തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള വോട്ടെണ്ണൽ ഡിസംബർ 16ന് രാവിലെ എട്ടുമണിക്ക് ആരംഭിക്കും. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാർക്ക് മാത്രമാണ് കൗണ്ടിംഗ് ഹാളിൽ പ്രവേശിക്കാൻ അനുമതി. സ്ഥാനാർത്ഥിക്കും ചീഫ് ഇലക്ഷൻ ഏജന്റിനും ബ്ലോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാൾക്കും കൗണ്ടിംഗ് ഹാളിൽ പ്രവേശനം അനുവദിക്കും. കൗണ്ടിംഗ് ഓഫീസർമാർ കൈയുറയും മാസ്കും ഫേസ് ഷീൽഡും ധരിച്ചാണ് ഹാളിൽ പ്രവേശിക്കുക. കൗണ്ടിംഗ് ഹാളിൽ എത്തുന്ന സ്ഥാനാർത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. കോവിഡ് ബാധിതർക്ക് വിതരണം ചെയ്ത സ്പെഷ്യൽ തപാൽവോട്ടുകൾ ഉൾപ്പെടെയുള്ള തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളിൽ നടക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടെണ്ണും. ഗ്രാമപ്പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റൽ വോട്ടുകൾ അതത് വരണാധികാരികളാണ് എണ്ണുക. പരമാവധി എട്ട് പോളിങ് സ്റ്റേഷനുകൾക്ക് ഒരു മേശ എന്ന രീതിയിൽ സാമൂഹിക അകലം പാലിച്ചാണ് കൗണ്ടിംഗ് മേശകൾ ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപ്പഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാൾ ഉണ്ടാകും. വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കിയാണ് സ്ട്രോങ്റൂമിൽ നിന്നും കൺട്രോൾ യൂണിറ്റുകൾ എത്തിക്കുക. വോട്ടെണ്ണൽ ഇങ്ങനെ ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു മേശയിലാണ് എണ്ണുക. ത്രിതല പഞ്ചായത്തുകളിൽ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളിൽ ഒരു കൗണ്ടിംഗ് സൂപ്പർവൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും. റിട്ടേണിംഗ് ഓഫീസർക്കായി പ്രത്യേകം ടേബിൾ ക്രമീകരിച്ചിരിക്കും. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത് റിട്ടേണിങ് ഓഫീസറുടെ ടേബിളിൽ ആയിരിക്കും. ഇവ എണ്ണി തീർന്നശേഷം ഇ.വിഎം കൺട്രോൾ യൂണിറ്റുകൾ കൗണ്ടിംഗ് ടേബിളിൽ എത്തിക്കും. ബാലറ്റ് യൂണിറ്റുകൾ കൗണ്ടിംഗ് ടേബിളിൽ കൊണ്ടുവരില്ല. ക്യാരി ബാഗിൽ നിന്നും സീൽ പൊട്ടിച്ച് കൺട്രോൾ യൂണിറ്റ് പുറത്തെടുക്കുമ്പോൾ അവ ഏതെങ്കിലും തരത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. തുടർന്ന് കൺട്രോൾ യൂണിറ്റ് സ്വിച്ച് ഓൺ ചെയ്യും. ഉടനെ കൺട്രോൾ യൂണിറ്റിൽ ഡിസ്പ്ലേ ഭാഗത്ത് എസ് ഇ സി കേരള (SEC KERALA). എന്നും തീയതിയും സമയവും ഡിസ്പ്ലേ വരും. കൂടാതെ കൺട്രോൾ യൂണിറ്റിന്റെ നമ്പർ, നമ്പർ ഓഫ് പോസ്റ്റ്-(പോസ്റ്റ്-1 ഗ്രാമപഞ്ചായത്ത്, പോസ്റ്റ്-2 ബ്ലോക്ക് പഞ്ചായത്ത് പോസ്റ്റ്-3 ജില്ലാ പഞ്ചായത്ത്. മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും പോസ്റ്റ്-1 എന്നുമാത്രം) സ്ഥാനാർത്ഥികളുടെ എണ്ണം എന്നിവയും ഡിസ്പ്ലേയിൽ വരും. ഇനി മധ്യഭാഗത്തെ പേപ്പർ സീൽ പൊട്ടിച്ച് അതിനടിയിൽ ഉള്ള ടാഗ് കട്ട് ചെയ്തു മാറ്റി ലിഡ് (Lid) മാറ്റും. അവിടെ റിസൾട്ട്-1, റിസൾട്ട്-2 എന്ന് കാണാം. റിസൾട്ട്-1 ബട്ടണമർത്തിയാണ് ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയ വോട്ട് എടുക്കുന്നത്. റിസൾട്ട്-2 ബട്ടണ് താഴെ ഡിഎംഎം യൂണിറ്റാണ്. ഡിഎംഎമ്മിൽ വോട്ട് സംബന്ധമായ മുഴുവൻ വിവരങ്ങളും ഉണ്ടാകും. റിസൾട്ട്-1 ബട്ടൺ അമർത്തുമ്പോൾ ആദ്യം പി ഡി ടി (PDT..Poll date and time), പി എസ് ടി(PST... Poll start time) പി ഇ ടി (PET.... Poll end time) എന്നിവ ഡിസ്പ്ലേ ചെയ്യും. തുടർന്ന് ആകെ വോട്ടർമാരുടെ എണ്ണം കാണിക്കും. തുടർന്ന് Post-1 (ഗ്രാമ പഞ്ചായത്തിലേക്ക്) വോട്ട് ചെയ്തവരുടെ എണ്ണം കാണിക്കും. തുടർന്ന് പോൾ ചെയ്ത വോട്ടുകളുടെ എണ്ണം കാണിക്കും. ആകെ വോട്ടർമാരുടെ എണ്ണവും ഓരോ പോസ്റ്റിലേക്കും വോട്ട് ചെയ്തവരുടെ എണ്ണവും വ്യത്യസ്തമാകാം. കാരണം ഒരു വോട്ടർ ത്രിതല പഞ്ചായത്തിലെ മൂന്ന് പോസ്റ്റിലേക്കും വോട്ട് ചെയ്യണമെന്നില്ല. ഒന്നോ രണ്ടോ പോസ്റ്റിലേക്ക് മാത്രം വോട്ട് മാത്രം രേഖപ്പെടുത്തി എന്റ്(end) ബട്ടൺ അമർത്തി പോകാം. തുടർന്ന് ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയ വോട്ടുകൾ ബാലറ്റിൽ പേര് ചേർത്തിരുന്ന ക്രമമനുസരിച്ച് ഡിസ്പ്ലേ ചെയ്യും. പിന്നീട് യഥാക്രമം പോസ്റ്റ്-2- ബ്ലോക്ക് പഞ്ചായത്ത് വോട്ടുകളും പോസ്റ്റ്-3 ജില്ലാ പഞ്ചായത്തുകളിലെ വോട്ടുകളും ഡിസ്പ്ലേ ചെയ്യും. എല്ലാ പോസ്റ്റുകളുടെയും വോട്ടുകൾ ഡിസ്പ്ലേ ചെയ്തുകഴിഞ്ഞാൽ ഡിസ്പ്ലേ ഭാഗത്ത് എന്റ്(end) മെസ്സേജ് വരും. വോട്ടുകളുടെ എണ്ണം ഡിസ്പ്ലേ സമയത്ത് എഴുതിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും ഡിസ്പ്ലേ ചെയ്ത് കാണിക്കാൻ ആവശ്യപ്പെടാം. വോട്ടെണ്ണൽ പൂർത്തിയായിക്കഴിഞ്ഞാൽ വോട്ടിംഗ് മെഷീനിലെ ബാറ്ററി കമ്പാർട്ട്മെന്റ് തുറന്ന് ബാറ്ററി റിമൂവ് ചെയ്യും. അതിനുശേഷം ഡിഎംഎം ഇളക്കി എടുത്തു സൂക്ഷിക്കും. പിന്നീട് വോട്ടിങ് മെഷീൻ സീൽ ചെയ്ത് മാറ്റും. വാർഡിലെ എല്ലാ വോട്ടിംഗ് മെഷീനുകളിലേയും വോട്ടെണ്ണൽ കഴിഞ്ഞശേഷം അന്തിമ ഫലം തയ്യാറാക്കും. റിസൾട്ട് ഷീറ്റ് ഏജന്റ്മാർ ഒപ്പിട്ട് നൽകണം. വിജയിച്ച സ്ഥാനാർത്ഥിക്ക് ഉടൻതന്നെ റിട്ടേണിംഗ് ഓഫീസർ തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് നൽകും. content highlights:Kerala Local Body Election 2020 Counting procedure
from mathrubhumi.latestnews.rssfeed https://ift.tt/34exz9G
via
IFTTT
No comments:
Post a Comment