ബെംഗളൂരു: രണ്ടുമാസമായി ശമ്പളം ലഭിച്ചില്ലെന്നും അമിതമായി ജോലിചെയ്യിക്കുന്നുവെന്നും ആരോപിച്ച്, ഐഫോണുകൾ നിർമിക്കുന്ന കോലാറിലെ വിസ്‌ട്രോൺ കമ്പനി തൊഴിലാളികൾ അടിച്ചുതകർത്തു. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് 1000-ത്തോളം തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കമ്പനിക്കുമുമ്പിൽ നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. പ്രധാന കവാടത്തിനുസമീപത്തെ ഗ്ലാസുകളും ഉന്നതോദ്യോഗസ്ഥരുടെ കാബിനുകളും അടിച്ചുതകർത്തു. പോലീസെത്തി ഏറെനേരം ശ്രമിച്ചിട്ടും തൊഴിലാളികളെ അനുനയിപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പോലീസ് പ്രതിഷേധക്കാർക്കുനേരെ ലാത്തിവീശി. 80-ഓളം തൊഴിലാളികളെ അറസ്റ്റുചെയ്തതായി കോലാർ എസ്.പി. കാർത്തിക് റെഡ്ഡി അറിയിച്ചു. രാവിലെ ജീവനക്കാർ ഷിഫ്റ്റ് മാറുന്നതിനിടെയാണ് പ്രതിഷേധമുയർന്നത്. ജീവനക്കാർ കമ്പനിക്കെതിരേ ഒത്തുചേരുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. എന്നാൽ, സംഭവത്തിൽ കമ്പനി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. തായ്‌വാൻ ആസ്ഥാനമായ കമ്പനിയാണ് വിസ്‌ട്രോൺ.ആറുമാസത്തോളമായി കടുത്ത ചൂഷണമാണ് കമ്പനിയിൽ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. 6,000 തൊഴിലാളികളുള്ള കമ്പനിയിൽ ഭൂരിഭാഗംപേരും കരാർ വ്യവസ്ഥയിൽ ജോലിചെയ്യുന്നവരാണ്. കരാറനുസരിച്ച് 16,000 രൂപയാണ് ശമ്പളമെങ്കിലും മാസങ്ങളായി ഇവർക്ക് ലഭിച്ചുവന്നിരുന്നത് 12,000 രൂപയാണ്. രണ്ടുമാസമായി പലർക്കും ശമ്പളം ലഭിച്ചിട്ടുമില്ല. എട്ടുമണിക്കൂറാണ് പ്രവൃത്തിസമയമെങ്കിലും ജീവനക്കാരെ 12 മണിക്കൂർവരെ ജോലിചെയ്യാൻ നിർബന്ധിക്കുന്നതായും ആരോപണമുണ്ട്. അധികം ജോലിചെയ്ത സമയം രജിസ്റ്ററിൽ രേഖപ്പെടുത്താറില്ല. തൊഴിലാളിസംഘടനകൾക്ക് കാര്യമായ സ്വാധീനം ജീവനക്കാർക്കിടയിലില്ല. വലിയതോതിലുള്ള ചൂഷണങ്ങൾ നടക്കുന്നുണ്ടെന്ന് തൊഴിലാളികൾ വിവിധ സംഘടനകളെ അറിയിച്ചിരുന്നുവെങ്കിലും നേരിട്ട് പ്രതിഷേധിക്കാൻ ഇവർ തയ്യാറായിരുന്നില്ല. ശനിയാഴ്ച രാവിലെ അപ്രതീക്ഷിതമായാണ് പ്രതിഷേധമുണ്ടായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് കോലാർ പോലീസ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/37eyEzS
via
IFTTT
No comments:
Post a Comment