽ സർക്കാർ തലത്തിലും ധാരണയിലെത്തിയിട്ടില്ല. മോശം സാമ്പത്തികസ്ഥിതിയിൽ വരുത്താനാവുന്നത് നാമമാത്ര വർധനയാണ്. അത് ജീവനക്കാർക്ക് തൃപ്തികരമാവുമോ എന്നതിൽ സർക്കാരിന് ആശങ്കയുണ്ട്.കമ്മിഷൻ നടപടികൾ പൂർത്തിയാക്കാൻ മൂന്നുമാസത്തിലധികം വൈകിയാൽ ഈ സർക്കാരിന്റെ കാലത്ത് ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ തടസ്സമുണ്ടാവും. എന്നാൽ, കമ്മിഷന്റെ ജോലികളിൽ 90 ശതമാനവും പൂർത്തിയായെന്നും ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ റിപ്പോർട്ട് നൽകാൻ കഴിയുമെന്നുമാണ് അറിയുന്നതെന്നും ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. അങ്ങനെയെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന് പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നതിനുമുമ്പ് ശമ്പളപരിഷ്കരണം നടത്താനാവും. കെ. മോഹൻദാസ് അധ്യക്ഷനായി 2019 നവംബർ ആറിനാണ് ആറുമാസ കാലാവധിയിൽ കമ്മിഷൻ രൂപവത്കരിച്ചത്. ഈ വർഷം ജൂണിൽ കമ്മിഷന്റെ കാലാവധി ആറുമാസംകൂടി നീട്ടിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/342iYy0
via
IFTTT
No comments:
Post a Comment