ന്യൂഡൽഹി: പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലെ സമരകേന്ദ്രത്തിലേക്ക്. ശനിയാഴ്ച ആഗ്ര-ഡൽഹി എക്സ്പ്രസ് പാതയും ജയ്പുർ-ഡൽഹി ദേശീയപാതയും സ്തംഭിപ്പിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചിരിക്കയാണ്.എഴുനൂറോളം ട്രാക്ടറുകളിലും മറ്റു വാഹനങ്ങളിലുമായി അരലക്ഷത്തോളം കർഷകർ ഡൽഹിയിലെ കുണ്ട്‌ലി അതിർത്തിയിലേക്ക് പുറപ്പെട്ടതായി കർഷകനേതാവ് എസ്.എസ്. പാന്തർ അറിയിച്ചു. മൂന്നു ലക്ഷത്തിലേറെ കർഷകർ തമ്പടിച്ചിട്ടുള്ള സിംഘു അതിർത്തിയിൽ വെള്ളിയാഴ്ച ഹരിയാണയിൽനിന്നുള്ള കൂടുതൽപേരെത്തി.കാർഷികനിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം 26 വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ചാരുണി) ആവശ്യപ്പെട്ടു. നിയമഭേദഗതിക്കുള്ള കേന്ദ്രസർക്കാരിന്റെ വാഗ്ദാനം കർഷകസംഘടനകൾ തള്ളിയതായി ബി.കെ.യു. പ്രസിഡന്റ് ഗുർണാം സിങ് ചാരുണി പറഞ്ഞു.ശനിയാഴ്ച പ്രധാനപാതകൾ ഉപരോധിക്കുന്നതിനൊപ്പം രാജ്യത്തെ ടോൾ പ്ലാസകൾ നികുതിപിരിക്കാൻ അനുവദിക്കാതെ തുറന്നുകൊടുക്കും. ഈ പ്രക്ഷോഭങ്ങൾക്ക് 10 പ്രതിപക്ഷ തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. റിലയൻസിന്റെയും അദാനിയുടെയും ഉത്‌പന്നങ്ങൾ കർഷകർ ബഹിഷ്കരിക്കാൻ തുടങ്ങി. കർഷകപ്രക്ഷോഭത്തെ പിന്തുണച്ച് ഉത്തർപ്രദേശിൽ തിങ്കളാഴ്ച പ്രതിഷേധിക്കാൻ സമാജ്‌വാദി പാർട്ടിയും തീരുമാനിച്ചു. തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാകേന്ദ്രങ്ങൾ ഉപരോധിക്കാനും ബി.ജെ.പി. ഓഫീസുകൾക്കുമുന്നിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും കർഷകസംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3nc4weg
via
IFTTT
No comments:
Post a Comment