കൊൽക്കത്ത: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാളിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ അമിത് ഷായുടെ സന്ദർശനം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. മുൻമന്ത്രി ശുഭേന്ദു അധികാരിയടക്കം എംപിമാരും എംഎൽഎമാരുമടങ്ങുന്ന തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള നേതൃപട തന്നെ അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് തൃണമൂൽ എംഎൽഎമാർ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പാർട്ടി വിട്ടിരുന്നു. ചില എംപിമാരും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്ന് മിദ്നാപുറിൽ നടക്കുന്ന അമിത് ഷായുടെ റാലിക്കിടെയാകും നേതാക്കൾ ബിജെപിയിൽ ചേരുക.സിപിഎം എംഎൽഎ തപ്സി മൊണ്ഡലും ഇന്ന് ബിജെപിയിൽ ചേരും. ശനിയാഴ്ച അമിത് ഷാ പങ്കെടുക്കുന്ന റാലിയിൽവെച്ച് അംഗത്വമെടുക്കുമെന്ന് അവർ അറിയിച്ചിരുന്നു.സി.പി.എം. തപ്സിയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതിനിടെ തൃണമൂൽ വിട്ടുവരുന്ന നേതാക്കളെ പാർട്ടിയിൽ എടുക്കുന്നതിനെച്ചൊല്ലി ബി.ജെ.പി.യിൽ കലാപക്കൊടി ഉയർന്നിട്ടുണ്ട്. അസൻസോളിലെ പ്രമുഖ നേതാവായ ജിതേന്ദ്ര തിവാരിയെയും ബിഷ്ണുപുരിലെ പ്രമുഖ നേതാവും മുൻമന്ത്രിയുമായ ശ്യാമപ്രസാദ് മുഖർജിയെയും പാർട്ടിയിലെടുക്കുന്നതിനെതിരേയാണ് പ്രദേശത്തെ ബി.ജെ.പി. നേതാക്കൾ രംഗത്തെത്തിയത്. ശുഭേന്ദുവിന്റെ അടുത്ത അനുയായിയും മുൻമന്ത്രിയുമാണ് ശ്യാമപ്രസാദ് മുഖർജി. ജിതേന്ദ്ര തിവാരിയെ ബി.ജെ.പി.യിൽ ചേർക്കരുതെന്ന് കേന്ദ്രസഹമന്ത്രിയും അസൻസോൾ എം.പി.യുമായ ബാബുൽ സുപ്രിയോ ആവശ്യപ്പെട്ടു. അസൻസോളിലെ സാധാരണ ബി.ജെ.പി. പ്രവർത്തകരെ മർദിച്ചൊതുക്കുന്നതിൽമമതാ ബാനർജിയുടെ നിർദേശപ്രകാരം മുന്നിൽനിന്നയാളാണ് തിവാരിയെന്ന് ബാബുൽ വീഡിയോ സന്ദേശത്തിൽ കുറ്റപ്പെടുത്തി. കേന്ദ്രനേതൃത്വവുമായി വിഷയം ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജിതേന്ദ്രയുമായി താൻ രഹസ്യധാരണയുണ്ടാക്കിയെന്ന പ്രചാരണം തെറ്റാണെന്നും പ്രവർത്തകരെ മറന്ന് ഒരു ധാരണയുമുണ്ടാക്കില്ലെന്നും ബാബുൽ വ്യക്തമാക്കി. ജിതേന്ദ്ര തിവാരിക്കെതിരേ പ്രമുഖ ഫാഷൻ ഡിസൈനറും മഹിളാമോർച്ചാ നേതാവുമായ അഗ്നിമിത്ര പോളും രംഗത്തെത്തി. അസൻസോളിൽ വെറുക്കപ്പെട്ടവനാണ് തിവാരിയെന്ന് അവർ കുറ്റപ്പെടുത്തി. എന്നാൽ, ശുഭേന്ദു അധികാരിയെ പാർട്ടിയിലേക്ക് സ്വാഗതംചെയ്യുന്നുവെന്നും അഗ്നിമിത്ര പറഞ്ഞു. തൃണമൂൽവിട്ട മുൻമന്ത്രി ശ്യാമപ്രസാദ് മുഖർജിയെ പാർട്ടിയിലെടുക്കരുതെന്ന ആവശ്യവുമായി ബിഷ്ണുപുരിലെ ബി.ജെ.പി. പ്രവർത്തകർ പ്രകടനം നടത്തി. തരംപോലെ പാർട്ടിമാറുന്നയാളാണ് ശ്യാമപ്രസാദ്. ക്ഷേത്രഭൂമി അന്യായമായി വിറ്റതടക്കം പല തട്ടിപ്പുകളും നടത്തിയയാൾ. വാഗ്ദാനംചെയ്ത് യുവാക്കളിൽനിന്ന് പണംപിരിച്ചിട്ടുണ്ട്. ഇത്തരക്കാരെ പാർട്ടിയിലെടുക്കാൻ പാടില്ല -ബി.ജെ.പി. ബിഷ്ണുപുർ ജില്ലാ സെക്രട്ടറി ഹർകാളി പ്രതിഹാർ പ്രതികരിച്ചു. Content Highlights:Amit Shah Arrives In Bengal For Two-Day Visit
from mathrubhumi.latestnews.rssfeed https://ift.tt/2KIC6tN
via
IFTTT
No comments:
Post a Comment