മംഗൽപാടി: ആളു മാറി, പക്ഷേ, ആൾമാറാട്ടമല്ല. കള്ളവോട്ടാണെന്ന് പറയാൻ കള്ളവോട്ട് ഇങ്ങനെയുമല്ല. മംഗൽപാടി പഞ്ചായത്ത് പെരിങ്കടി വാർഡിൽ രാവിലെ വോട്ടുചെയ്യാനെത്തിയ എം.എം.അസ്‌ലമിന്റെ കഥകേട്ടാൽ അവസാനം ഈയൊരു അവസ്ഥയിലാണെത്തുക. സ്വന്തം വോട്ട് പിതാവ് ചെയ്തതോടെ പോളിങ് ബൂത്തിലെത്തി മുകളിലോട്ട് നോക്കേണ്ട അവസ്ഥയിലായിരുന്നു അസ്‌ലം. കഥ തുടങ്ങുന്നുരാവിലെ 10.30-ന് മംഗൽപാടി ഗവ. എച്ച്.എസ്.എസിലെ രണ്ടാംനമ്പർ ബൂത്തിലാണ് കഥയിലെ നായകൻ അസ്‌ലം വോട്ടുചെയ്യാനെത്തുന്നത്. പത്തുപേരുള്ള ചെറിയ വരി കടന്ന് വോട്ടിന് വരയിടാൻ കൈനീട്ടുമ്പോഴാണ് മുന്നിലെ പോളിങ് ഓഫീസറുടെ പിൻവിളി. ‘ഈ വോട്ട് ചെയ്തതാണ്’. ആകെ അങ്കലാപ്പ്. താനറിയാതെ എങ്ങനെ തന്റെ വോട്ട് യന്ത്രത്തിൽ കയറിയെന്നറിയാതെ അസ്‌ലമിന്റെ കാത്തിരിപ്പ്. ഇനിയൊരു ഫ്ളാഷ് ബ്ലാക്ക്രണ്ടുമണിക്കൂർ പിറകോട്ട്. സമയം രാവിലെ 8.30. മംഗൽപ്പാടി പാറക്കട്ടയിലെ വീട്ടിൽനിന്ന് അസ്‌ലമിന്റെ പിതാവ് മുനീർ വോട്ടുചെയ്യാനിറങ്ങി. മേശയിൽനിന്ന് സ്ലിപ്പെടുത്ത് തിരിച്ചറിയൽ കാർഡും കീശയിലിട്ട് നേരെ പോളിങ് ബൂത്തിലേക്ക്. സാധാരണപോലെ സ്ലിപ്പും കാണിച്ച് വോട്ടുംചെയ്ത് മടങ്ങി. ആന്റി ക്ലൈമാക്സ്ബൂത്തിലെ പോളിങ് ഏജന്റുമാരുടെ പട്ടികപ്രകാരം 8.30-ന് വോട്ട് ചെയ്തത് അസ്‌ലമാണ്. സ്ലിപ്പ് നോക്കി പോളിങ് ഉദ്യോഗസ്ഥൻ കൃത്യമായി അസ്‌ലമിന്റെ പേര് വിളിച്ചു. ആർക്കും എതിർപ്പില്ലാത്തതിനാൽ മുനീർ പോയി മകന്റെ പേരിൽ വോട്ട് ചെയ്തു. കഥ തീരാതിരിക്കുമ്പോഴാണ് പോളിങ് ഓഫീസറും റിട്ടേണിങ് ഓഫീസറും ഇടപെട്ട് ക്ലൈമാക്സ് ഉണ്ടാക്കുന്നത്. അസ്‌ലമിന് ടെൻഡർ വോട്ട് ചെയ്യാൻ അവസരമൊരുക്കി. അപ്പോഴേക്കും മകന്റെ വോട്ടിട്ട പിതാവും ബൂത്തിലെത്തി.‘സ്ലിപ്പ് മാറിയതായിരുന്നു പ്രശ്നം, ആരും ഒന്നും പറയാത്തതിനാൽ ഞാൻ വോട്ട് ചെയ്തു’- മുനീർ തന്റെ ഭാഗം വ്യക്തമാക്കി. ‘ആദ്യമൊരു അമ്പരപ്പുണ്ടായിരുന്നു. കാര്യങ്ങൾ മനസ്സിലായതോടെ എല്ലാം ശരിയായി, ഒരു പരാതിയുമില്ല’, അസ്‌ലമും ഹാപ്പി. ഇനിയും ഈ കഥയിൽ ഒരു ചോദ്യം തുടരുകയാണ്. 55-കാരനായ മുനീറിനെ കണ്ടിട്ടും 25-കാരനായ മകന്റെ വോട്ട് ചെയ്യാൻ അനുവാദം എങ്ങനെ നൽകി? കാത്തിരിക്കാം, രണ്ടാംഭാഗത്തിനായി.
from mathrubhumi.latestnews.rssfeed https://ift.tt/2KnX1lR
via
IFTTT
No comments:
Post a Comment