വെല്ലിങ്ടൺ: ഉരുളക്കിഴങ്ങ് എന്ന് കേൾക്കുമ്പോൾ, പച്ചക്കറിക്കടയിലെ കുട്ടയിൽ അൽപം മണ്ണും പൊടിയുമൊക്കെ പറ്റിക്കിടക്കുന്ന പാവത്താനാണ് മനസ്സിൽ വരിക. എന്നാൽ ഭീമാകാരനും സമീപഭാവിയിൽ ഗിന്നസ് ബുക്കിൽ പേര് വരാൻ സാധ്യതയുള്ളതുമായ ഒരു ഉരുളക്കിഴങ്ങിനെ കുറിച്ചുള്ള വാർത്തയാണ് ന്യൂസീലൻഡിലെ ഹാമിൽട്ടണിൽനിന്ന് വരുന്നത്. പറഞ്ഞതുപോലെ തന്നെ ഭീമാകാരനാണ് കക്ഷി. ഭാരം 7.8 കിലോഗ്രാം. കോളിൻ-ഡോണ ക്രെയ്ഗ് ബ്രൗൺ ദമ്പതികൾക്കാണ് അവരുടെ തോട്ടത്തിൽനിന്ന് ഓഗസ്റ്റ് 30-ന് ഈ ഭീമാകാരൻ ഉരുളക്കിഴങ്ങിനെ ലഭിച്ചത്. ഇരുവരും ചേർന്ന് കൃഷിത്തോട്ടത്തിലെ കളകൾ നീക്കം ചെയ്യുകയായിരുന്നു. അപ്പോഴാണ് കോളിന്റെ തൂമ്പ മണ്ണിനടിയിലുള്ള എന്തോ ഒന്നിൽ തടഞ്ഞത്. തുടർന്ന് അത് എന്താണെന്ന് അറിയാൻ ഇരുവരും ചേർന്ന് കുഴിച്ചുനോക്കി. കിട്ടിയ സാധനം എന്താണെന്ന് ആദ്യം മനസ്സിലായില്ലെങ്കിലും കോളിൻ അതിന്റെ ഒരു ഭാഗം എടുത്ത് രുചിച്ചു നോക്കി. അപ്പോഴാണ് അത് ഉരുളക്കിഴങ്ങാണെന്ന് മനസ്സിലാകുന്നത്. ഞങ്ങൾക്ക് വിശ്വസിക്കാനേ സാധിച്ചില്ല- കുഴിച്ചെടുത്തത് വമ്പൻ ഉരുളക്കിഴങ്ങ് ആണെന്ന് തിരിച്ചറിഞ്ഞപ്പോഴുള്ള ഡോണയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. Photo:AP ആദ്യം സ്വന്തം വീട്ടിൽവെച്ചാണ് കോളിനും ഡോണയും ചേർന്ന് ഉരുളക്കിഴങ്ങിന്റെ ഭാരം നോക്കിയത്. അപ്പോൾ 7.9 കിലോ ഗ്രാം എന്നാണ് കണ്ടത്. എന്നാൽ കൃത്യമായ ഭാരം നിശ്ചയിക്കാൻ സമീപത്തെ മറ്റൊരു കടയിൽ കൊണ്ടു പോയി തൂക്കി നോക്കിയപ്പോൾ 7.8 കിലോഗ്രാം എന്ന് വ്യക്തമായി. എന്തായാലും ഹാമിൽട്ടണിലും പരിസര പ്രദേശത്തും ഈ ഉരുളക്കിഴങ്ങ് ഒരു സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞു. ഉരുളക്കിഴങ്ങിന് കോളിനും ഡോണയും പേരും നൽകിയിട്ടുണ്ട്. ഡൗഗ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഭീമൻ ഉരുളക്കിഴങ്ങിനെ കിട്ടിയതിന് പിന്നാലെ അതിനെ അപ്പുറത്തേക്കും ഇപ്പുറത്തേക്കുമൊക്കെ നീക്കാനായി കോളിൻ ഒരു ചെറുവണ്ടിയും നിർമിച്ചിട്ടുണ്ട്. കോളിൻ ഉരുളക്കിഴങ്ങുമായിPhoto:AP നിലവിൽ ഏറ്റവും ഭാരമുള്ള ഉരുളക്കിഴങ്ങിനുള്ള റെക്കോഡ് ബ്രിട്ടനിൽനിന്നുള്ളതിന്റെ പേരിലാണ്. 2011-ലാണ് ഇതിന്റെ എൻട്രി വരുന്നത്. അഞ്ചുകിലോയിൽ താഴെയാണ് ഇതിന്റെ ഭാരം. ഡൗഗിനു വേണ്ടി ഗിന്നസ് ബുക്കിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും എന്നാൽ അധികൃതരിൽനിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും ഡോണയും കോളിനും പറയുന്നു. അതേസമയം ഡൗഗിന്റെ പരിപാലനം കോളിനും ഡോണയ്ക്കും അൽപം വെല്ലുവിളിയാണ്. പുറത്തെടുത്തതിന് പിന്നാലെ ഉരുളക്കിഴങ്ങിൽനിന്ന് ജലാംശം നഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഭാരം കുറഞ്ഞുതുടങ്ങുകയും ചെറുകുമിളുകൾ വളർന്നുതുടങ്ങുകയും ചെയ്തിട്ടുണ്ട്. ചെറിയ തോതിൽ മണവും വന്നു തുടങ്ങിക്കഴിഞ്ഞു. അതിനാൽ പരമാവധി വൃത്തിയാക്കിയ ശേഷം ഡൗഗിനെ കോളിൻ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡൗഗിനെ ഉരുളക്കിഴങ്ങ് വോഡ്കയാക്കി മാറ്റാനുള്ള നീക്കത്തിലാണ് കോളിൻ. content highlights:new Zealand couple unearths potato weighing 7.8 kg from their garden
from mathrubhumi.latestnews.rssfeed https://ift.tt/3wgCGD0
via
IFTTT
No comments:
Post a Comment